കേരള ചിക്കന്‍ പദ്ധതി: കര്‍ഷകര്‍ പ്രതിസന്ധിയിൽ
text_fieldsകല്‍പറ്റ: സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ പ്രഖ്യാപിച്ച കേരള ചിക്കന്‍ പദ്ധതിയിൽ അംഗങ്ങളായ കർഷകർ പ്രതിസന്ധിയിൽ. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ കോഴി വളര്‍ത്തലിൽ ഏർപ്പെട്ട പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കര്‍ഷകരാണ് തുക ലഭിക്കാതെ ബുദ്ധിമുട്ടിലായത്. വിത്തുധനം, പരിപാലനച്ചെലവ് ഇനങ്ങളില്‍ മൂന്നരക്കോടിയിലധികം രൂപയാണ് ബ്രഹ്മഗിരി സൊസൈറ്റി നല്‍കാനുള്ളതെന്ന് കര്‍ഷകര്‍ പറയുന്നു.
കഴിഞ്ഞ ജനുവരി 23ന് സമരം ചെയ്തപ്പോള്‍ മാര്‍ച്ച് അവസാനത്തോടെ എല്ലാവര്‍ക്കും തുക ലഭ്യമാക്കുമെന്നാണ് സൊസൈറ്റി അധികൃതര്‍ അറിയിച്ചത്. എന്നാല്‍, ഏപ്രില്‍ അവസാനിക്കാറായിട്ടും ഒരാള്‍ക്കുപോലും ലഭിച്ചില്ല. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും വായ്പവാങ്ങി വിത്തുധനം നല്‍കുകയും പരിപാലനച്ചെലവ് വഹിക്കുകയും ചെയ്ത കര്‍ഷകര്‍ കടക്കെണിയിലാണ്. തുക നല്‍കുന്നതില്‍ സൊസൈറ്റി ഇനിയും വീഴ്ച വരുത്തിയാല്‍ കുടുംബാംഗങ്ങളെയടക്കം പങ്കെടുപ്പിച്ച് ശക്തമായ സമരത്തിന് കര്‍ഷകര്‍ നിര്‍ബന്ധിതരാകുമെന്ന് കേരള ചിക്കന്‍ കര്‍ഷക ഫെഡറേഷന്‍ ഭാരവാഹികളായ പി.എ. മുസ്തഫ (വയനാട്), ടോമി മൈക്കിള്‍(കണ്ണൂര്‍), കെ.പി. സത്യന്‍ (പാലക്കാട്), പി.സി. മനോജന്‍ (വയനാട്) എന്നിവര്‍ കൽപറ്റയിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്ത് ഉപഭോഗത്തിന് ആവശ്യമായ കോഴിമാംസം ഇവിടെതന്നെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ 30ന് മുഖ്യമന്ത്രി മലപ്പുറത്ത് ഉദ്ഘാടനം ചെയ്തതാണ് കേരള ചിക്കന്‍ പദ്ധതി. ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി, കേരള പൗള്‍ട്രി മിഷന്‍, കെപ്‌കോ, കുടുംബശ്രീ എന്നിവയെയാണ് പദ്ധതി നിര്‍വഹണത്തിന് ചുമതലപ്പെടുത്തിയത്. അംഗങ്ങളാകുന്ന കര്‍ഷകര്‍ക്ക് കോഴിക്കുഞ്ഞ്, തീറ്റ, മരുന്ന് എന്നിവ ബ്രഹ്മഗിരി നല്‍കുകയും 40 ദിവസം വളര്‍ച്ചയെത്തുന്ന മുറക്ക് കോഴികളെ തിരികെ വാങ്ങി പരിപാലനച്ചെലവായി കിലോഗ്രാമിന് എട്ടുമുതല്‍ 11 വരെ രൂപ ലഭ്യമാക്കുകയും ചെയ്യുന്ന വിധത്തിലായിരുന്നു പദ്ധതി.
കോഴിക്കുഞ്ഞുങ്ങളെ വളര്‍ത്താനുള്ള ഷെഡ്, വൈദ്യുതി, വെള്ളം മുതലായവ കര്‍ഷകരുടെ ഉത്തരവാദിത്തമാണ്. കോഴിക്കുഞ്ഞ് ഒന്നിന് 130 രൂപയാണ് വിത്തുധനമായി ബ്രഹ്മഗിരി സൊസൈറ്റി കര്‍ഷകരില്‍നിന്നു വാങ്ങിയത്. ഏജന്‍സികളില്‍ ബ്രഹ്മഗിരി സൊസൈറ്റി മാത്രമാണ് കര്‍ഷകരില്‍നിന്ന് വിത്തുധനം വാങ്ങിയത്. പദ്ധതിയില്‍നിന്ന് പിന്മാറുന്നപക്ഷം ഒരുമാസത്തിനകം തിരികെ ലഭ്യമാക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ വിരിയിക്കുന്ന കോഴിക്കുഞ്ഞുങ്ങളെയാണ് സൊസൈറ്റി കര്‍ഷകർക്ക് എത്തിച്ചിരുന്നത്. കുറച്ചുകാലം നല്ല നിലയിലായിരുന്ന പദ്ധതി പിന്നീട് താളം തെറ്റി. കോഴിക്കുഞ്ഞും തീറ്റയും മരുന്നും മറ്റും കര്‍ഷകര്‍ക്ക് യഥാസമയം കിട്ടാതായി. പരിപാലനച്ചെലവ് സമയബന്ധിതമായി നല്‍കുന്നതില്‍ വീഴ്ചയുണ്ടായി.
ലക്ഷക്കണക്കിന് രൂപ ബാങ്ക് വായ്പയെടുത്തും മറ്റും ഫാം തുടങ്ങിയ കർഷകർ ആത്മഹത്യയുടെ വക്കിലാണ്. സമയബന്ധിതമായി സർക്കാർ സബ്സിഡി നൽകാത്തതിനാലും തകർച്ചയും അതിനെല്ലാമുപരിയായി സൊസൈറ്റിയുടെ കൊടുകാര്യസ്ഥതയുമാണ് പദ്ധതി പ്രതിസന്ധിയിലാക്കിയതെന്നാണ് ആരോപണം. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാക്കിയാല്‍ മാത്രമെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയൂവെന്നാണ് കർഷകർ പറയുന്നത്. പദ്ധതിക്ക് സർക്കാർ പ്രഖ്യാപിച്ച ഫണ്ടുകൾ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ബ്രഹ്മഗിരി സൊസൈറ്റി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.