കേരള ചിക്കന്‍ പദ്ധതി കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിപ്പിക്കും -മന്ത്രി എം.വി. ഗോവിന്ദന്‍
text_fieldsതിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതി ആലപ്പുഴ, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍. നിലവില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്‍റെയും കെപ്‌കോയുടേയും സഹകരണത്തോടെ നടപ്പിലാക്കുന്ന കേരള ചിക്കന്‍ വന്‍ ഹിറ്റായി മാറിയതോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ തങ്ങളുടെ പ്രദേശങ്ങളിലും കേരള ചിക്കന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കാണാനായി, കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന പദ്ധതിയിലൂടെ സംശുദ്ധമായ കോഴിയിറച്ചിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്ത് തന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യുന്നതിനായാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരള ചിക്കന്‍ പദ്ധതിയുടെ നടത്തിപ്പിനായി, ഉത്പാദനം മുതല്‍ വിപണനം വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുവാന്‍, കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രൂപീകരിച്ചിട്ടുണ്ട്. കോണ്‍ട്രാക്ട് ഫാര്‍മിംഗിലൂടെ ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്ക് നല്‍കി, ഇറച്ചിക്കോഴികളാവുമ്പോള്‍ കമ്പനി തിരികെയെടുത്ത് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകള്‍ വഴി വിപണനം നടത്തുകയാണ് ചെയ്യുന്നത്. കോഴി കര്‍ഷകര്‍ക്ക് വളര്‍ത്തുകൂലി നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
കേരള ചിക്കന്‍ പദ്ധതിയിലൂടെ 248 കോഴികര്‍ഷകര്‍ക്ക് ഫാം മാനേജ്മന്‍റ് ട്രെയിനിങ് നല്‍കി. 248 ബ്രോയ്‌ലര്‍ ഫാമുകളും, 87 കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളും നിലവിലുണ്ട്. കോവിഡ് കാലത്ത് കുടുംബശ്രീ അംഗങ്ങളായ കോഴി കര്‍ഷകര്‍ക്കും, ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്‍ക്കും ആറ് കോടി രൂപയുടെ വരുമാനം ലഭ്യമാക്കുവാന്‍ പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി കോഴി കര്‍ഷകര്‍ക്ക് 4.34 കോടി രൂപയും ഔട്ട്‌ലെറ്റ് ഗുണഭോക്താക്കള്‍ക്ക് 4.5 കോടി രൂപയും നല്‍കാന്‍ കുടുംബശ്രീക്ക് സാധിച്ചു, 335 കുടുംബങ്ങള്‍ക്ക് ഇതിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കാനായെന്ന് മന്ത്രി പറഞ്ഞു.
കേരള ചിക്കന്‍ പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്‍റെ ആകെ വിറ്റ് വരവ് ഇതുവരെ 52 കോടി രൂപയാണ്. കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും കോഴി ഇറച്ചി വാങ്ങുന്ന ഒരു ഉപഭോക്താവിന് ഏത് ഫാമില്‍ ഉത്പാദിപ്പിച്ച കോഴിയാണതെന്നു മനസ്സിലാക്കുവാന്‍ കഴിയുന്ന മാര്‍ക്കറ്റിംഗ് ശൃംഖലയാണ് ഒരുക്കിയിട്ടുള്ളത്. മാര്‍ക്കറ്റ് വിലയേക്കാള്‍ വില കുറച്ച് ദിവസം ശരാശരി 17,200 കിലോ കോഴിയിറച്ചിയുടെ വിപണനം ഔട്ട്‌ലെറ്റുകള്‍ വഴി നടക്കുന്നുണ്ട്. തിരുവനന്തപുരം കഠിനംകുളത്ത് അത്യാധുനിക സൗകര്യങ്ങളുള്ള മാംസ സംസ്‌കരണ ശാല ഉടന്‍ തന്ന ആരംഭിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.