കോപ്ടർ ദുരന്തം: എ. പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
text_fieldsതിരുവനന്തപുരം: കുനൂരിന് സമീപമുണ്ടായ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്‍റ് ഓഫീസറായ എ. പ്രദീപിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചനം രേഖപ്പെടുത്തിയത്.
2018ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്‍റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഒാർമ്മിച്ചു. പ്രദീപിന്‍റെ വിയോഗം രാജ്യത്തിന്‍റെ നഷ്ടമാണെന്നും കുടുബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ എഫ്.ബി പോസ്റ്റിന്‍റെ പൂർണ രൂപം:
സൈനിക ഹെലികോപ്‌റ്റർ അപകടത്തിൽ ജീവൻ നഷ്ടമായ മലയാളി വ്യോമസേന വാറന്‍റ് ഓഫീസർ എ. പ്രദീപിന്‍റെ വിയോഗം നമ്മളെയാകെ ദുഃഖത്തിലാഴ്ത്തുന്നു. 2018ൽ കേരളം പ്രളയത്തെ നേരിടേണ്ടി വന്നപ്പോൾ നാടിന്‍റെ രക്ഷയ്ക്കായി സധൈര്യം പ്രയത്നിച്ച സൈനികനായിരുന്നു പ്രദീപ്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളുടേയും പ്രിയപ്പെട്ടവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു. പ്രദീപിനു ആദരാഞ്ജലികൾ.
പ്രതിപക്ഷ നേതാവിന്‍റെ എഫ്.ബി പോസ്റ്റിന്‍റെ പൂർണ രൂപം:
സംസ്ഥാനം വിറങ്ങലിച്ചു നിന്ന പ്രളയ കാലത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു എ. പ്രദീപ് എന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ. സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടർ അപകടം പ്രദീപിന്‍റെയും ജീവൻ കവർന്നു. പ്രദീപിന്‍റെ വിയോഗം രാജ്യത്തിന്‍റെ നഷ്ടമാണ്. കുടുബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്ക് ചേരുന്നു. പ്രണാമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.