എയർലൈനുകളുടെ ദക്ഷിണേന്ത്യയിലെ ഹബായി സിയാൽ മാറുമെന്ന് മുഖ്യമന്ത്രി; ‘0484’ എയ്‌റോ ലോഞ്ച് തുറന്നു
text_fieldsനെടുമ്പാശ്ശേരി: ചെറുനഗരങ്ങളിലേക്ക് സർവിസ് നടത്താൻ സഹകരണം ആരാഞ്ഞ് സമീപിച്ച എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും ആവശ്യമുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ ‘0484’ എയ്‌റോ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
550 കോടി രൂപയോളം ചെലവിട്ട് നടത്തുന്ന രാജ്യാന്തര ടെർമിനൽ വികസനം മൂന്ന് വർഷത്തിനകം പൂർത്തിയാക്കാനാകുമെന്നും 160 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന കമേഴ്സ്യൽ സോൺ വികസനത്തിന് തുടക്കമായെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ മുഖ്യനിക്ഷേപം നടത്തിയ സിയാലിന്റെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒന്നും ഇല്ല. രാജ്യത്തെ ഏറ്റവും കുറഞ്ഞ ഡെവലപ്മെന്റ് ഫീസും പാർക്കിങ്, ലാൻഡിങ് ഫീസുമാണ് സിയാലിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു കൊണ്ട് യാത്രക്കാരുടെ ക്ഷേമത്തിനായി ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സിയാലിൽ ആസൂത്രണം ചെയ്തു വരികയാണ് മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ, സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളും സിയാലിന്റെ പ്രഫഷണൽ മികവ് ഉപയോഗപ്പെടുത്തുന്നുണ്ട്. പശ്ചിമതീര ജലപാതയുടെ പുനരുദ്ധാരണമാണ് അവയിൽ പ്രധാനം. ഏറെ ശ്രമകരവും സങ്കീർണവുമായ ഈ പദ്ധതിയിൽ കാര്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ, കനാൽ വികസനത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം മുതൽ വർക്കല വരെയുള്ള ഭാഗത്ത് 516 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. സർക്കാരിന്റെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സമൂഹത്തിൽ ക്രിയാത്മകമായി ഇടപെടാൻ കഴിയുമെന്നാണ് ഇതെല്ലാം കാണിക്കുന്നത് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വിമാനത്താവളത്തിലൂടെ ഇപ്പോൾ പ്രതിവർഷം ഒരു കോടിയിലേറെ പേർ യാത്ര ചെയ്യുന്നുണ്ട്. ഓരോ ആഴ്ചയും വിദേശത്തേക്ക് 670 ഉം ആഭ്യന്തര മേഖലയിൽ 795 ഉം സർവീസുകൾ ഇവിടെ നിന്ന് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്ത് എല്ലാ നഗരങ്ങളിലേക്കും കൊച്ചിയിൽ നിന്ന് വിമാന സർവീസുകളുണ്ട്. നിലവിൽ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ വിമാനത്താവളത്തിൽ, ഒരു ഹ്രസ്വമായ വിശ്രമകേന്ദ്രം വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യം മുൻനിർത്തിയാണ് സിയാൽ ഇപ്പോൾ 0484 എന്ന ഈ എയ്‌റോ ലോഞ്ച് നിർമിച്ചിട്ടുള്ളത്. യാത്രക്കാർക്കും സന്ദർശകർക്കും തങ്ങൾക്ക് ആവശ്യമുള്ള സമയത്തേക്ക് മാത്രമായി വിമാനത്താവളത്തിനുള്ളിൽ തങ്ങാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്. അരലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെ നിർമിച്ചിട്ടുള്ള ഈ എയ്‌റോ ലോഞ്ച്, യാത്രക്കാരോടുള്ള സിയാലിന്റെ പ്രതിബദ്ധതയുടെ ദൃഷ്ടാന്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ. രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. എം.പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ജെബി മേത്തർ, എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, സിയാൽ ഡയറക്ടർമാരായ എം.എ. യൂസുഫലി, ഇ.കെ. ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി. ജോർജ്, ഇ.എം. ബാബു, ഡോ. പി. മുഹമ്മദലി, സിയാൽ എം.ഡി എസ്. സുഹാസ്, കമ്പനി സെക്രട്ടറി സജി ജോർജ്, മാത്യു തോമസ്, എ.വി. സുനിൽ, വി.എം. ഷംസുദ്ദീൻ, വിജി ബിജു, ശോഭ ഭരതൻ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.