ഓംചേരി എൻ.എൻ. പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
text_fieldsതിരുവനന്തപുരം: ഓംചേരി എൻ.എൻ. പിള്ളയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കേരളത്തിൽ നിന്ന് ദീർഘകാലം വിട്ടുനിന്നിട്ടും ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സമാനതകളില്ലാത്ത സാംസ്‌കാരിക നായകനായിരുന്നു ഓംചേരിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയതലത്തിൽ മലയാളത്തിന്റെ സാംസ്‌കാരിക ചൈതന്യം പ്രസരിപ്പിച്ചിരുന്ന വ്യക്തിത്വമായിരുന്നു ഓംചേരിയുടേത്.
കേരളത്തിലെ പ്രതിഭാധനരായ നാടകകൃത്തുക്കളുടെ ഒന്നാം നിരയിൽ സ്ഥാനമുള്ള വ്യക്തിയായിരുന്നു ഓംചേരി. നമ്മുടെ നാടക ഭാവുകത്വതത്തെ നവീകരിക്കുകയും പരിഷ്‌ക്കരിക്കുകയും ചെയ്യുന്നതിൽ അദ്ദേഹം ചരിത്രപരമായ പങ്കാണു വഹിച്ചത്. മാസ് കമ്യൂണിക്കേഷൻ എന്ന വിഷയത്തിൽ ഇംഗ്ലണ്ടിൽ പോയി പഠിച്ച് ഉന്നത ബിരുദം നേടി ഇന്ത്യയിൽ തിരിച്ചുവന്ന വ്യക്തിയായിരുന്നു. നൂറാം വയസ്സിലും ഉണർന്നിരിക്കുന്ന ധിഷണയോടെ മാസ് കമ്യൂണിക്കേഷൻ രംഗത്തെ ആഗോളചലനങ്ങൾ മനസ്സിൽ ഒപ്പിയെടുക്കുകയും പുതിയ തലമുറയിൽപ്പെട്ടവർക്കു പകർന്നുകൊടുക്കുകയും ചെയ്തുവന്നിരുന്നു അദ്ദേഹം. ബഹുമുഖ വ്യക്തിത്വം എന്ന വിശേഷണം ഇതുപോലെ ചേരുന്ന മറ്റ് അനവധി വ്യക്തിത്വങ്ങളില്ല.
മലയാളികളുടെ ഡൽഹിയിലെ അംബാസഡറായിരുന്നു ഓംചേരി. കേരളത്തിന്റെ ഏതു നല്ല കാര്യത്തിനും അദ്ദേഹം കൂടെയുണ്ടായിരുന്നു. മലയാളം മിഷന്റെ കാര്യത്തിലായാലും ലോക കേരളസഭയുടെ കാര്യത്തിലായാലും പുതിയതും വിലപ്പെട്ടതുമായ ആശയങ്ങൾ പകർന്നുതന്നുകൊണ്ട് അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ഓംചേരിയുടെ കുടുംബത്തിന്റെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.