മുൻഗണന പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
text_fieldsതിരുവനന്തപുരം: കോവിഡ് കാരണം നഷ്ടപ്പെട്ട സമയവും വേഗവും തിരിച്ചുപിടിച്ച് സർക്കാറിെൻറ മുൻഗണന പദ്ധതികൾ സമയബന്ധിതമായി തീർക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഭൂമി ഏറ്റെടുക്കേണ്ടിടത്തെല്ലാം പുനരധിവാസത്തിന് മുഖ്യ പരിഗണന നൽകണം. മുൻഗണന പദ്ധതികളുടെ അവലോകനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.
കൊച്ചി മെട്രോയുടെ പേട്ടമുതൽ എസ്.എൻ ജങ്ഷൻ വരെയുള്ള ഭാഗം 2022 മാർച്ചിൽ പൂർത്തിയാക്കും. കലൂർമുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന് കേന്ദ്ര അംഗീകാരം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്തും. പൈതൃക സംരക്ഷണം കൂടി പരിഗണിച്ച് കൊച്ചി വാട്ടർ മെട്രോ പദ്ധതി ഊർജിതപ്പെടുത്തും. ആഗസ്റ്റിൽ നൂറുദിന പരിപാടിയുടെ ഭാഗമായി ഇതിെൻറ ആദ്യഭാഗം കമീഷൻ ചെയ്യും.
സെമി ഹൈസ്പീഡ് റെയിൽവേയുടെ അവസാന അലൈൻമെൻറ് വേഗം പൂർത്തീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനം വേഗത്തിലാക്കണം. മലയോര ഹൈവേയുമായി ബന്ധപ്പെട്ട് വനം വകുപ്പിെൻറ അനുമതി വേണ്ട സ്ഥലങ്ങൾ ബന്ധപ്പെട്ടവർ സന്ദർശിച്ച് രൂപരേഖയുണ്ടാക്കണം. മൂന്നുമാസത്തിനകം ഡി.പി.ആർ പൂർത്തിയാക്കണം.
പൂവാർമുതൽ മഞ്ചേശ്വരംവരെ തീരദേശപാത സംസ്ഥാനത്തിെൻറ ടൂറിസം മേഖലക്ക് വലിയ കുതിപ്പുണ്ടാക്കുന്ന പദ്ധതിയാണ്. രണ്ടുവർഷത്തിനകം പൂർത്തിയാകത്തക്കവിധം പ്രവർത്തനങ്ങൾ മുന്നോട്ടുനീക്കണം. ദേശീയ ജലപാതയുടെ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കണം. കൊച്ചി അർബൻ ഡെവലപ്മെൻറ് ആൻഡ് വാട്ടർ ട്രാൻസ്പോർട്ടിെൻറ ഭാഗമായി കനാൽ ശുചീകരണത്തിന് വേഗം കൂട്ടണം.
തിരുവനന്തപുരം ലൈറ്റ് മെട്രോയുടെ ഭാഗമായുള്ള മേൽപാല നിർമാണം, ലൈറ്റ് മെട്രോയുടെ കേന്ദ്രസർക്കാർ അംഗീകാരം തേടൽ മുതലായ കാര്യങ്ങൾ ത്വരിതപ്പെടുത്തണം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായ വയനാട് ടണൽ റോഡ് പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തി നടപടി വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ജില്ല കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.