ഗവർണർ ഉന്നയിച്ച വിഷയങ്ങളിൽ ഉചിത നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്ന വിഷയങ്ങളിൽ ആവശ്യമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ജ. പി. സദാശിവത്തെ അറിയിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന് പൊലീസിൽനിന്നുണ്ടായ ദുരനുഭവവും പൊലീസ് നടപടികളെ കുറിച്ച് പലരും നൽകിയ പരാതികളും ഗവർണർ മുഖ്യമന്ത്രിയെ ക്ഷണിച്ചുവരുത്തി ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഉച്ചക്ക് 12.30ന് ആരംഭിച്ച കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സര്ക്കാര് സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി വിശദീകരിച്ചു.
നിലക്കൽ, പമ്പ, സന്നിധാനത്തേക്കുള്ള പാത എന്നിവിടങ്ങളിലെ കുടിവെള്ളം, ശുചിമുറികൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവയുടെ അപര്യാപ്തത ചർച്ചചെയ്തു. പൊലീസ് നിയന്ത്രണങ്ങൾ ഭക്തർക്ക് ഉണ്ടാക്കുന്ന പ്രയാസങ്ങൾ, 144ാം വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ പിൻവലിക്കൽ എന്നിവയും ചർച്ചയായി. ഹൈകോടതി ശബരിമലയുമായി ബന്ധപ്പെട്ട് നൽകിയ നിർദേശങ്ങളും ഗവർണർ ഉന്നയിച്ചു. വിഷയങ്ങൾ പരിശോധിച്ച് വേഗത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശബരിമല കർമസമിതി ഭാരവാഹികൾ തുടങ്ങിയവരാണ് ഗവർണർക്ക് പരാതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.