അക്കിത്തത്തിെൻറ നിര്യാണത്തിൽ അനുശോചനപ്രവാഹം; ഉദാത്ത മനുഷ്യ സ്നേഹത്തിന്‍റെ മഹാകവിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഉദാത്തമായ മനുഷ്യസ്നേഹത്തിന്‍റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
നിരുപാധികമായ സ്നേഹം പ്രപഞ്ചത്തിന്‍റെ അടിസ്ഥാന ശക്തിയാവണമെന്ന് എന്നും ആഗ്രഹിക്കുകുയും ആ ആഗ്രഹം കവിതയിലേക്ക് പകര്‍ത്തുകയും ചെയ്ത കവിയായിരുന്നു അദ്ദേഹം. മലയാള കാവ്യചരിത്രത്തിലെ ഒരു കാലഘട്ടത്തിന്‍റെ പര്യായമായി അക്കിത്തം അടയാളപ്പെടുത്തപ്പെട്ടു. മലയാള കവിതയിലേക്ക് ആധുനികതയെ ആദ്യമായി കൊണ്ടുവന്നത് അക്കിത്തത്തിന്‍റെ 'ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസവും' 'ഇടിഞ്ഞുപൊളിഞ്ഞ ലോകവും' പോലുള്ള കവിതകളാണ്.
മറ്റുള്ളവര്‍ക്ക് ഒരു പുഞ്ചിരി നീട്ടുമ്പോള്‍ തന്‍റെ മനസ്സില്‍ പൂനിലാവ് വിരിയുകയാണെന്നും മറ്റുള്ളവര്‍ക്കായ് ഒരു കണ്ണീര്‍ക്കണം പൊഴിക്കുമ്പോള്‍ തന്‍റെ ആത്മാവില്‍ ആയിരം സൂര്യനുദിക്കുകയാണെന്നും കവി പാടി. അക്കിത്തത്തിന്‍റെ ജീവിത ദര്‍ശനം ഈ വരികളിലുണ്ട്.
'നിരത്തില്‍ കാക്ക കൊത്തുന്നു
ചത്ത പെണ്ണിന്‍റെ കണ്ണുകള്‍
മുല ചപ്പി വലിക്കുന്നു
നരവര്‍ഗ നവാതിഥി'
എന്നും മറ്റുമുള്ള വരികളിലൂടെ പൊള്ളിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളിലേക്ക് ആസ്വാദകരുടെ മനസ്സിനെ എത്തിച്ചത് അക്കിത്തമാണ്. ഇടിഞ്ഞുപൊളിഞ്ഞ ഒരു ലോകം അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചു. അതാകട്ടെ, വര്‍ണാഭമായ ലോകത്തെക്കുറിച്ച് മാത്രം കവികള്‍ എഴുതിക്കൊണ്ടിരുന്ന ഘട്ടത്തിലാണ്. ആ അര്‍ത്ഥത്തിലാണ് അക്കിത്തം ആധുനികതയുടെ പതാകവാഹകനാകുന്നത്. താന്‍ ജീവിച്ച കാലത്തെ അനീതികളോടുള്ള രോഷമാണ് 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന വരികളില്‍ പ്രകടമാകുന്നത്.
മലയാള ഭാഷയ്ക്കും സംസ്കാരത്തിനും വലിയ ഈടുവയ്പ്പായിക്കഴിഞ്ഞിട്ടുണ്ട് അക്കിത്തം കവിത. അദ്ദേഹത്തിന്‍റെ നിര്യാണം മലയാള സാഹിത്യത്തിനും സാംസ്കാരിക ലോകത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടം -മന്ത്രി എ.കെ ബാലൻ
അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ വിയോഗം മലയാള സാഹിത്യത്തിന് വിവരണാതീതമായ നഷ്ടമാണെന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ അനുശോചിച്ചു. മലയാള കവിതയിൽ ആധുനികതയുടെ വരവറിയിച്ച കവിയാണ് മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. അക്കിത്തത്തിന്‍റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
ആത്മാവിലെ ആയിരം സൗരമണ്ഡലങ്ങളെ ദർശിച്ച മഹാകവി ഇനിയില്ല -വി.ടി ബൽറാം
മറ്റുള്ളവർക്കായ് പൊഴിച്ച കണ്ണീർക്കണത്തിൽ ആത്മാവിലെ ആയിരം സൗരമണ്ഡലങ്ങളെ ദർശിച്ച മഹാകവി ഇനിയില്ല.
വെളിച്ചത്തിന്‍റെ ദുഃഖത്തിൽ നിന്ന് സുഖപ്രദമായ തമസിന്‍റെ നിത്യതയിലേക്ക് യാത്രയായ മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ.
വിശ്വമാനവികതയുടെ സ്നേഹ ദർശനം കവിതയിൽ ആവാഹിച്ച ഇതിഹാസം
വിശ്വമാനവികതയുടെ സ്നേഹ ദർശനം കവിതയിൽ ആവാഹിച്ച ഇതിഹാസമായിരുന്നു അക്കിത്തമെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ.
കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തിയ വ്യക്തിത്വം -കോടിയേരി
മാനവികതയുടെ പ്രകാശം കൊണ്ട് കവിതകളെഴുതിയ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അനുശോചിച്ചു. ആശയങ്ങളുടെ വൈപുല്യം കൊണ്ടും രചനകളുടെ വൈവിധ്യം കൊണ്ടും ആവിഷ്കരണത്തിലുള്ള ലാളിത്യം കൊണ്ടുമാണ് അക്കിത്തം മലയാള കവികളിൽ ഉന്നതശീർഷനായത്. നവോഥാന പ്രസ്ഥാനങ്ങളില്‍ സജീവമായി ഇടപെടുകയും ഉല്‍പതിഷ്ണു യുവത്വത്തിന്‍റെ ശബ്ദമാവാൻ പരിശ്രമിക്കുകയും കമ്യൂണിസ്റ്റ് സഹയാത്രികനായി വെളിച്ചം പരത്തുകയും ചെയ്ത വ്യക്തിത്വമായിരുന്നു അക്കിത്തം. മറ്റുള്ളവർക്കായി ഒരു കണ്ണീർക്കണം പൊഴിക്കവേ മനസ്സിൽ ആയിരം സൗരമണ്ഡലങ്ങൾ ഉദിക്കുന്നു എന്നും ഒരു പുഞ്ചിരി മറ്റുള്ളവർക്കായി ചെലവാക്കവേ ഹൃദയത്തിൽ നിത്യനിർമല പൗർണമി ഉണ്ടാവുന്നുവെന്നും എഴുതിയ അക്കിത്തത്തിന്‍റെ രചനകൾ മനുഷ്യത്വത്തിന്‍റെ കൊടിക്കൂറയാണ് ഉയർത്തിപ്പിടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.