സംസ്ഥാനത്തിന് മേൽ മെക്കിട്ടുകേറുന്ന കേന്ദ്ര സ്വഭാവം ശരിയല്ല; രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഇഷ്ടമുള്ള സംസ്ഥാനങ്ങൾക്ക് വാരിക്കോരി നൽകുകയും കണ്ണിലെ കരടായ ചില സംസ്ഥാനങ്ങൾക്ക് ആവശ്യമായ സഹായംപോലും നിഷേധിക്കുകയും ചെയ്യുന്നത് രാജ്യത്തിന് ചേർന്ന നടപടിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾ വഴി ശേഖരിച്ച് കേന്ദ്രത്തിന്‍റെ കൈയിലെത്തുന്ന ആഭ്യന്തരവിഭവങ്ങൾ തങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് കേന്ദ്രം കരുതിയാൽ ശരിയാകില്ല.
കേന്ദ്രത്തിൽനിന്ന് കേരളത്തിന് ഒട്ടേറെ ദുരനുഭവങ്ങളുണ്ട്. കേന്ദ്രം അനുമതി നൽകി നടപ്പാക്കേണ്ട പദ്ധതികളുണ്ട്. വളരെക്കാലമായി എയിംസ് ആവശ്യപ്പെട്ടിട്ടും നിരാശ മാത്രമാണ്. എയിംസ് വന്ന സംസ്ഥാനങ്ങളേക്കാൾ എന്ത് കുറവ് കേരളത്തിനുണ്ടെന്ന് കേന്ദ്രത്തിന് പറയാമോ?. ഒരു സംസ്ഥാനത്തോട് ഏത് രീതിയിൽ നീതികേട് ചെയ്യുന്നുവെന്നതിന്‍റെ ഉത്തമ ഉദാഹരണമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്രഷറിയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അതിരൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി പാവപ്പെട്ടവർക്ക് ക്ഷേമം ഉറപ്പാക്കുന്നതിനോ തുടർനടപടി സ്വീകരിക്കുന്നതിനോ നിങ്ങളുടെ തിട്ടൂരം ആവശ്യമില്ലെന്ന് വ്യക്തമാക്കി. ഇവിടെ നടപ്പാക്കുന്നത് കാണിച്ച് വിരട്ടാമെന്നാണ് വിചാരിക്കുന്നതെങ്കിൽ ആ വിരട്ടലിന് വിധേയമാകുന്നതല്ല കേരളത്തിലെ ഇടത് സർക്കാർ. ക്ഷേമ പ്രവർത്തനങ്ങൾ കേന്ദ്ര അനുമതിയോടെയേ നടപ്പാക്കാവൂ എന്നാണ് ധനമന്ത്രി കേരളത്തിൽ വന്ന് ഉപദേശിച്ചത്.
ക്ഷേമ കാര്യങ്ങളിൽ കേന്ദ്ര നയമല്ല കേരളത്തിന്. കോർപറേറ്റുകൾക്ക് മാത്രം ക്ഷേമം വർധിച്ചാൽ മതിയെന്ന് ചിന്തിക്കുന്ന കേന്ദ്രം അത് ചെയ്താൽ മതി. ഞങ്ങൾ കോർപറേറ്റുകൾക്ക് മാത്രം ക്ഷേമമെന്ന് ചിന്തിക്കുന്നവരല്ല. കേന്ദ്രമായാലും സംസ്ഥാനമായാലും ആവശ്യത്തിന് കടം വാങ്ങേണ്ടിവരും. അതിൽ ദുർവ്യായം പാടില്ല. ഇവിടെ നാടിന്‍റെ ഗുണത്തിനാണ് വിനിയോഗിച്ചത്. ഉപദേശിക്കുന്ന കേന്ദ്ര സർക്കാറിന്‍റെ കടം 49 ലക്ഷം കോടി രൂപയാണ്.
അവരാണ് സംസ്ഥാനങ്ങളോട് കടം വാങ്ങരുതെന്ന് പറയുന്നത്. സംസ്ഥാന സർക്കാറുകളുടെമേൽ വല്ലാതെ മെക്കിട്ട് കയറലാണ് തങ്ങളുടെ ജോലിയെന്ന് കരുതരുത്. രാജ്യത്തിന്‍റെ ക്ഷേമത്തിനും ഐശ്വര്യത്തിനും ക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് കേരളം നിലകൊള്ളുന്നത്. രാജ്യത്തിന്‍റെ ഭാഗമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.