ട്രെയിൻ ദുരന്തം: ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി; ഒഡിഷക്ക് ഐക്യദാർഢ്യമെന്ന്
text_fieldsതിരുവനന്തപുരം: ഒഡിഷ ട്രെയിൻ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഒഡിഷക്ക് കേരളത്തിന്‍റെ ഐക്യദാർഢ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡിഷയിൽ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ദാരുണമായ ട്രെയിനപകടത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമാവുകയും അതിലേറെ ആളുകൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരുടെ ബന്ധുമിത്രാദികളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഈ വിഷമഘട്ടത്തിൽ കേരളത്തിന്‍റെ മനസും പിന്തുണയും ഒഡിഷക്കൊപ്പം ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
അപകടത്തിൽപെട്ട ട്രെയിനിൽ ഉണ്ടായിരുന്ന തൃശൂർ അന്തിക്കാട് സ്വദേശികളായ നാലു പേരും സുരക്ഷിതരാണ്. രഘു, കിരൺ, ബിജേഷ്, വൈശാഖ് എന്നിവരാണ് ഇവർ. ക്ഷേത്ര നിർമാണത്തിൽ ഓട് പതിക്കാനായാണ് അന്തിക്കാട്ടുകാരായ ഒമ്പതു പേർ യാത്ര പോയത്. ഇതിൽ അഞ്ചുപേർ കഴിഞ്ഞ ദിവസം നാട്ടിലെത്തി. മറ്റ് നാലുപേർ മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച ട്രെയിൻ അപകടത്തിൽപെട്ടത്. ഇവരിൽ ഒരാൾക്ക് നിസാര പരിക്കേറ്റതായും നേരത്തേ നാട്ടിലെത്തിയ രതീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഒഡിഷയിലെ ബാലസോറിൽ പാളം തെറ്റിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസിലേക്ക് കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറി ഉണ്ടായ അപകടത്തിൽ മരണസംഖ്യ 280 ആയി ഉയർന്നു. 900 പേർക്ക് പരിക്കേറ്റതായാണ് അവസാന റിപ്പോർട്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത. പരിക്കേറ്റവരെ ബാലസോർ മെഡിക്കൽ കോളജ് അടക്കം സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.