Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം പഴയ കേരളമല്ല,...

കേരളം പഴയ കേരളമല്ല, വികസന തടസങ്ങള്‍ മാറി -മുഖ്യമന്ത്രി

text_fields
bookmark_border
കേരളം പഴയ കേരളമല്ല, വികസന തടസങ്ങള്‍ മാറി -മുഖ്യമന്ത്രി
cancel

ഫിലാഡല്‍ഫിയ: അസാധ്യമെന്ന് കരുതിയ വികസന പദ്ധതികള്‍ കേരളത്തില്‍ യാഥാര്‍ഥ്യമായി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായ എതിര്‍പ്പുകളും തടസ്സങ്ങളും ഒഴിവാക്കി വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടു പോവുകയാണ്. കേരളം ഇപ്പോള്‍ പഴയ കേരളമല്ല. പലര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയാത്തവിധം കേരളം മാറുകയാണെന്നും പിണറായി പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍റെ സമാപന സമ്മേളനം ഫിലാഡല്‍ഫിയയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സമഗ്ര വികസനം ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ ഒരിക്കലും പ്രായോഗികമാവില്ലെന്നു കരുതിയ പല കാര്യങ്ങളും നടപ്പിലായി വരുന്നു. കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചതാണ് ദേശീയ പാത 45 മീറ്ററില്‍ വികസിപ്പിക്കണമെന്നത്. അതിപ്പോള്‍ നടപ്പിലാക്കുകയാണ്. ദേശീയപാത വികസനത്തിന് ഭൂമിയെടുക്കുന്നതിനുളള എതിര്‍പ്പുകള്‍ ഇല്ലാതായി. പൊതുവികസന കാര്യമാണെന്നു കണ്ട് ജനങ്ങള്‍ സഹകരിക്കുന്നു. ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. മലയോര ഹൈവേയും തീരദേശ ഹൈവേയും നിര്‍മിക്കുന്നതിന് 10,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതിന് ഫണ്ട് ഒരു പ്രശ്നമാകില്ല. 

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രകൃതിവാതക പൈപ്പ് ലൈന്‍ ഏതാനും മാസംകൊണ്ട് യാഥാർഥ്യമാകും. ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ നിരവധി വ്യവസായങ്ങള്‍ക്ക് പ്രകൃതിവാതകം പൈപ്പ് ലൈന്‍ വഴി നല്‍കാന്‍ കഴിയും. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഇരട്ട റെയില്‍ പാതക്ക് സമാന്തരമായി രണ്ടു പാതകള്‍ കൂടി നിര്‍മ്മിക്കുന്നതിനുളള പ്രാരംഭനടപടികള്‍ എത്താന്‍ കഴിയും. ഇതു സംബന്ധിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കോവളം മുതല്‍ ബേക്കല്‍ വരെ ദേശീയ ജലപാത ആരംഭിക്കുന്നതിന് സിയാലുമായി ചേര്‍ന്നു ഒരു പ്രത്യേക കമ്പനി രൂപീകരിച്ചു. ജലപാത യാഥാര്‍ത്ഥ്യമാകുന്നതോടെ കോവളത്തു നിന്ന് ബേക്കല്‍ വരെ ബോട്ട് യാത്ര സാധ്യമാകും. ടൂറിസം മേഖലക്ക് ഇത് വലിയ ഉണര്‍വ് നല്‍കുമെന്നും 2020ല്‍ ഈ പദ്ധതി പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഭൂപരിഷ്കരണത്തിനു ശേഷം കേരളത്തിന്‍റെ വികസനത്തിന് ഏറ്റവും വലിയ പങ്കുവഹിച്ചത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമാണ്. അമേരിക്കയിലെ ഫോബ്സ് മാസികയുടെ കണക്കില്‍ ലോകത്തിലെ ആയിരം സമ്പന്നരുടെ പട്ടികയില്‍ നാലു മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. മലയാളികളുടെ മൂലധനത്തിന്‍റെ വളര്‍ച്ചയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് നാട്ടിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുകയാണ്. കേരളത്തിലെ നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. അഞ്ചാമത്തെ വിമാനത്താവളം ശബരിമല കേന്ദ്രീകരിച്ച് ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. കേരള മോഡലിന്‍റെ അടുത്ത പടി എന്നോണം നവകേരളം സൃഷ്ടിക്കാനുതകുന്ന നാല് മിഷനുകള്‍ നടപ്പിലാക്കുകയാണ് കേരള സര്‍ക്കാര്‍. നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനും ജലസ്രോതസ്സുകളെ വീണ്ടെടുക്കാനും കൃഷി വളര്‍ത്താനും ഉതകുന്ന ഹരിതകേരളം, രോഗീസൗഹൃദവും സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങള്‍ ഉള്ളതുമായ ആശുപത്രികള്‍ ഉറപ്പുവരുത്തുന്ന ആര്‍ദ്രം, പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, കേരളത്തിലെല്ലാവര്‍ക്കും വാസയോഗ്യമായ പാര്‍പ്പിടവും ഉപജീവനമാര്‍ഗവും ഉറപ്പുവരുത്തുന്ന ലൈഫ് എന്നിവയാണവ.

മലയാളിയുടെ വലിയ ഒരു പ്രത്യേകത, ലോകത്തിന്‍റെ ഏതു ഭാഗത്തു ചെന്നുപെട്ടാലും അവിടുത്തെ പൊതു സാമൂഹ്യ ജീവിതവുമായി വളരെ പെട്ടെന്ന് താദാത്മ്യം പ്രാപിക്കുമെന്നതാണ്. അതു ചെയ്യുമ്പോള്‍ത്തന്നെ സ്വന്തം സ്വത്വവും സംസ്കാരവും നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയും ചെയ്യും. ആ നിലയ്ക്കുള്ള ജാഗ്രതയാണ് ഫൊക്കാന പുലര്‍ത്തുന്നത്. 
ഫൊക്കാനയും മലയാളികളുടെ മറ്റൊരു സംഘടനയായ ഫോമയും ഒന്നിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനു ഫൊക്കാന മുന്‍കയ്യെടുക്കണം. അമേരിക്കയില്‍ രണ്ട് മലയാളി സംഘടനകള്‍ക്ക് പ്രസക്തി ഉണ്ടെന്നു തോന്നുന്നില്ല. ഒന്നിച്ചു നിന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

പ്രവാസികളുടെ അറിവും പരിചയസമ്പത്തും കേരള വികസനത്തിന് പ്രയോജനപ്പെടുത്താന്‍ രൂപീകരിച്ച ലോക കേരള സഭക്ക് പ്രത്യേക സെക്രട്ടറിയേറ്റ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിരുകളാല്‍ മാത്രം അറിയപ്പെടേണ്ടതല്ല കേരളം. അതിര്‍ത്തികള്‍ ലംഘിച്ച് ആഗോളതലത്തില്‍ അറിയപ്പെടേണ്ട രാജ്യമായി മാറണം കേരളവും മലയാളികളും. അതിനുവേണ്ടിയായിട്ടാണ് പേരുപോലെ തന്നെ അർഥപൂര്‍ണമായുള്ള ലോക കേരളസഭ രൂപീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala cmmalayalam newsFiladelfia SpeechPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala CM Pinarayi Vijayan Filadelfia Speech -Kerala News
Next Story