അധികാരവർഗത്തിന്‍റെ ആവശ്യത്തിനായി മാധ്യമ പ്രവർത്തനത്തെ തരംതാഴ്‌ത്തി - മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: അധികാരവർഗത്തിന് ആവശ്യമായത് എന്താണോ അത് നിർവഹിച്ചുനൽകുന്ന ഉപാധിയായി മാധ്യമപ്രവർത്തനത്തെ ഒര ുവിഭാഗം തരംതാഴ്‌ത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2017ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്തുമില്ലാത്ത ജീർണതയാണ് മാധ്യമങ്ങൾക്ക് ബാധിച്ചിരിക്കുന്നത്.
കെട്ടിലും മട്ടിലും മാത്രമുള്ള പുരോഗതി ഉള്ളടക്കത്തിലും കൈവരിക്കാനായിട്ടുണ്ടോയെന്ന് മാധ്യമങ്ങൾ ചിന്തിക്കണം. സാമൂഹികസേവനം എന്നത് കച്ചവടതാൽപര്യത്തിന് തുല്യമായി മാറിയിരിക്കുന്നു. ഭീതി കൊണ്ടോ, വർഗീയതാൽപര്യത്തിനോ, കോർപറേറ്റ് താൽപര്യത്തിനോ വിധേയപ്പെടാനുള്ള വ്യഗ്രത മാധ്യമങ്ങൾക്കിടയിൽ കൂടിവരികയാണ്. ഇത്തരത്തിലെ മാധ്യമപ്രവർത്തനം നമുക്ക് മനസ്സിലാക്കാനോ ഉൾക്കൊള്ളാനോ കഴിയില്ല. ഈ ഘട്ടത്തിലാണ് അഭിപ്രായസ്വാതന്ത്ര്യത്തിെൻറ പേരിൽ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ജയിലിലടയ്ക്കപ്പെട്ട മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് ദേശാഭിമാനി - കേസരി പുരസ്‌കാരം സമ്മാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രമാധ്യമത്തിലെ ജനറല്‍ റിപ്പോര്‍ട്ടിങ്ങിനുള്ള പുരസ്കാരം മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എം. ഫിറോസ്ഖാന് ചടങ്ങിൽ മുഖ്യമന്ത്രി സമ്മാനിച്ചു. ‘മൃതദേഹങ്ങൾ സാക്ഷി’ എന്ന വാർത്താപരമ്പരക്കാണ് പുരസ്കാരം. മറ്റ് മാധ്യമപുരസ്കാരങ്ങളും 2018ലെ ഫോട്ടോഗ്രഫി പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
വീണാജോർജ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, മേയർ വി.കെ. പ്രശാന്ത്, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു, കവിയും ഗാനരചയിതാവുമായ പ്രഭാവർമ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുത്തു. പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ ഇൻ ചാർജ് കെ. സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.