ഓഖി ചുഴലിക്കാറ്റ്: സുരക്ഷ ഉറപ്പാക്കാൻ നടപടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് കേരള തീരത്ത് അപ്രതീക്ഷിതമായ നാശം വിതച്ച പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേരള തീരത്തെ അപകടസാധ്യതാ വിശകലനത്തിനും തയാറെടുപ്പുകള്‍ക്കും ഒരു ത്രിമാന ഭൂപടം തയാറാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കേരളാ സർക്കാർ. കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങളില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കടലില്‍ പോകുന്ന മത്സ്യബന്ധന യാനങ്ങളുടെയും തൊഴിലാളികളുടെയും വിശദാംശങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ ഉടന്‍ നടപ്പിലാക്കുന്നതാണ്.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുമായി ആശയ വിനിയമം നടത്തുന്നതിനുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ ഐ.എസ്.ആര്‍.ഒയുടെ ഉപഗ്ര സാങ്കേതികവിദ്യ ഉപയോഗിച്ച് 1500 കിലോമീറ്റര്‍ വരെ വാര്‍ത്താ വിനിമയം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നാവിക് ഉപകരണങ്ങളുടെ ഫീല്‍ഡുതല പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കടലില്‍ അകപ്പെട്ടുപോകുന്ന മത്സ്യത്തൊഴിലാളികളുടെ യഥാര്‍ത്ഥ സ്ഥാനം മനസ്സിലാക്കുന്നതിന് റേഡിയോ ബീക്കണുകള്‍ നാവിക്കില്‍ ഘടിപ്പിക്കുന്നതായിരിക്കും. 1500നാവിക്കുകള്‍ വൈകാതെ വിതരണം ചെയ്യുന്നതാണ്. മുഴുവന്‍ മത്സ്യബന്ധന യാനങ്ങള്‍ക്കും ആവശ്യമായ നാവിക് ഉപകരണങ്ങള്‍ കെല്‍ട്രോണില്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ചും കടലിന്‍റെ പ്രക്ഷുബ്ധാവസ്ഥ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ മുന്‍കൂട്ടി മത്സ്യത്തൊഴിലാളികളെ അറിയിക്കുന്നതിന് ഹൈദ്രാബാദിലെ INCOISമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
യാനങ്ങളുടെ സഞ്ചാരപാത കരയിലിരുന്ന് മനസ്സിലാക്കാന്‍ കഴിയുന്ന ഓട്ടോമാറ്റിക് വെസല്‍ ട്രാക്കിങ് സംവിധാനം 215മത്സ്യബന്ധന ബോട്ടുകളില്‍ ഇതിനകംതന്നെ ഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ബോട്ടുകളില്‍ ഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്. മത്സ്യബന്ധനത്തിന് പോകുമ്പോള്‍ ലൈഫ് ജാക്കറ്റ് നിര്‍ബന്ധമായും കൊണ്ടു പോകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വൈദ്യസഹായം എത്തിക്കുന്നതിന് മറൈന്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തുന്നതാണ്. മൂന്ന് ആംബുലന്‍സുകള്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ നടന്നു വരുന്നു.
മത്സ്യബന്ധന യാനങ്ങളുടെ ആധുനികവല്‍ക്കരണം, സൗരോര്‍ജ്ജത്തെ അടിസ്ഥാനമാക്കിയുള്ള ഡീസാലിനേഷന്‍ പ്ലാന്‍റുകള്‍, മറൈന്‍ സ്‌കില്‍ ഡെവലപ്‌മെന്‍റ് കേന്ദ്രങ്ങള്‍, മറൈന്‍ ആംബുലന്‍സുകള്‍ എന്നിവയ്ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി 7340 കോടി രൂപയുടെ ഒരു സമഗ്ര പദ്ധതി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. തീരദേശമേഖലയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദമായി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാന്‍ രമണ്‍ ശ്രീവാസ്തവ അധ്യക്ഷനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുന്നതാണ്. ആ സംവിധാനത്തില്‍ മത്സ്യത്തൊഴിലാളികളുടെ പങ്കും ഉറപ്പാക്കുമെന്നും എസ്. ശർമയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
സബ് ഇന്‍സ്‌പെക്ടർ ടി. ഗോപകുമാറിന്‍റെ ആത്മഹത്യ
എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ പ്രൊബേഷണറി സബ് ഇന്‍സ്‌പെക്ടറായി ജോലി നോക്കി വന്നിരുന്ന ടി. ഗോപകുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ 21.01.2018ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സി.പി.ആർ.സി 174 വകുപ്പ് പ്രകാരം, ക്രൈം നമ്പര്‍ 124/18 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മരണപ്പെട്ട ഗോപകുമാറിന്‍റെ ബന്ധുക്കളുടെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മൃതദേഹത്തിന്‍റെ ഇന്‍ക്വസ്റ്റ് തയാറാക്കി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടുണ്ട്. ഗോപകുമാര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പില്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവൃത്തിയാല്‍ ഉണ്ടായ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുന്നു എന്ന് പരാമര്‍ശിച്ചിട്ടുണ്ട്.
ഗോപകുമാറിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തി വരുന്നു. ഇക്കാര്യത്തില്‍ തികച്ചും സുതാര്യമായ നടപടികളാണ് പൊലീസ് അനുവര്‍ത്തിച്ചു വരുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.