സാമ്പത്തിക ഉപദേഷ്ടാവിെൻറ വാദങ്ങളെ തള്ളി മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥിെൻറ വാദങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാർക്ക് നൽകുന്ന ശമ്പളവും പെൻഷനും സംസ്ഥാനത്തിന് ബാധ്യതയാവുകയാണെന്നും സ്വകാര്യ മേഖലക്ക് കൂടുതൽ പരിഗണന നൽകണമെന്നുമുള്ള ഗീതയുടെ വാദത്തെയാണ് അവരുടെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി പരസ്യമായി എതിർത്തത്. കള്ള് വ്യവസായ െതാഴിലാളികൾക്കുള്ള വർധിപ്പിച്ച പെൻഷൻ വിതരണത്തിെൻറ ഉദ്ഘാടന വേദിയിലായിരുന്നു പിണറായിയുടെ വിമർശനം.
ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നതിനെതിരെ ചിലർ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. ഇതൊന്നും ഉൽപാദനപരമല്ല എന്നാണ് ഇവരുടെ വാദം. യഥാർഥത്തിൽ മുതലാളിത്ത രീതി സ്വീകരിച്ച് അവരുടെ ഭാഷയിൽ സംസാരിക്കുന്നവരാണ് ഇങ്ങനെ പരാതി പറയുന്നത് എന്ന് നാം മനസ്സിലാക്കണം -പിണറായി പറഞ്ഞു. സോഷ്യലിസ്റ്റ് ചേരി വളർന്ന് ആളുകളുടെ ജീവിതസാഹചര്യം ഉയർന്നതു കണ്ടപ്പോൾ മുതലാളിത്തംതന്നെ ചില സാമൂഹിക സുരക്ഷ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മുതലാളിത്തത്തിെൻറ പറുദീസയായ അമേരിക്കയിൽപോലും നിരവധി സാമൂഹിക സുരക്ഷ പദ്ധതികളുണ്ട്. ഇവയെല്ലാം പരിഷ്കൃത സമൂഹത്തിെൻറ ഉത്തരവാദിത്തമാണ്. ഇതിൽ നിന്നൊന്നും പിന്തിരിയാൻ കഴിയില്ല -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പെൻഷന് അർഹരായവർ അവരുടെ നല്ലകാലം വിവിധ ജോലികളിൽ മുഴുകിയവരാണെന്ന് ഒാർക്കണം. വിവിധ ബാങ്കുകൾ കോർപറേറ്റുകളുടെ 85,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്തവരാണ് പാവപ്പെട്ട തൊഴിലാളികൾക്ക് നൽകുന്ന പെൻഷൻ പ്രത്യുൽപാദനപരമല്ല എന്നുപറഞ്ഞ് എതിർക്കുന്നത്. സാമൂഹികക്ഷേമ പെൻഷൻ അർഹമായ തരത്തിൽ നൽകാനുള്ള വിഭവശേഷി നമ്മുടെ നാടിനില്ല എന്ന വസ്തുതയും പിണറായി പ്രസംഗത്തിൽ ഒാർമിപ്പിച്ചു. മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ജനുവരിയിൽ നടത്തിയ ഒൗദ്യോഗിക ചർച്ചയിലായിരുന്നു ഗീത ഗോപിനാഥ് പെൻഷനുകൾ സംസ്ഥാന സർക്കാറിന് വലിയ ബാധ്യതയാണെന്ന് നിലപാടെടുത്തത്.
ഉത്തരവിലൂടെ ലഹരി ഉപഭോഗം നിർത്താനാവില്ല -മുഖ്യമന്ത്രി
ഉത്തരവിലൂടെ ലഹരി ഉപഭോഗം നിർത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കള്ള് വ്യവസായ െതാഴിലാളികൾക്കുള്ള വർധിപ്പിച്ച പെൻഷൻ വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മദ്യശാലകൾ അടച്ചുപൂട്ടിയതോടെ മയക്കുമരുന്ന് ഉപയോഗം വലിയ തോതിലാണ് വർധിച്ചത്. മദ്യമടക്കമുള്ളവയുടെ ഉപഭോഗം കുറക്കുന്നതിന് ശാസ്ത്രീയമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. മദ്യവിൽപനയിലൂടെ ലഭിക്കുന്ന വരുമാനത്തിെൻറ നിശ്ചിത പങ്ക് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കുന്നുണ്ട്.
ലഹരി ഏറ്റവും കുറഞ്ഞതും ആരോഗ്യദായകവുമായ ഒന്നാണ് കള്ള്. എന്നാൽ, അതിനെ ചിലർ അമിതലാഭത്തിനുവേണ്ടി അനാരോഗ്യദായകമാക്കി മാറ്റുന്ന സ്ഥിതിയുണ്ട്. ഇത് അംഗീകരിക്കാൻ കഴിയില്ല. കള്ളുചെത്ത് തൊഴിലാളികളെ സംരക്ഷിക്കണമെന്നതാണ് സർക്കാർ നിലപാട്. എന്നാൽ, വ്യാജ കള്ളിനെയോ വ്യാജ തൊഴിലാളിയെയോ സംരക്ഷിക്കില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, എ. പ്രദീപ്കുമാർ എം.എൽ.എ, കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.എം. സുധാകരൻ, എൻ. അഴകേശൻ, എ. അലക്സാണ്ടർ, ടി. കൃഷ്ണൻ, ടി.എൻ. രമേശൻ, ബേബി കുമാർ, പി.എ. ചന്ദ്രശേഖരൻ, വി.പി. ഭാസ്കരൻ, വി.കെ. അജിത് ബാബു ്എന്നിവർ സംസാരിച്ചു.
ടോഡി ബോർഡ് ഉടൻ -മന്ത്രി ടി.പി
സംസ്ഥാനത്ത് ടോഡി ബോർഡ് ഉടൻ രൂപവത്കരിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. കള്ള് വ്യവസായ െതാഴിലാളികൾക്കുള്ള വർധിപ്പിച്ച പെൻഷൻ വിതരണത്തിെൻറ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോഡി ബോർഡുമായി ബന്ധപ്പെട്ട നിയമ നടപടികൾ പുരോഗമിക്കുകയാണ്. തൊഴിലാളികൾക്ക് ജോലി സംരക്ഷണം, ഷാപ്പുകൾ, ചെത്ത് തുടങ്ങി എല്ലാവിദ ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്ന തരത്തിലാവും ബോർഡ് രൂപവത്കരിക്കുക. കള്ളുചെത്ത് വ്യവസായത്തിൽ നോമിനി സമ്പ്രദായം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെത്തുതൊഴിലാളികളുടെ കുടുംബ െപൻഷന് സർക്കാർ അംഗീകാരമായി. സുപ്രീംകോടതി വിധിയെതുടർന്ന് പൂട്ടിയ പഞ്ചായത്തുതലത്തിലെ 500ഒാളം ഷാപ്പുകൾ ഇനിയും തുറക്കാനുണ്ട്. അടച്ചുപൂട്ടിയ ഷാപ്പുകൾ പൂർണമായും തുറക്കണം എന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.