ശ്രീനാരായണ ദർശനങ്ങളെ ഗുരുവിന്റെ പേര് പറഞ്ഞു അപകീർത്തിപ്പെടുത്തുന്നു –മുഖ്യമന്ത്രി
text_fieldsവർക്കല: ശ്രീനാരായണ ഗുരുവിെൻറ ദർശനങ്ങളെ ഗുരുവിെൻറ പേര് പറഞ്ഞുതന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാെണന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണ ഗുരുവിെൻറ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിെൻറ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ നിർമിക്കുന്ന വിളംബര സ്മാരക മ്യൂസിയത്തിെൻറ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജാതിയില്ലാത്ത കേരളം സൃഷ്ടിച്ചെടുക്കാനുള്ള ശിലാസ്ഥാപനം നിർവഹിക്കലായിരുന്നു ഗുരുവിെൻറ ‘നമുക്ക് ജാതിയില്ല’ വിളംബരം. മനുഷ്യജാതിയെയാണ് ഗുരു ഒരു ജാതിയെന്ന് വിളിച്ചത്. കേരളത്തിൽ സാമൂഹികമാറ്റത്തിെൻറ സൗമ്യവിപ്ലവം സാധ്യമാക്കിയ ശ്രേഷ്ഠനാണ് ഗുരു. എന്നാൽ ഗുരുവിനെ ഒരു പ്രത്യേക ജാതിക്കുള്ളിലൊതുക്കാനാണ് ചിലർ ശ്രമിക്കുന്നത്. ജാതി പറഞ്ഞാൽ എന്താണെന്നാണ് ചിലർ ചോദിക്കുന്നത്. ഗുരു തള്ളിക്കളഞ്ഞ ജാത്യാഭിമാനം ശക്തിപ്പെടുത്തി തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നതും കടുത്ത ഗുരു നിന്ദയാണ്.
അത്തരക്കാർ മനുഷ്യമനസ്സുകളിൽ കാലുഷ്യം നിറക്കുകയാണ്. അതിനും അവർ ഗുരുവിെൻറ തന്നെ പേര് പറയുന്നു. കാഷായം ധരിച്ച് പുറത്തിറങ്ങി ജാതിയുടെയും മതത്തിെൻറയും പേര് പറഞ്ഞുനടക്കുന്ന ഒരുകൂട്ടം സന്യാസിമാരുണ്ട്. അവർ സന്യാസിയാണെന്ന് പറഞ്ഞുനടന്ന് രാജ്യാധികാരം നേടാൻ ശ്രമിക്കുന്നവരാണ്. ശിവഗിരിയിലെ സന്യാസിമാർ അക്കൂട്ടത്തിൽ പെടുന്നവരല്ല. എങ്കിലും ജാത്യാഭിമാനം വിളമ്പിയും മനുഷ്യമനസ്സിൽ കാലുഷ്യം നിറച്ചും ഗുരുവിനെ അപകീർത്തിപ്പെടുത്തുന്നവരുടെ ദുഃസ്വാധീനത്തിൽ ശിവഗിരിയിലെ സന്യാസിമാർ പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.