രോഗികളായ വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തി ചെയ്തു
text_fieldsമരട്: ക്ഷയരോഗികളായ വൃദ്ധ ദമ്പതികളെ പുറത്താക്കി വീട് ജപ്തി ചെയ്തു. വാർത്തകളെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതോെട രാത്രി തിരിെക എത്തിച്ചു. പൂണിത്തുറ ജവഹർ റോഡ് കോരങ്ങാത്ത് വീട്ടിൽ രാമൻ (75), ഭാര്യ വിലാസിനി (65) എന്നിവരെയാണ് മരട് പൊലീസ് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലാക്കി വീട് ജപ്തി ചെയ്തത്. പിന്നീട് ദമ്പതികളെ ആംബുലൻസിൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ദമ്പതികളെ വ്യാഴാഴ്ച തന്നെ അവരുടെ വീട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി കലക്ടർ മുഹമ്മദ് സഫീറുല്ലക്ക് നിർദേശം നൽകി. കലക്ടറുടെ നിർദേശപ്രകാരം തഹസിൽദാർ എറണാകുളം ജനറൽ ആശുപത്രിയിലെത്തി റവന്യു വകുപ്പിെെൻറ വാഹനത്തിൽ രാത്രിയോടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിച്ചു. ജപ്തി നടപടിക്ക് ശേഷം വീട് എറ്റെടുത്തവരുമായി ചർച്ച നടത്താനും പ്രശ്നപരിഹാരത്തിന് മൂന്നുമാസത്തെ സാവകാശം തേടാനും മുഖ്യമന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
തൃപ്പൂണിത്തുറ ഹൗസിങ് കോ-ഓപറേറ്റിവ് ബാങ്കിൽനിന്ന് എട്ടുവർഷം വർഷം മുമ്പാണ് വീട് വെക്കുന്നതിന് ഒന്നരലക്ഷം രൂപ വായ്പ എടുത്തത്. ദമ്പതികൾ രോഗബാധിതരായതിനെ തുടർന്ന് തുക തിരിച്ചടക്കുന്നത് മുടങ്ങി. പലിശയടക്കം 2,70,000 രൂപ ഇവർ തിരിച്ചടക്കണം. ഇത് അടക്കാത്തതിെനത്തുടർന്ന് കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ ജപ്തി നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് സെൻറ് ഭൂമിയും വീടും ബാങ്ക് അഞ്ചുലക്ഷം രൂപക്ക് ലേലം ചെയ്തു. സെൻറിന് ഏഴ് ലക്ഷത്തോളം വിലയുള്ള സ്ഥാനത്താണ് ഇത്രയും കുറഞ്ഞ വിലയ്ക്ക് ലേലം ചെയ്ത് പോയത്. വീട് ലേലത്തിനെടുത്തയാൾ വൃദ്ധ ദമ്പതികളെ പൊലീസ് സഹായത്തോടെ പുറത്താക്കുകയായിരുന്നു. ഉച്ചക്ക് ഒേന്നാടെയാണ് എസ്.ഐ സുജാതൻ പിള്ളയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി ജപ്തി നടപടി സ്വീകരിച്ചത്. എറണാകുളം മുൻസിഫ് കോടതി ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ആമീൻ പൊലീസിൽ സമ്മർദം ചെലുത്തിയതുമൂലമായിരുന്നു ജപ്തി.
ഉത്തരവ് നടപ്പാക്കുന്നതിനായി മൂന്നുദിവസം മുമ്പ് സ്ഥലത്തെത്തിയ എസ്.ഐ വീട്ടുകാരുടെ ദാരുണമായ സ്ഥിതി കണ്ട് മടങ്ങുകയും ഇത് ഒഴിവാക്കുന്നതിനായി ശ്രമം നടത്തിയതായും എസ്.ഐ സുജാതൻ പിള്ള പറഞ്ഞു. കുടുതൽ സമ്മർദത്തിന് ശേഷമാണ് വ്യാഴാഴ്ച സ്ഥലത്തെത്തി നടപടി സ്വീകരിച്ചതെന്നും എസ്.ഐ സൂചിപ്പിച്ചു. രോഗികളായ ദമ്പതികളെ ആശൂപത്രിയിലേക്ക് കൊണ്ടുപോകാൻ സ്ഥലത്തുണ്ടായിരുന്ന മകൾ ഗീതയും മരുമകൾ മായയും വിസമ്മതിച്ചത് മൂലമാണ് പൊലീസുതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചത്. സി.പി.എം ഭരിക്കുന്ന ബാങ്കാണ് ജപ്തി നടപടി സ്വീകരിച്ചത്. വൃദ്ധ ദമ്പതികളെ മനുഷ്യാവകാശ കമീഷൻ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി സന്ദർശിച്ചിരുന്നു. സംഭവത്തിൽ കേസ് എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.