ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സഭയുടെ ആഗ്രഹ പ്രകാരമെന്ന് ദീപിക പത്രം
text_fieldsകോഴിക്കോട്: ന്യൂനപക്ഷ ക്ഷേമവകുപ്പ് ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരുത്തി സഭാ ദിനപത്രമായ ദീപികയിൽ ലേഖനം. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ക്രൈസ്തവ സഭകളുടെ ആഗ്രഹ പ്രകാരമാണെന്ന് 'പിണറായിയുടെ പുതിയ മുഖം' എന്ന ലേഖനത്തിൽ അവകാശപ്പെടുന്നു. പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് നല്ല സൂചനയാണെന്നും ക്രൈസ്തവ സമൂഹം തെരഞ്ഞെടുപ്പിന് മുമ്പ് ഉന്നയിച്ച ആവശ്യം അംഗീകരിക്കപ്പെട്ടിരിക്കുന്നുവെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേരളത്തിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉണ്ടായ കാലം മുതൽ ഒരു സമുദായത്തിന് വേണ്ടി മാത്രം എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു കൊണ്ടിരിക്കുന്നു എന്നു മാത്രമല്ല മറ്റ് ന്യൂനപക്ഷങ്ങളോട് അനീതി കാണിച്ചു എന്ന പരാതിയും ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് പുതിയ മന്ത്രിസഭയിൽ ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ക്രൈസ്തവ നേതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചത്. ആ നിർദേശത്തോട് കാണിച്ച ആദരവ് പ്രശംസിക്കപ്പെടുമെന്നും ദീപികയിലെ ലേഖനത്തിൽ പറയുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സംബന്ധിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെ ചില സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ക്രൈസ്തവ സഭകളുടെ സമ്മർദത്തിന് വഴങ്ങിയല്ലെന്ന് വെള്ളിയാഴ്ച പിണറായി വിജയൻ പറഞ്ഞത്. പ്രവാസികാര്യം മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്യുന്നതെന്നും അതുപോലെ ന്യൂനപക്ഷക്ഷേമവും കൈകാര്യം ചെയ്യുന്നതാണ് നല്ലതെന്ന അഭിപ്രായം വന്നതായും പിണറായി ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഒരുവിഭാഗം സ്ഥിരമായി കൈവശം വെക്കുന്നെന്നും ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നെന്നും ചിലർക്ക് പരാതിയുണ്ടായിരുന്നല്ലോയെന്നും അവർക്ക് നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണോ മാറ്റമെന്നുമുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അങ്ങനെയൊരു പരാതി ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയത്. എന്നാൽ, മുഖ്യമന്ത്രിയുടെ നിലപാട് തള്ളികളയുന്നതാണ് ദീപികയിലെ ലേഖനം.
ഒന്നാം പിണറായി സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാൽ, പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. സി.പി.എം മുഖപത്രമായ ദേശാഭിമാനി വകുപ്പുകളുടെ കാര്യത്തിൽ തീരുമാനമായെന്നും ന്യൂനപക്ഷ ക്ഷേമ വകുപ്പ് വി. അബ്ദുറഹിമാനാണെന്നും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുേമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
ഒന്നാം പിണറായി സർക്കാറിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്നത് കെ.ടി. ജലീലാണ്. എന്നാൽ, പുതിയ മന്ത്രിസഭയിൽ വി. അബ്ദുറഹ്മാനായിരിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. എന്നാൽ, വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കിയതോടെയാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതായി വ്യക്തമായത്. പുതിയ മന്ത്രിസഭ അധികാരമേൽക്കുേമ്പാൾ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ ക്രൈസ്തവ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് ചങ്ങനാശ്ശേരി അതിരൂപതയും കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) സംസ്ഥാന സമിതിയും കത്തോലിക്ക കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
രണ്ടാം പിണറായി മന്ത്രിസഭയിൽ മലപ്പുറം ജില്ലയെ പ്രതിനിധാനം ചെയ്ത് അംഗമായ വി. അബ്ദുറഹ്മാൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയാകുമെന്ന് ഉറപ്പായിരിക്കേയാണ് അപ്രതീക്ഷിത നീക്കം നടന്നത്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതോടെ കായികം, വഖഫ്, ഹജ്ജ് തീർഥാടനം, പോസ്റ്റ് ആൻഡ് ടെലഗ്രാഫ്, റെയിൽവേ എന്നീ വകുപ്പുകളാണ് ഇപ്പോൾ അബ്ദുറഹ്മാനുള്ളത്. ന്യൂനപക്ഷ ക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തതിന് പകരമായാണ് റെയിൽവേയുടെ ചുമതല നൽകിയത്. അബ്ദുറഹ്മാന് കായികം മാത്രമാണ് ഇപ്പോൾ പ്രധാന വകുപ്പായി ലഭിച്ചിട്ടുള്ളത്. ഔദ്യോഗികമായി വകുപ്പുകളുടെ പ്രഖ്യാപനമായതോടെ നേരത്തേ നിശ്ചയിച്ചതിൽ നിന്ന് വി. അബ്ദുറഹ്മാന്റെ വകുപ്പിൽ മാത്രമേ മാറ്റങ്ങളുണ്ടായിട്ടുള്ളൂ.
കഴിഞ്ഞ സർക്കാറിൽ ന്യൂനപക്ഷക്ഷേമ വകുപ്പിനും കൈകാര്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനുമെതിരെ കടുത്ത വിവേചന ആരോപണങ്ങളുമായി ക്രൈസ്തവ സഭ നേതാക്കളും സംഘടനകളും രംഗത്തെത്തിയിരുന്നു. വകുപ്പ് മുസ്ലിം കേന്ദ്രീകൃതമാക്കുന്നു എന്നായിരുന്നു ആക്ഷേപം. വകുപ്പിന് കീഴിലെ സർക്കാർ ആനുകൂല്യങ്ങളും സ്കോളർഷിപ് ഉൾപ്പെടെയുള്ള സഹായങ്ങളുടെ സിംഹഭാഗവും മുസ്ലിം സമുദായം കൈക്കലാക്കുന്നു എന്നും പ്രചാരണമുണ്ടായി. രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച് സച്ചാർ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ സ്വീകരിക്കേണ്ട നടപടികൾ ശിപാർശ ചെയ്യാൻ വി.എസ് സർക്കാർ, പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ക്ഷേമത്തിനായി ന്യൂനപക്ഷക്ഷേമ വകുപ്പും അതിനു കീഴിൽ വിവിധ പരിശീലന കേന്ദ്രങ്ങളും സർക്കാർ ആരംഭിച്ചത്.
കേരളത്തിലെ മുസ്ലിംകൾ ന്യൂനപക്ഷവും പൂർണമായി പിന്നാക്കവിഭാഗവുമാണ്. ക്രൈസ്തവർ ന്യൂനപക്ഷമാണെങ്കിലും ബഹു ഭൂരിഭാഗവും മുന്നാക്ക വിഭാഗത്തിൽപെട്ടവരാണ്. മുന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണാനുകൂല്യങ്ങളും അവർക്കുണ്ട്. അതോടൊപ്പം മുസ്ലിംക്ഷേമത്തിനു രൂപം കൊണ്ട ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ അനുവദിച്ച സ്കോളർഷിപ്പുകളിൽ ക്രൈസ്തവർ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കും 20 ശതമാനം നൽകിവരുന്നു. എന്നാൽ, ഇൗ അധിക ആനുകൂല്യത്തിന്റെ കാര്യം മറച്ചുവെച്ച് 80 ശതമാനവും മുസ്ലിംകൾ കൈക്കലാക്കുന്നു എന്ന ആക്ഷേപമാണ് ഉയർത്തുന്നത്. കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് ഈ ആരോപണം ശക്തമായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുസ്ലിം സമുദായം അനർഹമായത് നേടിയിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്രൈസ്തവരിലും പിന്നാക്ക വിഭാഗം ഉണ്ടെന്ന് സഭകൾ ആവശ്യമുന്നയിച്ചത് അനുസരിച്ച് ജസ്റ്റിസ് കോശി അധ്യക്ഷനായ സമിതിയെ നിശ്ചയിച്ചിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.