മന്ത്രിമാർക്ക് മാർക്കിടാൻ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഭരണത്തിലേറി ഒന്നര വർഷം തികയാനിരിക്കെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനും പോരായ്മകൾ തിരുത്താനുമുള്ള നടപടികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുമായി കൂടിക്കാഴ്ചക്കെത്താനാണ് നിർദേശം നൽകിയത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് കൂടിക്കാഴ്ച. ഓരോ മന്ത്രിമാർക്കും വകുപ്പ് സെക്രട്ടറിമാർക്കുമായി പ്രത്യേകം സമയം അനുവദിച്ചിട്ടുണ്ട്. ഇതാദ്യമായാണ് മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തുന്നത്.
സര്‍ക്കാറിെൻറ അഭിമാന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുക. കൂടിക്കാഴ്ചയിൽ മുഴുവൻ സമയവും മുഖ്യമന്ത്രി പങ്കെടുക്കും. ചീഫ്സെക്രട്ടറിയും പങ്കെടുക്കുന്നുണ്ട്. മൂന്ന് മെഗാ പ്രോജക്ടുകൾ വീതം സമർപ്പിക്കാൻ ഓരോ വകുപ്പിനോടും നിർദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വകുപ്പുകളും മൂന്ന് മെഗാ പ്രോജക്ടുകൾ തയാറാക്കണം. വകുപ്പുകളുടെയും മന്ത്രിമാരുടെയും പ്രവർത്തനമികവ് പരിശോധിക്കുക, മന്ത്രിമാരുടെ ഓരോ രംഗത്തെയും മികവുകളും പോരായ്മകളും നേരിട്ട് ബോധ്യപ്പെടുക എന്നിവയാണ് ലക്ഷ്യം.
വിവിധ വകുപ്പുകൾ ആരംഭിച്ച വികസന പദ്ധതികളുടെ അവലോകനവും നടക്കും. ഇതിനുള്ള തയാറെടുപ്പ് അതത് വകുപ്പുകളിൽ ആരംഭിച്ചു. കണ്ണൂർ വിമാനത്താവളം, ഗെയിൽ പാചകവാതക പൈപ്പ് ലൈൻ, ഇടമൺ- കൊച്ചി വൈദ്യുതി ലൈൻ എന്നിവയാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ പുരോഗമിക്കുന്ന മെഗാപദ്ധതികൾ. ഇവ മൂന്നും 2018ൽ പൂർത്തിയാക്കും.
കണ്ണൂർ വിമാനത്താവളം 2018 സെപ്റ്റംബറിലും ഗെയിലും ഇടമൺ- കൊച്ചി വൈദ്യുതിലൈൻ പദ്ധതിയും 2018 ഡിസംബറിലും പൂർത്തിയാക്കുമെന്നാണ് അവകാശവാദം. പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് വകയിരുത്തിയ തുകയിൽ എത്രശതമാനം ചെലവഴിച്ചു, അടുത്ത ക്വാട്ടറിൽ എത്രമാത്രം തുക ചെലവഴിക്കാനാകും എന്നിവ വിലയിരുത്തും. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് ലക്ഷ്യം.
38 വകുപ്പുകളിലായി 114 പദ്ധതികളുണ്ട്. കൂട്ടത്തില്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന 14 വന്‍കിട പദ്ധതികളുടെ പുരോഗതിയും പരിശോധിക്കും. ആദ്യദിവസം മുഖ്യമന്ത്രി ഉൾപ്പെടെ ആറു മന്ത്രിമാരുടെ കീഴില്‍വരുന്ന വകുപ്പുകളുടെ അവലോകനമാണ് നടക്കുക. രണ്ടാംദിവസം 12 മന്ത്രിമാരുടെ വകുപ്പുകളുമായി സംസാരിക്കും. ഇൗമാസം 11-ന് വാര്‍ഷിക പദ്ധതിയുടെ ത്രൈമാസ അവലോകനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.