Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിളർന്നും വളർന്നും...

പിളർന്നും വളർന്നും ‘കേരള കോൺഗ്രസ്’ ഷഷ്ടിപൂർത്തിയിൽ

text_fields
bookmark_border
kerala Congress History
cancel
camera_alt

പി.ടി ചാക്കോ. കെ.എം ജോർജ്, ആർ. ബാലകൃഷ്ണപിള്ള, കെ.എം മാണി, പി.ജെ ജോസഫ്, ടി.എം. ജേക്കബ്

ജനപിന്തുണയും സമുദായങ്ങളുടെ പിന്തുണയും കൊണ്ട് കേരള രാഷ്ട്രീയത്തിൽ ഉയർത്തെഴുന്നേറ്റ രാഷ്ട്രീയ പ്രസ്ഥാനമായ ‘കേരള കോൺഗ്രസി’ന് ഇന്ന് ‘ഷഷ്ടിപൂർത്തി’. 1964 ഒക്ടോബർ ഒമ്പതിന് കോട്ടയത്ത് രൂപം കൊണ്ട കേരള കോൺഗ്രസ് കഴിഞ്ഞ 60 വർഷത്തിനിടെ വലതും ചെറുതുമായി 13ലധികം തവണ പിളർന്നു. ആറിലധികം തവണ ലയിച്ചു. ഏഴോളം പുതിയ പാർട്ടികൾക്ക് കേരള കോൺഗ്രസിന്‍റെ മണ്ണ് വളക്കൂറായി. ഓരോ തവണയും പിളരുമ്പോഴും ലയിക്കുമ്പോഴും സഭകളുടെ പിന്തുണ ഈ രാഷ്ട്രീയ പ്രസ്ഥാനത്തിന് താങ്ങും തണലുമായി.

കേരള കോൺഗ്രസ് രൂപീകരണം -രാഷ്ട്രീയ പശ്ചാത്തലം

1962ൽ മുഖ്യമന്ത്രി പട്ടം താണുപിള്ള രാജിവെച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് ആർ. ശങ്കറിന്‍റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറുന്നത്. ശങ്കർ മന്ത്രിസഭയിൽ അംഗമായിരുന്ന പി.ടി ചാക്കോ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയാണ് വഹിച്ചിരുന്നത്. ആർ. ശങ്കറും പി.ടി ചാക്കോയും തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അധികാര വടംവലിയും കോൺഗ്രസ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലാപത്തിന് വഴിവെച്ചു. 1963ലെ അന്തപുര യുദ്ധം രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ പീച്ചിയിലേക്കുള്ള യാത്രക്കിടെ പി.ടി ചാക്കോ സഞ്ചരിച്ച കാർ ഒരു ഉന്തുവണ്ടിയിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. എന്നാൽ, ചാക്കോയുടെ കാർ നിർത്താതെ പോയി. അപകടം നടന്ന സമയം ചാക്കോയുടെ കാറിൽ ഒരു സ്ത്രീ സഞ്ചരിച്ചിരുന്നുവെന്ന വാർത്ത പുറംലോകത്തെത്തി.

ആർ. ശങ്കർ, പട്ടം താണുപിള്ള, പി.ടി ചാക്കോ

ആർ. ശങ്കർ, പട്ടം താണുപിള്ള, പി.ടി ചാക്കോ

പി.ടി ചാക്കോയുടെ മരണം

ഈ അവസരം മുതലാക്കിയ പാർട്ടിയിലെ എതിരാളികൾ ചാക്കോയെ കടന്നാക്രമിക്കാൻ തുടങ്ങി. പാർട്ടിയിൽ നിന്നും മുഖ്യമന്ത്രി ആർ. ശങ്കറിൽ നിന്നും പിന്തുണ ലഭിക്കാതെ വന്ന പി.ടി ചാക്കോ 1964 ഫെബ്രുവരി 20ന് മന്ത്രിസ്ഥാനം രാജിവെച്ചു. ആൾരൂപം കൊണ്ടും ജനപിന്തുണ കൊണ്ടും അതികായകനായ ചാക്കോ നേരിട്ട ആദ്യ തിരിച്ചടിയായിരുന്നു അത്. ഇതിന് പിന്നാലെ നടന്ന കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലെ പരാജയവും ചാക്കോക്ക് വലിയ തിരിച്ചടിയായി. ഇതിന് പിന്നാലെ സജീവ രാഷ്ട്രീയത്തിൽ നിന്ന് അഭിഭാഷക വൃത്തിയിലേക്ക് ചാക്കോ ചുവടുമാറ്റി. കേസ് സംബന്ധിച്ച അന്വേഷണത്തിനായി ചാലക്കുടിയിലെത്തിയ പി.ടി ചാക്കോ ആഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

പി.ടി ചാക്കോക്കെതിരായ നീക്കം പാർട്ടിയിലെ ഗ്രൂപ്പ് ഗൂഢാലോചന ആണെന്ന് വിശ്വസിക്കുകയും ആരോപിക്കുകയും ചെയ്ത അനുയായികൾ കോൺഗ്രസിൽ നിന്ന് മാനസികമായി അകന്നു. അങ്ങനെ കെ.എം ജോർജിന്‍റെ നേതൃത്വത്തിൽ 15 എം.എൽ.എമാർ നിയമസഭയിൽ പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ തീരുമാനിച്ചു. ഇതിന് പിന്നാലെ സെപ്റ്റംബറിൽ അവിശ്വാസ പ്രമേയം കൊണ്ടുവരികയും ആർ. ശങ്കർ മന്ത്രിസഭ നിലംപതിക്കുകയും ചെയ്തു.

കെ.എം ജോർജ്, പി.ടി ചാക്കോ

കെ.എം ജോർജ്, പി.ടി ചാക്കോ

കേരള കോൺഗ്രസ് രൂപീകരണം

1964 ഒക്ടോബർ ഒമ്പതിന് കെ.എം ജോർജ് ചെയർമാനായി എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. അതാണ് ‘കേരളാ കോൺഗ്രസ്’. കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന സമ്മേളനത്തിൽ എൻ.എസ്.എസ് സ്ഥാപകൻ മന്നത്ത് പത്മനാഭനാണ് പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചത്. കെ.​എം. ജോ​ർ​ജ്, വ​യ​ലാ ഇ​ടി​ക്കു​ള, മാ​ത്ത​ച്ച​ൻ കു​രു​വി​നാ​ക്കു​ന്നേ​ൽ, ഇ. ​ജോ​ൺ ജേ​ക്ക​ബ്, ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള, ടി. ​കൃ​ഷ്ണ​ൻ, എം.​എം. ജോ​സ​ഫ്, സി.​എ. മാ​ത്യു, ജോ​സ​ഫ് പു​ലി​ക്കു​ന്നേ​ൽ എന്നിവ​രാ​യി​രു​ന്നു രൂ​പ​വ​ത്​​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

നാലുമാസം കഴിഞ്ഞ് നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കോൺഗ്രസ് സ്ഥാനാർഥികളെ നിർത്തി പയറ്റാൻ തീരുമാനിച്ചു. വാശിയേറിയ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് ഒറ്റക്ക് 25 സീറ്റ് നേടി കരുത്ത് തെളിയിച്ചു. എന്നാൽ, ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മന്ത്രിസഭാ രൂപീകരിക്കാൻ ഒരു പാർട്ടിക്കും സാധിച്ചില്ല.

കെ.എം മാണിക്കൊപ്പം മകൻ ജോസ് കെ. മാണി

കെ.എം മാണിക്കൊപ്പം മകൻ ജോസ് കെ. മാണി

ഇതിനിടെ, കോട്ടയം ഡി.സി.സി സെക്രട്ടറി സ്ഥാനം രാജിവെച്ച് കേരള കോൺഗ്രസിലെത്തിയ കെ.എം മാണി പാലായിൽ നിന്ന് നിയമസഭാംഗമായി. 1975ലെ അച്യുതമേനോൻ മന്ത്രിസഭയിൽ പങ്കാളിയാകാൻ കേരള കോൺഗ്രസിന് അവസരം ലഭിച്ചു. ഇതോടെ ആരെല്ലാം പാർട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിമാരാകണമെന്ന ചർച്ച ഉയർന്നു. കേരള കോൺഗ്രസ് ചെയർമാനായ കെ.എം ജോർജിനാണ് മന്ത്രിസ്ഥാനത്തേക്ക് മുൻതൂക്കം ലഭിച്ചത്. ഈ അവസരത്തിൽ പാർട്ടിയിൽ ഇരട്ടപദവി പാടില്ലെന്ന വാദവുമായി കെ.എം മാണി രംഗത്തെത്തി. ഇതേതുടർന്ന് ചെയർമാനായ കെ.എം ജോർജ് പിൻമാറി.

മാണിയും ജോർജിന്‍റെ പിന്തുണയോടെ ആർ. ബാലകൃഷ്ണപിള്ളയും മന്ത്രിമാരാവുകയും ചെയ്തു. മാണിയുടെ തന്ത്രം മനസിലാക്കിയ കെ.എം ജോർജ്, ബാലകൃഷ്ണപിള്ളയെ പാർട്ടി ചെർമാനാക്കുകയും തുടർന്ന് മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു. പാർട്ടിക്കുള്ളിൽ മാണി നടത്തിയ നീക്കം ജോർജിനെ വേദനിപ്പിച്ചു. 1976 ഡിസംബർ 11ന് കെ.എം. ജോർജ് അന്തരിച്ചു. ബാലകൃഷ്ണപിള്ളയും മാണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമാവുകയും 1976ൽ കെ.എം മാണി കേരള കോൺഗ്രസ് പിളർത്തി. കേരള കോൺഗ്രസിനെ നടുവെ മുറിച്ച ആദ്യ പിളർപ്പായിരുന്നു ഇത്.

കെ.എം മാണി, പി.ജെ ജോസഫ്

കെ.എം മാണി, പി.ജെ ജോസഫ്

1979ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ ഭാഗമായി മൽസരിച്ച ബാലകൃഷ്ണപിള്ളക്ക് രണ്ടും മാണി വിഭാഗത്തിന് 20 സീറ്റും ലഭിച്ചു. ഇതിനിടെ പാർട്ടി ചെയർമാനെ തെരഞ്ഞെടുത്തതിൽ മാണി വാക്കുപാലിച്ചില്ലെന്ന ആരോപണവുമായി പി.ജെ. ജോസഫ് രംഗത്തെത്തി. ഇതോടെ പാർട്ടി പിളർത്തിയ കെ.എം മാണി കേരള കോൺഗ്രസ് (എം) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. തന്‍റെ പാർട്ടിക്ക് അദ്ധ്വാനവർഗ സിദ്ധാന്തം എന്ന നയരേഖയും മാണി ഒരുക്കി. ഇതോടെ കേരള കോൺഗ്രസിലെ രണ്ടാമത്തെ പിളർപ്പിനും കേരളം സാക്ഷിയായി.

1980ൽ മാണിയും പിള്ളയും ലയിക്കുകയും 82ലെ യു.ഡി.എഫ് മന്ത്രിസഭയിൽ ഇരുവരെയും കൂടാതെ പി.ജെ. ജോസഫും ടി.എം ജേക്കബും അംഗങ്ങളാവുകയും ചെയ്തു. ഇരുവിഭാഗമായി നിലകൊണ്ട മാണി‍യും ജോസഫും 1985ൽ വീണ്ടും ഒന്നിച്ചു. എന്നാൽ, ഈ ലയനത്തിന് വലിയ ആയുസ് ഉണ്ടായിരുന്നില്ല. 1987ൽ മാണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് പുറത്തുവന്ന ജോസഫ് മൂന്നാമത്തെ പിളർപ്പിന് വഴിവെച്ചു.

കെ.എം ജോർജും മകൻ ഫ്രാൻസിസ് ജോർജും

കെ.എം ജോർജും മകൻ ഫ്രാൻസിസ് ജോർജും

89ൽ പി.ജെ ജോസഫും ബാലകൃഷ്ണപിള്ളയും തമ്മിൽ പിളർന്നു. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി) എന്ന പുതിയ പാർട്ടിക്ക് രൂപം നൽകി. 1993ൽ ഉൾപാർട്ടി ജനാധിപത്യവും ഭരണഘടന അനുസരിച്ച് പ്രവർത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള കെ.സി ജോസഫിന്‍റെ പോരാട്ടം പുതിയ പാർട്ടി രൂപീകരണത്തിലാണ് കലാശിച്ചത്. ജോണി നെല്ലൂർ, മാത്യു സ്റ്റീഫൻ, പി.എം മാത്യു എന്നീ നാല് എം.എൽ.എമാരും കെ.സി ജോസഫിനൊപ്പം ചേർന്നു. 1995ൽ കേരള കോൺഗ്രസ് ബി പിളർത്തി ജോസഫ് എം. പുതുശേരി, ഒ.വി ലൂക്കോസിലെ ചെയർമാനാക്കി പുതിയ പാർട്ടി രൂപീകരിച്ചു. ഇതോടെ കേരള കോൺഗ്രസിലെ പിളർപ്പുകൾ ആറക്കം തികച്ചു.

ഇതിനിടെ, കേരള കോൺഗ്രസ് എമ്മിൽ മാണിയും പി.ടി ചാക്കോയുടെ മകൻ പി.സി തോമസും തമ്മിലുള്ള അകൽച്ച വർധിച്ചു വന്നു. 2001ഓടെ മാണി പുറത്താക്കിയ പി.സി തോമസ് ഇന്ത്യൻ ഫെഡറൽ ഡെമോക്രാറ്റിക് പാർട്ടി രൂപീകരിക്കുകയും ചെയ്തു. 2003ൽ പി.ജെ ജോസഫ് വിഭാഗത്തെ പിളർത്തി പി.സി ജോർജ് കേരള കോൺഗ്രസ് സെക്കുലർ എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. അതാണ് കേരള കോൺഗ്രസ് സെക്കുലർ. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടർന്ന് 2004ൽ യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച ടി.എം ജേക്കബ്, കെ. കരുണാകരന്‍റെ ഡി.ഐ.സിയിൽ ചേരുകയും എൽ.ഡി.എഫിൽ ചേക്കേറാൻ ശ്രമം നടത്തുകയും ചെയ്തു. ഈ നീക്കം എൽ.ഡി.എഫ് തള്ളിയതോടെ കേരള കോൺഗ്രസ് ജേക്കബ് എന്ന പാർട്ടിയുമായി ജേക്കബ് തിരിച്ചെത്തി.

പി.ടി ചാക്കോയും മകൻ പി.സി തോമസും

പി.ടി ചാക്കോയും മകൻ പി.സി തോമസും

2005ൽ മാണിയുടെ ശത്രുക്കൾ ഒന്നിച്ചു. പി.സി തോമസ് വിഭാഗം പി.ജെ ജോസഫിന്‍റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിൽ ലയിച്ചു. അത്തവണത്തെ മുവാറ്റുപ്പുഴ ലോക്സഭാ സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിയായി മൽസരിച്ച പി.സി തോമസ് ജോസ് കെ. മാണിയെ തോൽപിച്ചു മാണിക്കുള്ള കണക്ക് തീർത്തു. ഇതിന് മാണിയുടെ ശത്രുക്കളുടെ പിന്തുണയും തോമസിന് ലഭിച്ചു. വാജ്പോയ് സർക്കാറിൽ തോമസ് മന്ത്രിയായി. പിന്നീട്, മതത്തിന്‍റെ പേരിൽ വോട്ട് ചോദിച്ചെന്ന പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ പി.സി തോമസിന്‍റെ വിജയം റദ്ദാക്കിയത് മറ്റൊരു ചരിത്രം.

2009ൽ വർഷങ്ങൾ നീണ്ട പിണക്കത്തിന് അന്ത്യം കുറിച്ച് പി.സി ജോർജ് മാണിയുടെ കേരള കോൺഗ്രസ് എമ്മിൽ ലയിച്ചു. കേരള കോൺഗ്രസിന്‍റെ ഐക്യം ലക്ഷ്യമിട്ടായിരുന്നു ഈ ലയനം. അങ്ങനെ ജോർജ് മാണി വിഭാഗത്തിന്‍റെ ഏക ഉപാധ്യക്ഷനായി. എന്നാൽ, ജോർജിന്‍റെ നീക്കത്തെ എതിർത്ത ടി.എസ് ജോണും കൂട്ടരും കേരള കോൺഗ്രസ് സെക്കുലറിൽ ഉറച്ചു നിന്നു.

ടി.എസ് ജോണും പി.സി ജോർജും

ടി.എസ് ജോണും പി.സി ജോർജും

2010ൽ ജോസഫുമായുള്ള ബന്ധം അവസാനിപ്പിച്ച പി.സി. തോമസ് പഴയ കേരള കോൺഗ്രസുമായി രംഗത്തെത്തി. അതിനിടെ, 23 വർഷം നീണ്ട പിണക്കം അവസാനിപ്പിച്ച് മാണി വിഭാഗത്തിലെത്തിയ പി.ജെ. ജോസഫ് പാർട്ടിയുടെ വർക്കിങ് ചെയർമാനായി. 2015ഓടെ പി.സി. തോമസുമായുള്ള ബന്ധത്തിന് അന്ത്യം കുറിച്ച സ്കറിയ തോമസ് വിഭാഗം എൽ.ഡി.എഫിലെത്തി. 2016ൽ മാണിയുമായി ഇടഞ്ഞ കെ.എം ജോർജിന്‍റെ മകൻ ഫ്രാൻസിസ് ജോർജും കെ.സി ജോസഫും ആന്‍റണി രാജുവും ജനാധിപത്യം കേരള കോൺഗ്രസ് രൂപീകരിച്ച് ഇടതുമുന്നണിയിൽ ചേക്കേറി. ഫ്രാൻസിസ് ജോർജ് നിലവിൽ പി.ജെ. ജോസഫിനൊപ്പമാണ്.

ഇതിനിടെ 2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലേറിയപ്പോൾ മന്ത്രിസ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിൽ വീണ്ടും ഏറ്റുമുട്ടൽ തുടങ്ങി. കെ.എം മാണിയും പി.ജെ. ജോസഫും മന്ത്രിമാരായപ്പോൾ പി.സി. ജോർജിന് കാത്തിരുന്ന മന്ത്രിസ്ഥാനം ലഭിച്ചില്ല. പകരം കിട്ടിയത് ചീഫ് വിപ്പ് പദവി. ഇതോടെ മാണിയുമായി ഇടഞ്ഞ ജോർജ് പാർട്ടിക്കുള്ളിൽ കലാപ കൊടി ഉയർത്തി. സംസ്ഥാനത്ത് വീശിയടിച്ച ബാർ കോഴ വിവാദത്തിൽ മാണി എന്ന രാഷ്ട്രീയ ചാണക്യന് അടിത്തെറ്റി. ബാർ കോഴ ആയുധമാക്കി നീക്കം നടത്തിയ ജോർജിനെ പദവിയിൽ നിന്ന് മാണി നീക്കി. മാണിയുമായി തെറ്റിയ പി.സി ജോർജ് 'കേരള ജനപക്ഷം' എന്ന പുതിയ പാർട്ടിയുമായി രംഗത്തെത്തി. ഇതിന് പിന്നാലെ, എൻ.ഡി.എ മുന്നണിയിൽ ജോർജ് ചേക്കേറുകയും പിന്നീട് ബന്ധം അവസാനിപ്പിക്കുകയും ചെയ്തു.

ഫ്രാൻസിസ് ജോർജ്, പി.ജെ ജോസഫ്, ജോണി നെല്ലൂർ

ഫ്രാൻസിസ് ജോർജ്, പി.ജെ ജോസഫ്, ജോണി നെല്ലൂർ

2016ൽ യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് മാണി വിഭാഗം നിയമസഭയിൽ പ്രത്യേക ബ്ലോക്കായി നിന്നു. രണ്ട് വർഷത്തിന് ശേഷം 2018ൽ തിരികെ യു.ഡി.എഫിലെത്തി. കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് കേരള കോൺഗ്രസ് എമ്മിൽ പി.ജെ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങളുടെ അധികാര വടംവലി ആരംഭിച്ചു. ജോസഫിനെ എതിർത്ത അണികൾ ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്തു. തർക്കം കോടതി കയറി. ഇതിനിടെ പാലാ ഉപതെരഞ്ഞെടുപ്പിലെ ജോസ് കെ. മാണിയുടെ സ്ഥാനാർഥിയായ ജോസ് ടോമിന് പി.ജെ. ജോസഫ് പാർട്ടി ചിഹ്നമായ രണ്ടില അനുവദിച്ചില്ല. ഇതോടെ ജോസഫ്-ജോസ് കെ. മാണി വിഭാഗങ്ങൾ തമ്മിലുള്ള അകൽച്ചയുടെ ആഴം വർധിപ്പിച്ചു. യു.ഡി.എഫ് വിട്ട മാണി വിഭാഗം എൽ.ഡി.എഫിന്‍റെ ഭാഗമായി.

2020ൽ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളർന്നു. ജോണി നെല്ലൂർ വിഭാഗം പി.ജെ. ജോസഫ്​ വിഭാഗത്തിൽ ലയിക്കാൻ തീരുമാനിച്ച് ജേക്കബ്​ വിഭാഗം വൈസ്​ ചെയർമാൻ ജോർജ്​ ജോസഫ്​​ ലയനപ്രമേയം അവതരിപ്പിച്ചു​. ടി.എം. ജേക്കബിനു വേണ്ടി സ്മാരകം പണിയാൻ പോലും തയാറാകാത്ത മകനാണ് പാർട്ടിക്കു വേണ്ടി വാദിക്കുന്നതെന്നായിരുന്നു ആരോപണം. 2023ൽ മുൻ എം.എൽ.എ ജോണി നെല്ലൂർ കേരള കോൺഗ്രസ് ജോസഫ് വിഭാഗമായി തെറ്റിപിരിഞ്ഞു.

ആർ. ബാലകൃഷ്ണപിള്ളക്കൊപ്പം മക്കളായ കെ.ബി ഗണേഷ് കുമാറും ഉഷ മോഹൻദാസും

ആർ. ബാലകൃഷ്ണപിള്ളക്കൊപ്പം മക്കളായ കെ.ബി ഗണേഷ് കുമാറും ഉഷ മോഹൻദാസും

2021ൽ ആർ. ബാലകൃഷ്ണപിള്ള രൂപം കൊടുത്ത കേരള കോൺഗ്രസ് ബി പിളർന്നു. കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ സഹോദരി ഉഷ മോഹൻദാസിനെ പിളർന്ന വിഭാഗത്തിന്‍റെ പുതിയ അധ്യക്ഷയായി തെരഞ്ഞെടുത്തു. നിലവിൽ കോൺഗ്രസ് ബി എൽ.ഡി.എഫിന്‍റെ ഭാഗമാണ്.

2024 ഏപ്രിലിൽ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കവെ ജോസഫ് വിഭാഗം കോട്ടയം ജില്ല അധ്യക്ഷനും യു.ഡി.എഫ് ജില്ല ചെയർമാനുമായ സജി മഞ്ഞക്കടമ്പിൽ പാർട്ടിവിട്ടു. മോൻസ് ജോസഫിന്‍റെ ഏകാധ്യപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് രാജിവെക്കുകയും പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്ത സജി മഞ്ഞക്കടമ്പിൽ, 'കേരള കോൺഗ്രസ് (ഡെമോക്രാറ്റിക്)' എന്ന പുതിയ പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുടെ ഭാഗമായി.

പി.സി. ജോർജും മകൻ ഷോൺ ജോർജും

പി.സി. ജോർജും മകൻ ഷോൺ ജോർജും

2024 ജനുവരി 31ന് മുൻ എം.എൽ.എയും ചീഫ് വിപ്പുമായ പി.സി. ജോർജ് ചെയർമാനായ ജനപക്ഷം സെക്യുലർ പാർട്ടി ബി.ജെ.പിയിൽ ലയിച്ചു. പി.സി. ജോർജിന്‍റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോൺ ജോർജും പിതാവിനൊപ്പം ബി.ജെ.പിയിലെത്തി. ലോക്സഭ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലക്ഷ്യമിട്ടായിരുന്നു ഈ നീക്കമെങ്കിലും ബി.ജെ.പി നൽകിയില്ല.

ഇന്ത്യയിലെ മിക്ക പ്രാദേശിക പാർട്ടികളും വിവിധ സംസ്ഥാനങ്ങളിൽ ഒറ്റക്ക് അധികാരത്തിലേറിയിട്ടും ഷ​ഷ്ടി​പൂ​ർ​ത്തി​യിലെത്തിയ കേരള കോൺഗ്രസിന് ആ രാഷ്ട്രീയ ഭാഗ്യം ഉണ്ടായിട്ടില്ല. പിളർപ്പും ലയനവും പുതിയ പാർട്ടി രൂപീകരണവുമായി 'മുന്നേറുന്ന' കേരള കോൺഗ്രസിന് 'ഒറ്റക്ക് കേരളം ഭരിക്കുക' എന്നത് സ്വപ്നമായി അവശേഷിച്ചേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KM ManiKerala CongressKerala PoliticsPT ChackoKM George
News Summary - Kerala Congress at 60th Birth Day
Next Story