കേരള കോൺഗ്രസ് ചെയർമാൻ: ജോസ് കെ. മാണിയുടെ അപ്പീൽ തള്ളി
text_fieldsകട്ടപ്പന: കേരള കോൺഗ്രസ് എം ചെയർമാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി തടഞ്ഞ ഇടുക്കി മുൻസിഫ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അപ്പീൽ കട്ടപ്പന സബ്കോടതി തള്ളി. ജോസ് കെ. മാണി ചെയർമാെൻറ അധികാരങ്ങൾ ഉപയോഗിക്കാതിരിക്കാൻ പി.ജെ. ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽനിന്ന് വിലക്ക് സമ്പാദിച്ചിരുന്നു. ഇത് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയും പാർട്ടി ഉന്നതാധികാരസമിതി അംഗം കെ.ഐ. ആൻറണിയുമാണ് കട്ടപ്പന സബ്കോടതിയിൽ അപ്പീൽ നൽകിയത്. ഇടുക്കി മുൻസിഫ് കോടതി വിധിയിൽ ഇടപെടേണ്ടതില്ലെന്നും ഹരജി തള്ളുകയാണെന്നും വിധിന്യായത്തിൽ ജഡ്ജി എസ്. സൂരജ് വ്യക്തമാക്കി. മുൻസിഫ് കോടതിയിലെ ജോസഫ് വിഭാഗത്തിെൻറ ഹരജിയിൽ അന്തിമവിധി പുറപ്പെടുവിക്കാൻ ഈ മാസം 22ന് കേസ് പരിഗണിക്കും.
അതേസമയം, ജോസഫ് വർക്കിങ് ചെയർമാനാണെന്നും ‘ഇൻ ദ അബ്സെൻസ് ഓഫ് ചെയർമാൻ’ എന്ന് കേരള കോൺഗ്രസ് ഭരണഘടനയിൽ വ്യക്തമാക്കിയിരിക്കുന്ന ആർട്ടിക്കിൾ 29 താൽക്കാലിക ഒഴിവ് സംബന്ധിച്ച് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. മരണം, രാജിവെക്കൽ, പുറത്താക്കൽ തുടങ്ങിയ സാഹചര്യങ്ങളിൽ വരുന്ന ഒഴിവ് അതത് കമ്മിറ്റി ചേർന്ന് സമവായത്തിലൂടെ നികത്തണം.
സമവായം എന്നത് അതത് കമ്മിറ്റിയിൽ ഹാജരായവരുടെ അംഗീകാരം അഥവ ഭൂരിപക്ഷ അഭിപ്രായമാണ്. കേരള കോൺഗ്രസ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പാർട്ടി ആയതിനാൽ സമവായം എന്നത് ഭൂരിപക്ഷ അഭിപ്രായം തന്നെയാെണന്നും കോടതി പറഞ്ഞു. എതിർകക്ഷിയെന്ന നിലയിൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള സത്യവാങ്മൂലത്തിൽ ചെയർമാെൻറ സ്ഥാനം വഹിക്കുന്നത് താൽക്കാലികമായിട്ടാണെന്നും പുതിയ െചയർമാനെ െതരഞ്ഞെടുക്കാൻ സമവായമടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്നും ജോസഫ് ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടി െചയർമാനായിരുന്ന കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന് കഴിഞ്ഞ ജൂണിലാണ് സംസ്ഥാനസമിതിയെന്ന പേരിൽ യോഗം വിളിച്ച് പാർട്ടിയിലെ ഒരുവിഭാഗം ജോസ് കെ. മാണിയെ ചെയർമാനായി െതരഞ്ഞെടുത്തത്. ഇതിനെതിരെ പാർട്ടി ഭരണഘടനപ്രകാരമല്ലാതെയും മാനദണ്ഡങ്ങൾ ലംഘിച്ചും പങ്കെടുക്കാത്തവരുടെ വ്യാജ ഒപ്പിട്ടും മറ്റുമാണ് യോഗം ചേർന്നതെന്ന് ആരോപിച്ച് ജോസഫ് വിഭാഗം മുൻസിഫ് കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.