മാണി പരാമർശത്തിൽ കുരുങ്ങി കേരള കോൺഗ്രസ്; പ്രതികരണം തേടിയവരോട് ക്ഷുഭിതനായി റോഷി, സി.പി.എമ്മിന്‍റെ വിശദീകരണം തൃപ്തികരമെന്ന് ജോസ്
text_fieldsതിരുവനന്തപുരം: മുൻധനമന്ത്രി കെ.എം മാണി അഴിമതിക്കാരനായിരുന്നുവെന്ന സർക്കാർ അഭിഭാഷകന്‍റെ വാദത്തിൽ കുരുങ്ങി ഉഴറുകയാണ് കേരള കോൺഗ്രസ്. നിയമസഭയിലെ അക്രമസംഭവങ്ങളിൽ എം.എൽ.എമാർക്കെതിരായ നടപടി അവസാനിപ്പിക്കാൻ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാറിന്‍റെ അഭിഭാഷകൻ അവതരിപ്പിച്ച വാദങ്ങളിലാണ് മാണിക്കെതിരായ പരാമർശം ഉണ്ടായിരുന്നത്. അഴിമതിക്കാരനായ ധനമന്ത്രിക്കെതിരായിരുന്നു എം.എൽ.എമാരുടെ സമരമെന്നാണ് അഭിഭാഷകൻ വാദിച്ചത്. എന്നാൽ, ഇപ്പോൾ എൽ.ഡി.എഫിന്‍റെ ഭാഗമായ മാണി കോൺഗ്രസ് ഈ വാദത്തോടെ പ്രതിസന്ധിയിലായി. തങ്ങളുടെ സമ്മുന്നത നേതാവിനെതിരായ പരാമർശത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമായതിനാൽ അണികളോട് എങ്ങനെ വിശദീകരിക്കുമെന്ന പ്രതിസന്ധിയാണ് നേതൃത്വം നേരിടുന്നത്.
കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് നേതാവുമായ ജോസ് കെ മാണി വിഷയത്തിൽ കാര്യമായ പ്രതികരണം നടത്താൻ തയാറായില്ല. മാണിക്കെതിരായ പരാമർശമല്ലെന്നും യു.ഡി.എഫിനെതിരായ സമരമായിരുന്നുവെന്നുമുള്ള സി.പി.എം നിലപാട് തൃപ്തികരമാണെന്നാണ് ജോസ് കെ. മാണി പ്രതികരിച്ചത്.
വിഷയത്തിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് കേരള കോൺഗ്രസ് നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിൻ ക്ഷുഭിതനായാണ് പ്രതികരിച്ചത്. പാർട്ടിയുടെ നിലപാട് മുന്നണിയെ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാണിയെക്കുറിച്ച് പൊതുസമൂഹത്തിന് എല്ലാം അറിയാമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സുപ്രീം കോടതിയിലെ കെ.എം.മാണി വിരുദ്ധ പരാമർശത്തിൻ്റെ പേരിൽ വിവാദമുണ്ടാക്കേണ്ടെന്നാണ് കേരള കോൺ (എം) സ്റ്റിയറിങ് കമ്മിറ്റിയുടെ തീരുമാനം. കേരള രാഷ്ട്രീയത്തെക്കുറിച്ചറിയാത്ത അഭിഭാഷകൻ്റെ നാക്കു പിഴയാണെന്നാണ് പാർട്ടി വിലയിരുത്തൽ. പ്രസ്താവനകൾ എൽ.ഡി.എഫിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നതിനാൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ടെന്നാണ് പാർട്ടി നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.