വിട്ടുനിന്ന് ജോസ്പക്ഷം; യു.ഡി.എഫിൽനിന്ന് പുറത്തായേക്കും
text_fieldsതിരുവനന്തപുരം: പാര്‍ട്ടിയും മുന്നണിയും വിപ്പ് നല്‍കിയിട്ടും കേരള കോൺഗ്രസിലെ ജോസ് കെ. മാണി വിഭാഗം പിണറായി സര്‍ക്കാറിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിലും വോെട്ടടുപ്പിലുംനിന്ന് വിട്ടുനിന്നു. റോഷി അഗസ്റ്റിനും ഡോ. എൻ. ജയരാജുമാണ് വിട്ടുനിന്നത്.
ജോസ്പക്ഷത്തെ എം.എൽ.എമാർ തിങ്കളാഴ്ച തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നെങ്കിലും നിയമസഭയില്‍ എത്തിയതേയില്ല. എം.എല്‍.എ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന അവര്‍ പാര്‍ട്ടി തീരുമാനപ്രകാരമാണ് വിട്ടുനില്‍ക്കുന്നതെന്ന് വ്യക്തമാക്കി. അതേസമയം, യു.ഡി.എഫിെൻറ പേരിൽ ജയിച്ച രണ്ട് എം.എൽ.എമാർ സഭയിൽ എത്താതിരുന്നത് ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള അനീതിയാണെന്ന് പ്രമേയചർച്ചക്കിടെ നിയമസഭയിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. ഇത് ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭ തെരഞ്ഞെടുപ്പിലും അവിശ്വാസപ്രമേയചർച്ചയിലും യു.ഡി.എഫിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജോസഫ് പക്ഷവും യു.ഡി.എഫ് വിപ്പായ സണ്ണി ജോസഫും ജോസ് വിഭാഗം എം.എൽ.എമാർക്ക് വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സഭാനടപടികളിൽനിന്നും രാജ്യസഭ തെരഞ്ഞെടുപ്പിൽനിന്നും വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്പക്ഷം മറുചേരിക്കും വിപ്പ് നല്കി.
വരുംദിവസങ്ങളിൽ കൂറുമാറ്റവുമായി ബന്ധെപ്പട്ട നടപടികൾക്കായി ഇരുപക്ഷവും നീക്കം ശക്തമാക്കും. ഇക്കാര്യത്തില്‍ സ്പീക്കറുടേതായിരിക്കും അന്തിമ തീരുമാനം. തര്‍ക്കം തെരഞ്ഞെടുപ്പ് കമീഷന് മുന്നിലായതിനാൽ കമീഷൻ തീരുമാനം വരാതെ ഏതെങ്കിലും വിഭാഗത്തിനെതിരെ നടപടിക്കുള്ള സാധ്യത കുറവാണ്. അതേസമയം, ചൊവ്വാഴ്ച ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയിൽ ഇക്കാര്യം ചർച്ചയായേക്കും. മുന്നണിയിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചാൽ ഉടൻതന്നെ യു.ഡി.എഫ് ചേർന്ന് നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.