രണ്ടിലയുമില്ല, കൊട്ടിക്കയറാൻ ചെണ്ടയുമില്ല; ചിഹ്നം കാത്ത് ജോസഫ് വിഭാഗം
text_fieldsകോട്ടയം: 'രണ്ടില' കിട്ടില്ലെന്നുറപ്പായതിനൊപ്പം കൈയിലിരുന്ന 'ചെണ്ട'യും പൊട്ടിയതോടെ പുതിയ ചിഹ്നത്തിന് തലപുകഞ്ഞ് ജോസഫ് വിഭാഗം. രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് ജോസഫ് വിഭാഗം സമര്പ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതിനൊപ്പമാണ് പുതിയ പ്രതിസന്ധി.
രണ്ടില ഇല്ലെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച ചെണ്ട ചിഹ്നത്തിൽ നിയമസഭയിലേക്ക് മത്സരിക്കാനായിരുന്നു പാർട്ടി നേതൃത്വത്തിലെ ധാരണ. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച ചിഹ്നങ്ങളിൽ ചെണ്ടയില്ല.
ട്രാക്ടർ ഓടിക്കുന്ന കർഷകൻ ഉൾപ്പെടെ മൂന്ന് ചിഹ്നങ്ങളാണ് പുതുതായി പരിഗണിക്കുന്നത്. കേരള കോൺഗ്രസ്-എമ്മിൽ ലയിക്കുന്നതിനുമുമ്പ് സൈക്കിൾ ചിഹ്നത്തിലാണ് കേരള കോൺഗ്രസ് (ജെ) സ്ഥാനാർഥികൾ മത്സരിച്ചിരുന്നത്. ലയനത്തിനുപിന്നാലെ കമീഷൻ മരവിപ്പിച്ച ഈ ചിഹ്നം തിരികെ ലഭിക്കാനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
അതിനിടെ, ജോസഫ് വിഭാഗം സ്ഥാനാർഥികൾക്കെല്ലാം പൊതുചിഹ്നം നൽകണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് തെരഞ്ഞെടുപ്പ് കമീഷന് കത്ത് നൽകിയി. എല്ലാ സ്ഥാനാർഥിക്കും ഒരേ ചിഹ്നം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അടുത്ത ദിവസം ഇക്കാര്യത്തിൽ വ്യക്തതയാകുമെന്നും കേരള കോൺഗ്രസ് (ജോസഫ്) ജനറൽ സെക്രട്ടറി ജോയി എബ്രഹാം പറഞ്ഞു.
അതിനിടെ, ഹരജി സുപ്രീംകോടതി തള്ളിയതോടെ ജോസഫ് വിഭാഗം സ്ഥാനാർഥികളെല്ലാം സ്വതന്ത്രരെന്ന നിലയിലാകും മത്സരിക്കേണ്ടിവരുക. 'രണ്ടില'യിൽ വീണ്ടും തിരിച്ചടി നേരിട്ടതോടെ ഇനി നിയമപോരാട്ടം വേണ്ടെന്ന അഭിപ്രായവും പാർട്ടിയിൽ ശക്തമാണ്. പുതിയ പാർട്ടി രജിസ്റ്റർ ചെയ്യണമെന്ന വികാരമാണ് ഇവർ പങ്കുവെക്കുന്നത്.
പഴയ ജോസഫ് ഗ്രൂപ് പുനഃസ്ഥാപിക്കാൻ ആലോചനയുണ്ടെങ്കിലും പിളർപ്പിൽ മാണി വിഭാഗക്കാരും ഒപ്പമെത്തിയതിനാൽ മറ്റുപേരുകളാണ് പരിഗണിക്കുന്നത്.
അതേസമയം, എൽ.ഡി.എഫിലെ മികച്ച പരിഗണനക്കുപിന്നാലെ 'രണ്ടില'യും ലഭിച്ചതോടെ കേരള കോൺഗ്രസ്-എം കേന്ദ്രങ്ങൾ ആഹ്ലാദത്തിലാണ്. മുന്നണി മാറി മത്സരിക്കുന്നതിനാൽ രണ്ടില അനിവാര്യമായിരുെന്നന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.