എം.പിയെ മുഖ്യമന്ത്രി വിമർശിച്ചതിൽ കേരള കോൺഗ്രസ് (എം) അണികളിൽ അതൃപ്തി
text_fieldsകോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം ഏറക്കുറെ ഉറപ്പിച്ച തോമസ് ചാഴികാടൻ എം.പിയെ നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിനെച്ചൊല്ലി കേരള കോൺഗ്രസ് -എമ്മിൽ കടുത്ത അതൃപ്തി. ദിവസങ്ങൾ കഴിഞ്ഞിട്ടും പാർട്ടി ചെയർമാൻ ജോസ് കെ. മാണി ഉൾപ്പെടെ പ്രതികരിക്കാത്തതും അണികളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്താൻ കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുകയാണ്.
ചാഴികാടനെ അനുകൂലിച്ച് വി.ഡി. സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ രംഗത്തെത്തിയത് ഇതിന്റെ ഭാഗമായാണ്. ക്രൈസ്തവരുമായി കൂടുതൽ ബന്ധമുണ്ടാക്കാൻ സ്നേഹയാത്രക്ക് തയാറാകുന്ന ബി.ജെ.പിയും രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണ്.
കഴിഞ്ഞദിവസം പാലായിൽ നവകേരള സദസ്സ് ഉദ്ഘാടന വേദിയിലാണ് തോമസ് ചാഴികാടനെ മുഖ്യമന്ത്രി തിരുത്തിയത്. ഇത് എം.പിയെ അപമാനിക്കുന്നതാണെന്നാണ് പൊതുവിലയിരുത്തൽ. മുഖ്യമന്ത്രിക്കെതിരെ കേരള കോൺഗ്രസ് -എമ്മിന്റെ സൈബർ വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്.
പാലായിൽ റബർ വിലത്തകർച്ചയെക്കുറിച്ച് പറയുകതന്നെ ചെയ്യുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റുകളിലുൾപ്പെടെ പാർട്ടിവൃത്തങ്ങൾ പ്രതികരിച്ചിട്ടുള്ളത്. എന്നാൽ, അവർക്ക് തൽക്കാലം മറുപടി നൽകേണ്ടതില്ലെന്നാണ് സി.പി.എം സൈബർ വിഭാഗത്തിന് ലഭിച്ച നിർദേശം. യു.ഡി.എഫിൽ ശക്തമായിരുന്ന പാർട്ടി എൽ.ഡി.എഫിൽ എത്തിയതോടെ റാൻമൂളികളായെന്ന പരാതി നേതാക്കൾക്കുൾപ്പെടെയുണ്ട്.
എൽ.ഡി.എഫിൽ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഉൾപ്പെടെ നഷ്ടപ്പെട്ടതായും അവർക്കും പരാതിയുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്തിന് പുറമെ ഒരു സീറ്റുകൂടി ആവശ്യപ്പെടാൻ നിൽക്കുന്ന കേരള കോൺഗ്രസ് കരുതലോടെയാണ് നീങ്ങുന്നത്. എന്നാൽ, ആത്മാഭിമാനമുണ്ടെങ്കിൽ തോമസ് ചാഴികാടൻ രാജിെവക്കണമെന്ന ആവശ്യമാണ് യു.ഡി.എഫ് ജില്ല കമ്മിറ്റിയുടേത്. തോമസ് ചാഴികാടന് അഭിവാദ്യമർപ്പിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റ് പാർട്ടി പ്രവർത്തകർ ഷെയർ ചെയ്യുന്നുമുണ്ട്.
ചാഴികാടനെ അപമാനിച്ചിട്ടില്ല -മുഖ്യമന്ത്രി
ആലപ്പുഴ: കോട്ടയത്ത് നടന്ന നവകേരള സദസ്സിൽ കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ എം.പിയെ താൻ അപമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവിടെ ആരെയും അപമാനിക്കലോ ബഹുമാനിക്കലോ ഒന്നുമല്ല ഉണ്ടായത്. കാര്യങ്ങൾ വിശദമാക്കുകയാണ് ചെയ്തത്.
അദ്ദേഹവും താനും തമ്മിൽ ഒരു പ്രശ്നവും ഇല്ല. നവകേരള യാത്രയും എം.പിയും തമ്മിലും പ്രശ്നമില്ല. ഒന്നും പറയാനില്ലാതിരിക്കുമ്പോൾ ഇങ്ങനെ ഓരോന്ന് കെട്ടിച്ചമച്ച് പറഞ്ഞ് അതിന്റെ മനോസുഖം അനുഭവിക്കുകയാണ് പ്രതിപക്ഷ നേതാവ്. ആർക്കും ഇല്ലാത്ത പരാതി ഉണ്ട് എന്ന് വരുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.