രണ്ട് ലോക്സഭ സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ് -എം
text_fieldsകോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. കോട്ടയത്തിനു പുറമെ, ഇടുക്കിയോ പത്തനംതിട്ടയോ നൽകണമെന്നാണ് ആവശ്യം. ഏത് സീറ്റ് വേണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനും വിഷയം എൽ.ഡി.എഫിൽ ഉന്നയിക്കാനും ചെയർമാൻ ജോസ് കെ. മാണിയെ യോഗം ചുമതലപ്പെടുത്തി. പത്തനംതിട്ട വേണമെന്ന ആവശ്യത്തിനായിരുന്നു സെക്രട്ടേറിയറ്റിൽ മുൻതൂക്കം.
തോമസ് ചാഴികാടൻ എം.പിക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ കാര്യമായ ചർച്ചയായില്ല. എം.പിയും മുഖ്യമന്ത്രിയും വിശദീകരണം നൽകിയതിനാൽ വിഷയം അടഞ്ഞ അധ്യായമാണെന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്. റബർ വിഷയത്തിൽ പാർട്ടി പ്രതിരോധത്തിലാണെന്ന പൊതുവികാരത്തെതുടർന്ന് താങ്ങുവില ഉയർത്താൻ സർക്കാറിൽ കടുത്ത സമ്മർദം ചെലുത്താൻ ധാരണയായി. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ മധ്യകേരളത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചു. യോഗം ജോസ് കെ. മാണി എം.പി ഉദ്ഘാടനം ചെയ്തു. മോദി ഗാരന്റിയെന്ന പ്രചാരണം പാഴ്വാക്കാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ റബർ കർഷകർക്ക് സഹായങ്ങൾ വാരിക്കോരി നൽകുന്ന കേന്ദ്രം, കേരളത്തിലെ റബർ കർഷകരെ സഹായിക്കാൻ ഒന്നും ചെയ്യുന്നില്ല. റബർ ഇറക്കുമതിയിലൂടെ കേന്ദ്രത്തിന് വരുമാനമായി ലഭിച്ച 7800 കോടിയിൽനിന്ന് 500 കോടി രൂപ റബർ വിലസ്ഥിരത ഫണ്ടിലേക്ക് നൽകണമെന്ന ആവശ്യവും അംഗീകരിച്ചിട്ടില്ല. സംസ്ഥാന സർക്കാറിന് പ്രതിബന്ധങ്ങൾ സൃഷ്ടിക്കാൻ ഭരണഘടന പദവി ദുരുപയോഗം ചെയ്യുന്ന ഗവർണറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
പാർലമെൻററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ, വൈസ് ചെയർമാൻമാരായ തോമസ് ചാഴികാടൻ എം.പി, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, ജനറല്‍ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ്, എം.എൽ.എമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.