‘നഷ്ടക്കച്ചവടമായി’ കേരള കോൺഗ്രസ് -എമ്മിന്റെ മുന്നണിമാറ്റം
text_fieldsകോട്ടയം: യു.ഡി.എഫിലായിരുന്നപ്പോൾ നിർണായക ശക്തിയായിരുന്ന കേരള കോൺഗ്രസ് -എമ്മിന് മറുകണ്ടം ചാടൽ നഷ്ടക്കച്ചവടമാകുന്നത് തുടർക്കഥ. തോമസ് ചാഴികാടന്റെ തോൽവിയിലൂടെ ആകെയുണ്ടായിരുന്ന കോട്ടയം ലോക്സഭാ മണ്ഡലമാണ് ഒടുവിലത്തെ നഷ്ടം.
പാർട്ടി ചെയർമാനായ ജോസ് കെ. മാണിയുടെ രാജ്യസഭാംഗത്വം ജൂലൈ ഒന്നോടെ അവസാനിക്കുകയാണ്. ഒഴിവുവരുന്ന പദവി തൽക്കാലം നൽകില്ലെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ച സാഹചര്യത്തിൽ ഡൽഹിയിലും പാർട്ടിക്ക് ‘പിടി’ ഇല്ലാതാകും.
ജോസ് കെ. മാണിക്ക് ഇനി എന്ത് പദവി ലഭിക്കുമെന്നതിലും ആശയക്കുഴപ്പമുണ്ട്. സ്വന്തം തട്ടകമായ പാലായിൽപോലും ഈ തെരഞ്ഞെടുപ്പിൽ പാർട്ടി പതിനായിരത്തിലധികം വോട്ടിന് പിന്നാക്കം പോയി. എൽ.ഡി.എഫിന് കരുത്ത് പകരാൻ പാർട്ടിക്ക് സാധിക്കുന്നില്ലെന്ന പ്രതീതിയും ശക്തമാണ്.
കോട്ടയത്തിനുപുറമെ പത്തനംതിട്ട, ഇടുക്കി സീറ്റുകൾകൂടി മത്സരിക്കാൻ വേണമെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം എൽ.ഡി.എഫ് നേതൃത്വം ആദ്യമേ തള്ളിയിരുന്നു. അതേസമയം, മാണി വിഭാഗത്തിന് വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ട ഇടുക്കി, പത്തനംതിട്ട മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർഥികളുടെ ദയനീയ തോൽവി പാർട്ടിക്ക് മറ്റൊരു തിരിച്ചടിയായി. ഒപ്പം നിന്നവരെ വഞ്ചിച്ച് മറുകണ്ടം ചാടിയവരാണ് മാണി വിഭാഗമെന്ന പ്രചാരണം ഇത്തവണയും യു.ഡി.എഫ് നടത്തി.
എന്നാൽ, രണ്ടുവർഷത്തോളം സഹിച്ചുനിന്ന തങ്ങളെ ചവിട്ടിപ്പുറത്താക്കിയതാണെന്ന് വിശദീകരിച്ച് യു.ഡി.എഫ് നേതാക്കളുടെ വിഡിയോ ഉൾപ്പെടെ കാണിച്ച് പ്രതിരോധിക്കാൻ മാണി വിഭാഗം ശ്രമിച്ചെങ്കിലും വോട്ടർമാർ അതെല്ലാം തള്ളിയെന്നാണ് തെരഞ്ഞെടുപ്പുഫലം വെളിപ്പെടുത്തിയത്.
എൽ.ഡി.എഫിൽ എത്തിയതുമുതൽ കേരള കോൺഗ്രസ്-എമ്മിന് നഷ്ടങ്ങളാണുണ്ടാകുന്നതെന്ന് പാർട്ടി വൃത്തങ്ങളും സമ്മതിക്കുന്നു.
യു.ഡി.എഫ് നൽകിയ രാജ്യസഭാംഗത്വം എൽ.ഡി.എഫ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം രാജിവെച്ച് പാലാ നിയമസഭയിൽ മത്സരിച്ച ചെയർമാൻ ജോസ് കെ. മാണിയുടെ പരാജയം, നിയമസഭയിലേക്ക് മത്സരിച്ച 13 സീറ്റിൽ എട്ടെണ്ണത്തിലെയും പരാജയം, പാലാ മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ഭരണനഷ്ടം, ഏറ്റവുമൊടുവിൽ കോട്ടയം ലോക്സഭാ മണ്ഡലം കൈവിട്ടത് എന്നിവയെല്ലാം നഷ്ടങ്ങളുടെ പട്ടികയിലാണ് വരുന്നത്. എൽ.ഡി.എഫിലെ രണ്ടാംസ്ഥാനം ലഭിച്ചില്ലെന്ന് മാത്രമല്ല ഒരു മന്ത്രിസ്ഥാനവും ചീഫ്വിപ്പ് സ്ഥാനവും കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.