കേരള കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം: കടുത്ത നിലപാടിന് ജോസഫ് വിഭാഗത്തിൽ ധാരണ
text_fieldsതൊടുപുഴ: ഇടത് ചായ്വിെൻറ പശ്ചാത്തലത്തിൽ പാർട്ടിയിലുണ്ടായ ഭിന്നത ചർച്ചചെയ്യാൻ തിങ്കളാഴ്ച നടക്കുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ് എം.എൽ.എമാരുടെ യോഗത്തിൽ കടുത്ത നിലപാടെടുക്കാൻ ജോസഫ് വിഭാഗത്തിൽ ധാരണ. തുടർന്നങ്ങോട്ട് ഒരുതരത്തിലുള്ള ഇടത് ബന്ധവും ഉണ്ടായിക്കൂടെന്ന ഉറപ്പാകും പി.ജെ. ജോസഫ് ആവശ്യപ്പെടുക.
സമയപരിധിവെച്ച് യു.ഡി.എഫിലെത്താൻ അനുകൂല സാഹചര്യമൊരുക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുമെന്നാണ് സൂചന. പാർട്ടിയുടെ മനസ്സ് തെൻറ നിലപാടിനൊപ്പമെന്ന സാഹചര്യം ഉരുത്തിരിഞ്ഞിരിക്കെ പതിവിന് വിപരീതമായി പി.ജെ. ജോസഫ് യോഗത്തിൽ കത്തിക്കയറും. ഇക്കാര്യത്തിൽ വിശ്വസ്തരുടെയും കോൺഗ്രസിൽനിന്നടക്കം നേതാക്കളുടെയും സമ്മർദവും പ്രതിഫലിക്കും. കർശന യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാനും വ്യക്തമായ ഉറപ്പില്ലെങ്കിൽ മാണി ഗ്രൂപ്പിൽനിന്ന് പുറത്തുവന്ന് ജോസഫ് ഗ്രൂപ് പുനഃസ്ഥാപിക്കാനുമാണ് ജോസഫിനുമേൽ സമ്മർദം.
ഇതിലേക്ക് ഗ്രൂപ്പിന് പുറത്തുനിന്ന് ഒരു എം.എൽ.എയുടെകൂടി പിന്തുണ ജോസഫ് വിഭാഗം ഉറപ്പിച്ചതായാണ് സൂചന. മാണിയുടെ വിശ്വസ്തരിൽ മുതിർന്ന എം.എൽ.എയാണ് ഗ്രൂപ്പിന് പുറത്തുനിന്നുള്ളത്. അതിനിടെ ഇടുക്കിയിൽനിന്നുള്ള മാണിയുടെ വിശ്വസ്തനെ ഒാഫർ നൽകി മാണി തിരിച്ചുപിടിച്ചു. അതേസമയം, ആറിൽ നാല് എം.എൽ.എമാർ എൽ.ഡി.എഫ് ബന്ധം വേണ്ടെന്ന കാര്യത്തിൽ ഒറ്റക്കെട്ടാണ്. കോട്ടയം ജില്ല പഞ്ചായത്ത് നിലപാടിെൻറ ചുവടുപിടിച്ച് മാണി ഇടതുപക്ഷത്തേക്കെന്ന സൂചനകൾ പുറത്തേക്ക് വാതിൽ തുറക്കുന്നതിന് അവസരമായാണ് ജോസഫ് വിഭാഗം കാണുന്നത്. ഇടതുപക്ഷത്ത് നിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസും പുറത്തുവരുന്ന ജോസഫിൽ ലയിക്കാൻ താൽപര്യത്തിലാണ്.
മാണി ഇടതുപക്ഷത്തേക്കെങ്കിൽ പാർട്ടി നിലപാട് മാറ്റുമെന്ന് ചെയർമാൻ ഫ്രാൻസിസ് ജോർജ് വ്യക്തമാക്കിക്കഴിഞ്ഞു. എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കാത്തതിെൻറ വിഷമവും ജനാധിപത്യ കേരള കോൺഗ്രസിനുണ്ട്. പാർട്ടിയിലെ അവഗണനക്കെതിരെ തിരിച്ചടി നൽകാൻ പറ്റിയ അവസരമാണിതെന്നാണ് മുമ്പ് ജോസഫിനൊപ്പമായിരുന്നവരുടെ വികാരം. എൽ.ഡി.എഫിനൊപ്പം നിൽക്കാൻ താൽപര്യമില്ലാത്ത മാണിയുടെ ചില വിശ്വസ്തരും കഴിഞ്ഞ ദിവസങ്ങളിൽ ജോസഫുമായി ബന്ധപ്പെട്ടിരുന്നു.
മാണിക്ക് മുകളിലും ഉന്നതാധികാരസമിതി അറിയാതെയും പാർട്ടിയിൽ ജോസ് കെ. മാണിയെടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനാകില്ല. ചരൽക്കുന്ന് ക്യാമ്പിലെ തീരുമാനപ്രകാരം തദ്ദേശ സ്ഥാപന ഭരണസമിതികൾ യു.ഡി.എഫുമായി സഹകരിച്ച് പോകണം എന്നീ ആവശ്യങ്ങളും ജോസഫ് ഉന്നയിക്കും. ഇതടക്കം നിലപാടിനോട് വ്യക്തതയാർന്ന ഉറപ്പ് മാണിയിൽനിന്ന് ഇല്ലാത്ത സാഹചര്യമുണ്ടായാൽ പിന്തുണക്കുന്നവരുമായി ആേലാചിച്ച് പാർട്ടി വിടുന്നതടക്കം നടപടികളെടുക്കണമെന്നാണ് മാണിവിരുദ്ധരുടെ സമ്മർദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.