കേരള കോൺഗ്രസ് പി.ജെ ജോസഫ്-പി.സി തോമസ് വിഭാഗങ്ങൾ ലയിച്ചു
text_fieldsകോട്ടയം: എൻ.ഡി.എ വിട്ട പി.സി. തോമസിെൻറ കേരള കോണ്‍ഗ്രസിൽ ജോസഫ് വിഭാഗം ലയിച്ചു. കടുത്തുരുത്തിയില്‍ ബുധനാഴ്ച നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിൽ പങ്കെടുത്ത പി.സി. തോമസ് ഔദ്യോഗികമായി ലയനം പ്രഖ്യാപിച്ചു.
ചിഹ്നപ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പി.സി. തോമസ്- ജോസഫ് ലയനം. ഇതോടെ കേരള കോൺഗ്രസെന്ന പേരിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് മത്സരിക്കാം. ഇരുവിഭാഗവും ഒരുമിച്ചുണ്ടായിരുന്നപ്പോൾ മത്സരിച്ച സൈക്കിൾ ചിഹ്നം സ്വന്തമാക്കാനും നടപടി തുടങ്ങി. സൈക്കിളിനായി തെരഞ്ഞെടുപ്പ് കമീഷന് അപേക്ഷ നല്‍കി. നിലവിൽ കേരള കോൺഗ്രസിന് കസേരയാണ് ചിഹ്നം.
രണ്ടില ചിഹ്നവും കേരള കോൺഗ്രസ് എം എന്ന പേരും ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിെവച്ചതോടെയാണ് പി.സി. തോമസുമായി ലയിക്കാൻ ജോസഫ് വിഭാഗം നീക്കം ആരംഭിച്ചത്. പി.സി. തോമസ് വിഭാഗത്തിന് സീറ്റ് നൽകാതെ എൻ.ഡി.എ അവഗണിച്ചതോടെ ചർച്ചക്ക് വേഗം കൂടി. ബുധനാഴ്ച പുലർച്ച ഒന്നുമുതൽ അഞ്ചുവരെ നടന്ന അന്തിമചർച്ചയിൽ ലയന ധാരണയായി.
പുനഃസംഘടനയിൽ പാർട്ടി ചെയർമാനായി പി.ജെ. ജോസഫിനെ തെരഞ്ഞെടുക്കും. പി.സി. തോമസ് രണ്ടാമനാകും. മറ്റ് സ്ഥാനങ്ങളിൽ പിന്നീട് ചർച്ചയിലൂടെ വ്യക്തത വരുത്തും. തീരുമാനം യു.ഡി.എഫ് സ്വാഗതം ചെയ്തു. കണ്‍വെന്‍ഷനിൽ പെങ്കടുത്ത ഉമ്മൻ ചാണ്ടി പി.സി. തോമസിെൻറ സാന്നിധ്യം കൂടുതൽ സന്തോഷം പകരുന്നതായി പറഞ്ഞു. പി.സി. തോമസ് ശരിയായ സ്ഥലത്ത് എത്തി. ജനാധിപത്യ ശക്തികൾ ഒന്നിക്കണം. അദ്ദേഹം പറഞ്ഞു.
പതിറ്റാണ്ടിനുശേഷമാണ് യു.ഡി.എഫ് വേദിയിലെത്തുന്നതെന്ന് പറഞ്ഞ പി.സി. തോമസ് എൻ.ഡി.എയിൽനിന്ന് കൂടുതൽ പേർ യു.ഡി.എഫിലേക്ക് എത്തുമെന്നും അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലാണ് യു.ഡി.എഫിൽനിന്ന് പുറത്തുപോകേണ്ടി വന്നത്. അന്ന് പുറത്താക്കിയതിെൻറ കാരണം അറിയില്ല. കേരള കോൺഗ്രസിലേക്ക് പലരെയും ക്ഷണിക്കുമായിരുന്നു. എന്നാൽ, ഇതുവരെ ഉണ്ടായിരുന്ന പാർട്ടിയിലേക്ക് വരില്ലെന്നായിരുന്നു മറുപടി. ഇപ്പോൾ നിൽക്കേണ്ട സ്ഥലത്ത് എത്തിയപ്പോൾ നിരവധിയാളുകൾ വരുമെന്നാണ് പ്രതീക്ഷ. വളരുംതോറും പിളരും എന്നൊന്നില്ല. കേരള കോൺഗ്രസുകാരെല്ലാം ഒരുമിക്കണം -പി.സി. തോമസ് പറഞ്ഞു.
ഇരുവിഭാഗങ്ങളും ലയിച്ചതായി പി.സി തോമസ് കൺവെൻഷനിൽ പ്രഖ്യാപിച്ചു. എത്തേണ്ട സ്ഥലത്ത് പി.സി തോമസ് എത്തിയെന്നും ഇത് യു.ഡി.എഫിന് ശക്തി പകരുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
സുപ്രീംകോടതി വിധിയോടെ ജോസഫ് വിഭാഗത്തിന് സ്വതന്ത്രരായി മത്സരിക്കേണ്ടി വരുമായിരുന്നു. ഒരേ ചിഹ്നം ലഭിക്കാൻ സാധ്യതയുമില്ലായിരുന്നു. ഇതോടെയാണ് പി.സി. തോമസിനൊപ്പം ചേരാൻ ഇവർ തീരുമാനിച്ചത്. നേരേത്ത ജോസഫിനൊപ്പമായിരുന്നു പി.സി. തോമസെങ്കിലും മാണി -ജോസഫ് ലയനത്തോടെ പുതിയ പാർട്ടിയുണ്ടാക്കുകയായിരുന്നു. നിയമപോരാട്ടങ്ങൾക്കൊടുവിൽ ബ്രാക്കറ്റില്ലാതെ കേരള കോൺഗ്രസ് എന്ന പേരും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.