സി.പി.ഐക്ക് നാലെങ്കിൽ, രണ്ട് സീറ്റെങ്കിലും വേണമെന്ന് കേരള കോൺഗ്രസ് -എം
text_fieldsകോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് നാലുസീറ്റ് നൽകാമെങ്കിൽ തങ്ങൾക്ക് കുറഞ്ഞത് രണ്ട് സീറ്റെങ്കിലും വേണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് (എം). കോട്ടയത്തിനുപുറമെ ഇടുക്കി, പത്തനംതിട്ട സീറ്റുകൾ കൂടി എൽ.ഡി.എഫിൽ ആവശ്യപ്പെടാനാണ് തീരുമാനം. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ സി.പി.എം വിട്ടുവീഴ്ചക്ക് തയാറാകുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ് -എം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായാണ് കേരള കോൺഗ്രസ് -എമ്മിന്റെ തോമസ് ചാഴികാടൻ കോട്ടയത്തുനിന്ന് എം.പിയായത്.
അതിന് ശേഷമാണ് പാർട്ടി എൽ.ഡി.എഫിനൊപ്പമെത്തിയത്. എന്നാൽ, എൽ.ഡി.എഫിലെത്തിയിട്ട് പലപ്പോഴും അവഗണന നേരിടേണ്ട സാഹചര്യമുണ്ടെന്ന് പാർട്ടിക്കുള്ളിൽ പൊതു അഭിപ്രായമുണ്ട്. സി.പി.ഐക്ക് കിട്ടുന്ന പരിഗണന തങ്ങൾക്കുണ്ടാകുന്നില്ലെന്ന പരാതിയും അവർ ഉന്നയിക്കുന്നു.
സി.പി.ഐക്ക് നാല് ലോക്സഭാ മണ്ഡലമാണ് മത്സരിക്കാൻ നൽകുന്നത്. കഴിഞ്ഞതവണ അവർ നാല് മണ്ഡലത്തിലും പരാജയപ്പെടുകയും ചെയ്തു. വീണ്ടും സമാന പ്രതിസന്ധി സി.പി.ഐക്കുണ്ട്. ആ സാഹചര്യത്തിൽ തങ്ങൾക്ക് വിജയസാധ്യതയുള്ള മൂന്ന് സീറ്റ് നൽകിയാൽ എന്താണെന്ന ചോദ്യമാണ് കേരള കോൺഗ്രസ്-എം വൃത്തങ്ങൾ ഉന്നയിക്കുന്നത്. കോട്ടയത്ത് വീണ്ടും വിജയം ഉറപ്പെന്നാണ് പാർട്ടി വിലയിരുത്തൽ. അതിനുപുറമെ, ഇടുക്കി സീറ്റിലും ക്രൈസ്തവർക്ക് കൂടുതൽ സ്വാധീനമുള്ള പത്തനംതിട്ടയിലും വിജയിക്കാൻ സാധിക്കുമെന്ന അവകാശവാദവും അവർ ഉന്നയിക്കുന്നു. റബർ ഉൾപ്പെടെ കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ച, വന്യമൃഗശല്യം, നെല്ലിന്റെ തുക നൽകാത്തത്, മന്ത്രി സജി ചെറിയാന്റെ മതാധ്യക്ഷന്മാർക്കെതിരായ പരാമർശം എന്നിവ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ബി.ജെ.പി നീക്കത്തിലും സി.പി.എമ്മിന് ആശങ്കയുണ്ട്. ആ സാഹചര്യത്തിൽ ക്രൈസ്തവ പ്രാതിനിധ്യം കൂടുതലുള്ള കേരള കോൺഗ്രസ് -എമ്മിന്റെ ആവശ്യത്തെ സി.പി.എം തള്ളിക്കളയുമെന്ന് പറയാനാകില്ല. നവകേരള സദസ്സ് വേദിയിൽ തോമസ് ചാഴികാടൻ എം.പിയെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചതിലുൾപ്പെടെ പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ട്. അതിനുപുറമെ, കേരള കോൺഗ്രസ്-എം യു.ഡി.എഫിലേക്ക് വരണമെന്ന ആവശ്യവും നിലവിലുണ്ട്. ഇതുകൂടി പരിഗണിച്ചുള്ള സമ്മർദമാകും എൽ.ഡി.എഫിൽ കേരള കോൺഗ്രസ് -എം ഉയർത്തുക.
മൂന്ന് കിട്ടിയില്ലെങ്കിലും ഇടുക്കി, പത്തനംതിട്ട എന്നിവയിൽ ഏതെങ്കിലുംകൂടി വാങ്ങണമെന്നാണ് പാർട്ടിക്കുള്ളിലെ ആവശ്യം. എന്നാൽ, പത്തനംതിട്ടയിൽ മുതിർന്ന ഒരു നേതാവിന്റെ പേര് സി.പി.എമ്മിന്റെ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. അതിനാൽ ഇടുക്കി സീറ്റ് മാണി വിഭാഗത്തിന് നൽകി പ്രശ്നം പരിഹരിക്കാനാകും സി.പി.എം ശ്രമിക്കുകയെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.