സഹകരണ ബാങ്ക് സ്വർണപണയം ഇനി പുതിയരീതിയിൽ; സ്വർണവില കുറഞ്ഞാൽ കൂടുതൽ പണം നൽകണം, അല്ലെങ്കിൽ ലേലം ചെയ്യും
text_fieldsതിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ സ്വർണവായ്‌പാ നടപടികളിൽ കാര്യമായ മാറ്റം പ്രാബല്യത്തിൽ. സ്വർണവില കുറഞ്ഞാൽ പണയവായ്‌പയിൽ ഉള്ള നഷ്ടം വായ്പക്കാരൻ നികത്തണം. നിശ്ചിത തുക അടക്കുകയോ അധിക സ്വർണം ഈട് നൽകുകയോ ചെയ്തില്ലെങ്കിൽ നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ പണയ സ്വർണം ബാങ്കിന് ലേലം ചെയ്യാം. ഇതുസംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി.
വായ്‌പക്കാരനും ബാങ്കുമായി കൃത്യമായ ആശയവിനിമയത്തിനും പണയസ്വർണത്തിന്റെ ലേല നടപടിക്കും പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് (സെക്രട്ടറി), രണ്ട് ഭരണസമിതി അംഗം, ഒരു മുതിർന്ന ജീവനക്കാരൻ എന്നിവർ അടങ്ങിയ ഉപസമിതി ഉണ്ടാക്കും. പണയത്തിലെ തിരിച്ചടവ് കൃത്യമാക്കാനും സംഘങ്ങളുടെ നഷ്ടം ഒഴിവാക്കാനുമാണിത്.
സ്വർണവില ഇടിയുമ്പോൾ പണയവായ്‌പയിൽ നഷ്ടം ഉണ്ടായാൽ അത് ശാഖാ മാനേജർ ഈ ഉപസമിതിയെ അറിയിക്കണം. കുറവ് നികത്തുന്നതിനാവശ്യമായ പണം അടയ്‌ക്കാനോ അധിക സ്വർണം ഈട് നൽകാനോ വായ്‌പക്കാരനോട് ആവശ്യപ്പെടാം. നികത്താത്തപക്ഷം, നോട്ടീസ് നൽകി 14 ദിവസത്തിനുള്ളിൽ ലേലം ചെയ്യാം. സാധാരണ ലേലത്തിന് 14 ദിവസം സമയം അനുവദിച്ച് വായ്‌പക്കാരന് നോട്ടീസ് നൽകണം.
കുടിശ്ശികയുടെ പകുതി അടച്ച്, ബാക്കി 30 ദിവസത്തിനുള്ളിൽ നൽകാമെന്ന് രേഖാമൂലം അപേക്ഷിച്ചാൽ നടപടി മാറ്റാം. ബാക്കിത്തുക അടയ്‌ക്കുന്നില്ലെങ്കിൽ, നോട്ടീസ് നൽകി ലേലം ചെയ്യാം.
ലേലം കൊള്ളാൻ മൂന്നുപേർ ഇല്ലെങ്കിൽ മാറ്റിവെക്കണം
സ്വർണത്തിന്റെ ലേല തുക 30 ദിവസത്തെ ശരാശരി വിപണിവിലയുടെ 85 ശതമാനത്തിൽ കുറയരുത്. ലേലം കൊള്ളാൻ മൂന്നുപേരില്ലെങ്കിലും മാറ്റിവയ്‌ക്കണം. രണ്ടുതവണ മാത്രമേ മാറ്റാൻ പാടുള്ളൂ. മൂന്നാംതവണ സംഘത്തിന് ലേലം ഉറപ്പിക്കാം. കൃത്യവിലോപത്തിൽ ഉണ്ടാകുന്ന നഷ്ടങ്ങളിൽ ചീഫ് എക്‌സിക്യൂട്ടീവിനൊപ്പം ഭരണസമിതിയും ഉത്തരവാദിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.