കടലിൽ കാണാതായത് 60 പേരെ; 24 പേരെ രക്ഷിച്ചു
text_fieldsഅറബിക്കടലിൽ മോശം കാലാവസ്ഥയിൽ അകപ്പെട്ട് കേരള തീരത്തുനിന്ന് 60 മത്സ്യത്തൊഴിലാളികളെ കാണാതായി. 24 പേരെ രക്ഷപ്പെടുത്തി. 36 പേർക്കായി തിരച്ചിൽ തുടരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലായി 14 മത്സ്യബന്ധന ബോട്ടുകളാണ് കടൽക്ഷോഭത്തിൽ പെട്ടത്. ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലുകളും ഹെലികോപ്ടറുകളും തിരച്ചിലിൽ പങ്കെടുത്തു. മറ്റു മത്സ്യബന്ധന ബോട്ടുകളിൽ പോയവരാണ് ഇവരെ രക്ഷിച്ചത്.
പൊന്നാനി, കായംകുളം, ആലപ്പുഴ, മുനമ്പം, അഴീക്കോട് ഹാർബറുകളിൽനിന്ന് പോയ ബോട്ടുകളാണ് കാണാതായത്. കോസ്റ്റ് ഗാർഡിെൻറ ഡോർണിയർ വിമാനം, ചേതക് ഹെലികോപ്ടർ, കപ്പലുകളായ സമർ, വിക്രം, ആര്യമാൻ, ഇൻറർസെപ്റ്റർ ബോട്ട് സി 144 എന്നിവ തിരച്ചിൽ ഏകോപിപ്പിച്ചു. കോസ്റ്റൽ സർവെയ്ലൻസ് നെറ്റ്വർക്ക് മുഖേന ബോട്ടുകളെ സുരക്ഷിത സ്ഥാനത്തെത്തിച്ചു. മുംബൈ മാരിടൈം റെസ്ക്യു കോഓഡിനേഷൻ സെൻറർ മറ്റു കപ്പലുകൾക്ക് അടിയന്തര സന്ദേശം നൽകിയിരുന്നു.താനൂർ, പൊന്നാനി ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബർ വള്ളങ്ങളും ഒരു ബോട്ടും അപകടത്തിൽപെട്ട് മൂന്നു പേരെ കാണാതായി.
പൊന്നാനി മുക്കാടി സ്വദേശി മദാറിെൻറ വീട്ടിൽ കബീർ (35), താനൂർ സ്വദേശികളായ കെട്ടുങ്ങൽ കുഞ്ഞുമോൻ, കുഞ്ഞാലകത്ത് ഉബൈദ് എന്നിവരാണിവർ. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. കടൽക്ഷോഭത്തിൽ ഫൈബർ വള്ളം രണ്ടായി പിളർന്നു. അഞ്ചു മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു. ബേപ്പൂർ ഭാഗത്തായാണ് വള്ളം അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. സമീപത്തെ ബോട്ടിലുള്ളവരാണ് ഇവരെ രക്ഷിച്ചത്. പിളർന്നുപോയ വള്ളം കോഴിക്കോട് ബീച്ചിൽ കരക്കടിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.