കോവിഡ് നിരക്കിൽ കേരളം മുന്നിൽ; സർക്കാറിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാറിെൻറ ഭരണത്തുടർച്ചക്ക് മുഖ്യകാരണമായ കോവിഡ് പ്രതിരോധ പ്രവർത്തനം തന്നെ ആയുധമാക്കി സർക്കാറിനെ വരിഞ്ഞുമുറുക്കാൻ പ്രതിപക്ഷം. കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് തന്നെ മുന്നിൽനിന്ന് സർക്കാറിനെ കടന്നാക്രമിച്ചിട്ടും കാര്യമായി പ്രതിരോധിക്കാൻ ആരോഗ്യവകുപ്പിനോ മന്ത്രിക്കോ സാധിക്കുന്നില്ല. അതിലെ അപകടം തിരിച്ചറിഞ്ഞാണ് വെള്ളിയാഴ്ച മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും ഉയർന്ന കോവിഡ് രോഗനിരക്ക് കേരളത്തിലാണ്. ദിനംപ്രതിയുള്ള കോവിഡ് മരണങ്ങളുടെ വർധനയും ഭീതിപ്പെടുത്തുന്ന നിലയിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോവിഡ് നിയന്ത്രണ പ്രവര്ത്തനങ്ങളും അതിനായി നടപ്പാക്കിയ തന്ത്രങ്ങളും പാളിയെന്ന് സ്ഥാപിക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നത്. കോവിഡ് നിയന്ത്രണ ചുമതല ചുരുക്കം ഉദ്യോഗസ്ഥരെ ഏൽപിച്ച് സർക്കാർ കാഴ്ചക്കാരായെന്നും അവർ കുറ്റപ്പെടുത്തുന്നു. കോവിഡാനന്തര ചികിത്സക്ക് സർക്കാർ ആശുപത്രികളിൽ ഫീസ് നിശ്ചയിച്ച തീരുമാനവും പ്രതിപക്ഷം ആയുധമാക്കുന്നു.
കോവിഡ് മരണം നിർണയിക്കുന്നതിലെ പിഴവ് ചൂണ്ടിക്കാട്ടി നേരത്തേ സർക്കാറിനെ വെട്ടിലാക്കിയതിനു പിന്നാലെയാണ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചയും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നത്. ഭരണതുടർച്ച ലഭിച്ചതോടെ കോവിഡ് പ്രതിരോധത്തിൽ സർക്കാർ അലംഭാവം കാട്ടുന്നെന്ന് വരുത്തുകയാണ് ഇതിലൂടെ പ്രതിപക്ഷ ലക്ഷ്യം. അവരുടെ വിമർശനങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ ഏറ്റുപിടിച്ചിട്ടും ആരോഗ്യവകുപ്പോ വകുപ്പ് മന്ത്രിയോ വ്യക്തമായ മറുപടി നൽകിയിട്ടില്ല.
അങ്ങനെയാണ് ജനവികാരം സര്ക്കാറിനെതിരാക്കാൻ ചിലർ ശ്രമിക്കുന്നെന്ന് ലേഖനത്തിലൂടെ പ്രതികരിച്ച് മുഖ്യമന്ത്രി രംഗത്തുവന്നത്. എന്നാൽ, കോവിഡ് വിഷയത്തിൽ വസ്തുതപരമായി തങ്ങൾ ചൂണ്ടിക്കാട്ടിയ യഥാർഥ പ്രശ്നങ്ങൾക്കല്ല, മുഖ്യമന്ത്രിയുടെ മറുപടിയെന്നും വിമർശനങ്ങൾക്ക് ലേഖനത്തിലൂടെയല്ല മറുപടി വേണ്ടതെന്നുമാണ് പ്രതിപക്ഷ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.