Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
school uniform
cancel
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് സ്കൂളുകൾ...

സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടച്ചിടും; ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക

text_fields
bookmark_border

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും അടക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഒന്നുമുതൽ ഒമ്പതാം ക്ലാസുകൾ വരെയാണ് അടച്ചിടുക. 10,11,12 ക്ലാസുകൾ തുടരും.

ഈ മാസം 21 മുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും. രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. അതുവരെ ഓൺലൈൻ ക്ലാസുകൾ തുടരും. വിദ്യാർഥികളുടെ കാര്യത്തിൽ രക്ഷിതാ​ക്കളുടെ ആശങ്കകൾ പരിഗണിച്ചാണ് ചെറിയ ക്ലാസുകൾ അടച്ചിട്ട് ഓൺലൈൻ പഠനം തുടരാനുള്ള തീരുമാനം.

ക്ലാസുകൾ അടച്ചിടുന്നത് ഫെബ്രുവരി രണ്ടാം വാരം തുടരണമോയെന്ന് പരിശോധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ രണ്ടാഴ്ചവരെ അടച്ചിടാൻ പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർക്ക് അധികാരം നൽകും.

10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് വാക്സിൻ സ്കൂളിൽ പോയി കൊടുക്കാൻ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾ ഏകോപിച്ച് മുൻകൈയെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

15 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ വിതരണം രാജ്യത്ത് ആരംഭിച്ചിരുന്നു. സംസ്ഥാനത്ത് ഒരാഴ്ചക്കുള്ളിൽ 15 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാറിന്റെ തീരുമാനം.

രാത്രി കർഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സർക്കാർ/സ്വകാര്യ സ്ഥാപനങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായാൽ അതത് സ്ഥാപനങ്ങൾ അടച്ചിടാമെന്നും മേലധികാരികൾക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തിൽ തീരുമാനമായി.

സംസ്‌ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. കോവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കോവിഡ് ജാഗ്രതാ പോർട്ടലിലൂടെ ആരോഗ്യ വകുപ്പ് പോലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകൾക്ക് ലഭ്യമാക്കണം. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ല കലക്ടർമാരോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കും. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.

എല്ലാ വ്യാപാര സ്‌ഥാപനങ്ങളും ഓൺലൈൻ ബുക്കിങ്ങും വിൽപ്പനയും പ്രോത്സാഹിപ്പിക്കണം. മാളുകളിൽ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയിൽ 25 സ്ക്വയർ ഫീറ്റിന് ഒരാളെന്ന നിലയിൽ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കുകയും ചെയ്യണം. ഇത് ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.

കോവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ ശബരിമലയിൽ ജനുവരി 16 മുതൽ നേരത്തെ ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് സന്ദർശനം മാറ്റി വെയ്ക്കാൻ അഭ്യർഥിച്ച് സന്ദേശം അയക്കാൻ ബന്ധപ്പെട്ട വകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം ചർച്ചയിലൂടെ നിശ്ചയിക്കും.

ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ആവശ്യമായ മുൻകരുതലുകൾ എടുക്കുന്നുണ്ട്. ജില്ലകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ വാർഡ് തല സമിതികളുടെ സഹകരണം അനിവാര്യമാണെന്നും യോഗത്തിൽ വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19School
News Summary - Kerala Covid 19 Schools Shut Again
Next Story