കോവിഡ് മരണം: അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കും, സംസ്ഥാനത്ത് പുതിയ മാർഗനിർദേശങ്ങളിറക്കി ആരോഗ്യവകുപ്പ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെയും ഐ.സി.എം.ആറി.ന്‍റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളിറക്കിയത്.
മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കത്തക്ക വിധമമാണ് മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കിയത്. അര്‍ഹരായ എല്ലാവര്‍ക്കും പ്രയോജനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോവിഡ് 19 മരണ നിര്‍ണയ സമിതി (സി.ഡി.എ.സി) രൂപീകരിക്കും. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് (അഡീഷണല്‍ ജില്ലാ കലക്ടര്‍), ജില്ലാ മെഡിക്കല്‍ ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍/ ജില്ലാ സര്‍വൈലന്‍സ് മെഡിക്കല്‍ ഓഫീസര്‍ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവി (ജില്ലയില്‍ മെഡിക്കല്‍ കോളേജ് ഇല്ലെങ്കില്‍ ഡി.എസ്.ഒ (നോണ്‍ കോവിഡ്) പരിഗണിക്കും), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ധനോ ഉള്‍പ്പെട്ടവര്‍ ചേര്‍ന്നതാണ് ജില്ലാ മരണ നിര്‍ണയ സമിതി.
കോവിഡ് മരണം സബന്ധിച്ചുള്ള ആവശ്യത്തിനായി ഇ-ഹെല്‍ത്ത് ഡെത്ത് ഇന്‍ഫോ വെബ്‌സൈറ്റ് (https://covid19.kerala.gov.in/deathinfo/) സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനം പ്രഖ്യാപിക്കുന്ന കോവിഡ് മൂലം മരിച്ചവരുടെ പേര് വിവരം ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കാം. മാത്രമല്ല ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കോവിഡ് മരണ രേഖയില്‍ തിരുത്തലുകള്‍ വരുത്താനും സാധിക്കും. ഓണ്‍ലൈനിലൂടെ തന്നെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുന്നതും. ഒക്‌ടോബര്‍ 10 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
നേരത്തെ മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും ആവശ്യമെങ്കില്‍ പുതിയ രീതിയിലുള്ള കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന മരണ രജിസ്‌ട്രേഷന്‍ നമ്പര്‍ അവര്‍ ഓണ്‍ലൈനായി നല്‍കണം.
ലഭിക്കുന്ന അപേക്ഷകള്‍ വിശദമായ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക കോവിഡ് 19 മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. ഇത് സംസ്ഥാന ചീഫ് രജിസ്ട്രാര്‍, ജനന മരണ രജിസ്ട്രാര്‍ എന്നിവരെ അറിയിക്കും. ലഭിക്കുന്ന അപേക്ഷകള്‍ 30 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കുന്നതാണ്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് ജില്ലകള്‍ക്ക് ഇതുസംബന്ധിച്ച് പരിശീലനം നല്‍കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.