കോവിഡ് കണക്കിൽ കുതിച്ച് കേരളം
text_fieldsകൊച്ചി: ജാഗ്രത കൈവിട്ടതോടെ സംസ്ഥാനത്ത് വീണ്ടും അതിവ്യാപനമായി കോവിഡ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും കോവിഡ് മുക്തിയിലേക്ക് കടന്നിരിക്കെയാണ് കേരളത്തിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും ആകെ രോഗികളുടെ എണ്ണവും ഏറ്റവും കൂടുതൽ കേരളത്തിലാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും കർണാടകയുമാണ്. സംസ്ഥാനത്ത് ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.48 ആണ്. ദേശീയ ശരാശരി രണ്ടിൽ താഴെമാത്രമാണ്. ദിവസേനയുള്ള മരണനിരക്കും കുറയുന്നില്ല. ആറുമാസത്തിലേറെയായി 25നും 30നുമിടയിൽ മരണം സ്ഥിരീകരിക്കുകയാണ്.
ആശങ്കയൊഴിഞ്ഞു എന്നവിധത്തിൽ സ്കൂളുകൾ ഉൾെപ്പടെ എല്ലാം തുറന്നത് വലിയ തിരിച്ചടിയായെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മാർഗങ്ങൾ ജനങ്ങളും കൈവിട്ട അവസ്ഥയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോവിഡ് കണക്ക് ഉയരുമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നാണ് പൊതുജനാരോഗ്യവിഭാഗം അഡീഷനൽ ഡയറക്ടർ ഡോ. ശ്രീദേവി പറയുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെക്കാൾ പത്തിരട്ടിയോളമാണ് കേരളത്തിലെ കോവിഡ് കണക്കുകൾ.
ഇതിനു പുറമെ ജനിതകമാറ്റം സംഭവിച്ച മറ്റ് വകഭേദവും പല ജില്ലകളിലും റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ചികിത്സയിലുള്ളവരുടെ എണ്ണവും രാജ്യത്ത് കൂടുതൽ കേരളത്തിലാണ്. 72,891 പേർ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്. പ്രതിദിന രോഗികളുടെ എണ്ണം പലദിവസങ്ങളിലും 1000 കടന്നു. മൂന്നാഴ്ചക്കിടെ 18,000ത്തോളം രോഗബാധിതരും 59 മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിടിച്ചുനിർത്താനായി എന്നാണ് ആരോഗ്യവകുപ്പ് അവകാശപ്പെടുന്നത്. എന്നാൽ, മറ്റ് രോഗങ്ങളുണ്ടായിരുന്ന കോവിഡ് ബാധിതരുടെ മരണം കണക്കിൽപെടുത്താത്തതാണ് മരണനിരക്ക് കുറഞ്ഞിരിക്കാൻ കാരണമെന്നും ആക്ഷേപമുണ്ട്. അതുകൂടി കൂട്ടുകയാണെങ്കിൽ പതിനായിരത്തിലേറെ മരണങ്ങൾ സംഭവിച്ചുകഴിഞ്ഞു എന്നാണ് പറയപ്പെടുന്നത്. കോവിഡ് വ്യാപനമുണ്ടാകുമ്പോഴും പരിശോധനകളുടെ എണ്ണം ഒരു ലക്ഷത്തിലേക്കെങ്കിലും വർധിപ്പിക്കാത്തതും വിമർശനമുയർത്തുന്നു.
മരണസംഖ്യ ഇതുവരെ 3607
തിരുവനന്തപുരം -725
കൊല്ലം -255
പത്തനംതിട്ട -79
ആലപ്പുഴ -286
കോട്ടയം -178
ഇടുക്കി -31
എറണാകുളം -364
തൃശൂർ -379
പാലക്കാട് -166
മലപ്പുറം -375
കോഴിക്കോട് -368
വയനാട് -65
കണ്ണൂർ -244
കാസർകോട് -92
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.