രാഷ്ട്രീയ ആരോപണത്തെ വികസന രാഷ്ട്രീയം കൊണ്ട് നേരിടാൻ സി.പി.എം
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് മുൻനിർത്തി പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ സർക്കാറിെൻറ വികസനനേട്ടംകൊണ്ട് പ്രതിരോധിക്കാൻ സി.പി.എം. ഒപ്പം സർക്കാറിെനതിരെ കോൺഗ്രസും ബി.ജെ.പിയും ഒത്തുകളിക്കുന്നുവെന്ന പ്രചാരണം ശക്തമാക്കാനും സി.പി.എം സംസ്ഥാന സമിതി തീരുമാനിച്ചു.
വിവാദങ്ങൾക്ക് മുന്നിൽ വികസനപദ്ധതികളിൽനിന്ന് പിന്മാറരുതെന്ന അഭിപ്രായമാണ് സമിതിയിൽ ഉയർന്നത്. സർക്കാറിെൻറ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് പ്രതിപക്ഷം വിവാദം ഉയർത്തുന്നത്. വികസനം തടയുകയാണ് അവരുടെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കണം.
അതിനുപിന്നാലെ പോകാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയാണ് വേണ്ടതെന്ന് സംസ്ഥാനസമിതി സർക്കാറിനോട് നിർദേശിച്ചു. വികസനം ആവശ്യപ്പെടുന്നവരും വികസനവിരുദ്ധരും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന പ്രചാരണം നടത്താനും തീരുമാനിച്ചു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം സംസ്ഥാനത്തിെൻറ സാമ്പത്തികവളർച്ച, യു.ഡി.എഫുമായി തുലനം ചെയ്ത് വിശദീകരിക്കും.
കോൺഗ്രസിെൻറയും ബി.ജെ.പിയുടെയും നിലപാട് തുറന്നുകാട്ടും. രാമക്ഷേത്രവിഷയത്തിലടക്കം മൃദുഹിന്ദുത്വസമീപനവുമായി കോൺഗ്രസ് ആർ.എസ്.എസിെൻറ തീവ്രഹിന്ദുത്വത്തോട് മത്സരിക്കുന്നു. രാമക്ഷേത്രത്തിന് ശിലയിട്ട് പ്രധാനമന്ത്രി നടത്തിയത് സുപ്രീംകോടതിവിധിയുടെ ലംഘനമാണ്.
ക്ഷേത്രനിർമാണം ട്രസ്റ്റ് നടത്തണമെന്ന നിർദേശം ലംഘിച്ചാണ് ഗവർണറുടെയും യു.പി മുഖ്യമന്ത്രിയുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി ശിലയിട്ടത്. കോൺഗ്രസ് ബി.ജെ.പിയെ ഇക്കാര്യത്തിൽ എതിർക്കുന്നില്ല എന്നതടക്കം ജനങ്ങൾക്കിടയിൽ വിശദീകരിക്കും.
ആഗസ്റ്റ് 20 മുതൽ 26 വരെയായി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്ത പ്രക്ഷോഭത്തിെൻറ ഭാഗമായി 23ന് പാർട്ടി അംഗങ്ങളും അനുഭാവികളും വീടുകളിൽ വൈകീട്ട് നാല് മുതൽ 4.30വരെ പ്ലക്കാർഡുമേന്തി സത്യഗ്രഹമിരിക്കും. പാർട്ടി ഓഫിസുകളിലും സത്യഗ്രഹമുണ്ടാകും. സംസ്ഥാനത്താകെ 20 ലക്ഷം പേരെ ഇത്തരത്തിൽ പ്രക്ഷോഭത്തിൽ അണിനിരത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.