നെൽകർഷകരുടെ പ്രോൽസാഹന തുക വെട്ടിക്കുറച്ച് കേരളം; കേന്ദ്രവിഹിതം കൂട്ടിയതിന്‍റെ മറവിലാണ് സംസ്ഥാന വിഹിതം കുറച്ചത്
text_fieldsതൃശൂർ: കേന്ദ്ര സർക്കാറിന് എതിരായ കർഷക സമര വിജയത്തിൽ ആഹ്ലാദിക്കുന്ന വേളയിൽ കർഷകദ്രോഹ നടപടിയുമായി കേരളം. നെൽകർഷകന് നൽകിയിരുന്ന പ്രോത്സാഹന തുക കേരളം കുറച്ചു. സംഭരണ വിലയിൽ കേന്ദ്രം ക്വിൻറലിന് 72 രൂപ കൂട്ടിയപ്പോഴാണ് സംസ്ഥാനം 20 രൂപ കുറച്ചത്. കൃഷി പ്രോത്സാഹനത്തിനായി വിവിധ പദ്ധതികളുടെയും പഠനങ്ങളുടെയും കാമ്പയിനുകളുടെയും പേരിൽ കോടികൾ ചെലവിടുമ്പോഴാണ് കർഷകന് തിരിച്ചടിയായ തീരുമാനം.
നെല്ല് സംഭരണത്തിന് കിലോക്ക് കേന്ദ്ര വിഹിതം 18.68 രൂപയും സംസ്ഥാന വിഹിതം 8.80 രൂപയുമായിരുന്നു. ഇങ്ങനെ 27.48 രൂപയാണ് കർഷകന് ലഭിച്ചിരുന്നത്. ഉൽപാദനച്ചെലവ് കണക്കാക്കി കിലോക്ക് 72 പൈസ (ക്വിൻറലിന് 72 രൂപ) വർധിപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. ഇതോടെ 28.20 രൂപയാണ് കർഷകന് കിലോക്ക് ലഭിക്കേണ്ടത്. എന്നാൽ, വില ക്രമീകരിക്കുന്നുവെന്ന പേരിൽ കിലോക്ക് 20 പൈസ കുറച്ച് 28 രൂപയായി കേരളം നിശ്ചയിക്കുകയായിരുന്നു. ക്വിൻറലിന് 20 രൂപയുടെ നഷ്ടമാണ് ഇതുമൂലം കർഷകനുണ്ടാവുന്നത്.
കേന്ദ്രം തുക വർധിപ്പിക്കുന്ന സാഹചര്യത്തിൽ ആനുപാതികമായ വർധനയാണ് സംസ്ഥാനം വരുത്തേണ്ടതെന്നിരിക്കെ നിലവിൽ ലഭിക്കേണ്ട തുകയിൽനിന്ന് വെട്ടിക്കുറക്കുകയാണ് ചെയ്തത്. ഉൽപാദനച്ചെലവിെൻറ തോത് കണക്കാക്കിയാണ് സംഭരണ വില കേന്ദ്രം കണക്കാക്കുന്നത്. കേരളത്തിനാകട്ടെ വില നിർണയ കമീഷനോ സമിതികളോ ഇല്ല. ഉദ്യോഗസ്ഥരാണ് ഇത് തീരുമാനിക്കുന്നത്.
കർഷകരോട് ചെയ്യുന്ന ചതി -കെ.കെ. കൊച്ചുമുഹമ്മദ്
വിഹിതം വെട്ടിക്കുറച്ച നടപടി കർഷകദ്രോഹവും ചതിയുമാണെന്ന് കോൾ കർഷക സംഘം പ്രസിഡൻറ് കെ.കെ. കൊച്ചുമുഹമ്മദ്. കടുത്ത പ്രതിസന്ധിയിലൂടെയാണ് കാർഷിക മേഖലയും കർഷകരും കടന്നുപോകുന്നത്. കർഷകരെ കൃഷി മേഖലയിൽ ഉറപ്പിച്ചുനിർത്താൻ ആവശ്യമായ പദ്ധതികളും സഹായവും ഒരുക്കുന്നതിന് പകരം, ലഭിക്കുന്നതിൽനിന്ന് പിടിച്ചുവാങ്ങുന്നത് ക്രൂരതയാണ്. സർക്കാറിനെതിരെ കർഷക പ്രതിഷേധമുയരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.