ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കെ.ബി മോഹൻദാസ് നാളെ ചുമതലയേൽക്കും
text_fieldsതിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായി അഡ്വ. കെ.ബി മോഹൻദാസും അംഗമായി ബി വിജയമ്മയും വ്യാഴാഴ്ച ചുമതലയേൽക്കും. സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ശ്രുതി ഹാളിൽ 12ന് നടക്കുന്ന ചടങ്ങിൽ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പങ്കെടുക്കും. ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം.ജി രാജമാണിക്യം സത്യവാചകം ചൊല്ലിക്കൊടുക്കും.
ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കെ.ബി മോഹൻദാസ് തൃശൂർ സ്വദേശിയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിനിയാണ് വിജയമ്മ. വിവിധ ദേവസ്വം ബോർഡുകളിലെയും ക്ഷേത്രങ്ങളിലെയും നിയമന നടപടികൾ സമയബന്ധിതമായി സംവരണവും സാമൂഹ്യ നീതിയും പാലിച്ച് നടത്തുകയാണ് ബോർഡിന്റെ ചുമതല.
ബോർഡ് രൂപീകരിച്ച ശേഷം നാളിതു വരെ 94 തസ്തികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് 81 തസ്തികകളിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 1389 പേർക്ക് നിയമന ശിപാർശ നൽകി. ദേവസ്വം ബോർഡ് നിയമനങ്ങളിൽ ആദ്യമായി സംവരണം ഏർപ്പെടുത്തിയത് ബോർഡ് നിലവിൽ വന്ന ശേഷമാണ്.
ഇന്ത്യയിൽ ആദ്യമായി മുന്നാക്കക്കാരിലെ പിന്നാക്ക സംവരണം നടപ്പാക്കിയതും കേരളത്തിലെ ദേവസ്വം ബോർഡുകളിലെ നിയമനത്തിലാണ്. ചെയർമാനും അംഗവും ചുമതലയേൽക്കുന്നതോടെ ദേവസ്വം ബോർഡുകളിലെ നിയമന നടപടികൾ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.