മുല്ലപ്പെരിയാർ ഡാമിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ സംഘം പരിശോധിക്കണമെന്ന് കേരളം സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സംബന്ധിച്ച വിഷയത്തിൽ കേരളം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. അണക്കെട്ടിന്‍റെ സുരക്ഷ അന്താരാഷ്ട്ര വിദഗ്ധരടങ്ങിയ സംഘം പരിശോധിക്കണമെന്നും വിദഗ്ധ സംഘത്തിന്‍റെ പരിഗണനാ വിഷയങ്ങൾക്ക് മേൽനോട്ട സംഘത്തിന്‍റെ അംഗീകാരം വേണമെന്നും സത്യവാങ്മൂലത്തിൽ കേരളം ആവശ്യപ്പെട്ടു. അണക്കെട്ടിനെ സംബന്ധിച്ച കേസിന്‍റെ അവസാനവാദം സുപ്രീംകോടതിയിൽ നടക്കാനിരിക്കെയാണ് കേരളം പുതിയ സത്യവാങ്മൂലം സമർപ്പിച്ചത്.
2010-11 കാലയളവിലാണ് അവസാനമായി അണക്കെട്ടിന്‍റെ സുരക്ഷ പരിശോധിച്ചത്. 2014ൽ സുപ്രീംകോടതി റൂൾ കർവുമായി ബന്ധപ്പെട്ട് ഇറക്കിയ ഉത്തരവിൽ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ക്രമീകരിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് പ്രദേശത്ത് രണ്ട് പ്രളയങ്ങളും നിരവധി ഭൂചലനങ്ങളും ഉണ്ടായത്. ഇവയെല്ലാം അണക്കെട്ടിന്‍റെ സുരക്ഷയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി.
അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് കാലാവസ്ഥാ വ്യതിയാനം മൂലം മഴ ശക്തമാകുകയും ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് അണക്കെട്ടിന്‍റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഇതിനായി അന്താരാഷ്ട്ര വിദഗ്ദരടങ്ങുന്ന സംഘത്തെ നിയോഗിക്കണമെന്നും കേരള സർക്കാർ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. കേരളം സുപ്രീംകോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ച സാഹചര്യത്തിൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് രംഗത്തെത്തിയിരുന്നു.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ക്രമീകരിക്കാൻ അനുമതി നൽകിയ 2014ലെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം നേരത്തെ സുപ്രീംകോടതിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. നിലവിൽ അണക്കെട്ട് വലിയ സുരക്ഷാ ഭീഷണികൾ നേരിടുന്നുണ്ടെന്നും പുതിയ ഡാം നിർമ്മിക്കാൻ അനുവാദം നൽകണമെന്നും 126 വർഷം പഴക്കമുള്ള അണക്കെട്ടിന്‍റെ ആയുസ് നീട്ടാൻ കഴിയില്ലെന്നും കേരളം ചൂണ്ടിക്കാട്ടിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.