അവസാനം നൽകിയത് 2020ൽ; കേരളത്തിന് കേന്ദ്രത്തിന്റെ ‘കാംപ’ ഫണ്ടുമില്ല
text_fieldsകൊച്ചി: കേരളത്തിനുള്ള കഴിഞ്ഞ വർഷങ്ങളിലെ പരിഹാര വനവത്കരണ ഫണ്ടും (കാംപ-കോംപൻസേറ്ററി അഫോറസ്റ്റേഷൻ ഫണ്ട് മാനേജ്മെന്റ് ആൻഡ് പ്ലാനിങ് അതോറിറ്റി) നൽകാതെ പിടിച്ചുവെച്ച് കേന്ദ്രസർക്കാറിന്റെ അവഗണന. വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ഈടാക്കുന്ന നഷ്ടപരിഹാരത്തുകയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കാംപ അതോറിറ്റി വിവിധ സംസ്ഥാനങ്ങൾക്കായി വിതരണം ചെയ്യുന്നത്. എന്നാൽ, കഴിഞ്ഞ മൂന്നു വർഷമായി കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾക്ക് പരിഹാര വനവത്കരണ ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് വിവരാവകാശരേഖ വ്യക്തമാക്കുന്നു. 2019-20 കാലയളവിലാണ് കേരളത്തിന് അവസാനമായി 81.59 കോടി കാംപ ഫണ്ട് അനുവദിച്ചത്. 2020-21, 21-22, 22-23 കാലയളവിൽ ഒരു രൂപപോലും അനുവദിച്ചിട്ടില്ല. വനം, വന്യജീവി സംരക്ഷണം. വനവത്കരണം തുടങ്ങിയ പ്രവർത്തനങ്ങൾക്കായാണ് കാംപ ഫണ്ട് ചെലവഴിക്കുന്നത്.
2019-20ൽ വിവിധ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി 47,855 കോടി കാംപ അതോറിറ്റി അനുവദിച്ചപ്പോൾ 2022-23ൽ വെറും 444 കോടിയായി ഇത് കുറഞ്ഞു. 2020-21 കാലത്ത് 621 കോടി, 21-22 കാലത്ത് 2846 കോടി എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങൾക്കായി ഫണ്ട് അനുവദിച്ചത്. 2019-20ൽ മിക്ക സംസ്ഥാനങ്ങൾക്കും 1000 കോടിക്കു മുകളിൽ അനുവദിച്ചപ്പോഴാണ് കേരളത്തിന് വെറും 81 കോടി നൽകിയത്. നാലു വർഷത്തിനിടെ ഏറ്റവും കുറവ് ഫണ്ട് ലഭിച്ച സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനമായ ഗോവക്ക് പോലും ഇതേ വർഷം 238 കോടി നൽകി. ഒഡിഷ -5933, ഛത്തിസ്ഗഢ് -5791, മധ്യപ്രദേശ്-5196 തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് ഈ വർഷം ഏറ്റവുമധികം തുക അനുവദിച്ചത്.
വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാല കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു സമർപ്പിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിലാണ് ഫണ്ട് വിതരണത്തിന്റെ കണക്കുകൾ വിശദമാക്കുന്നത്. സംസ്ഥാനത്തിന്റെ റേഷൻ വിഹിതം ഉൾപ്പെടെ പല കേന്ദ്ര ഫണ്ടുകളും ഓരോ വർഷവും വെട്ടിക്കുറക്കുന്ന നടപടിയിൽ പ്രതിഷേധമുയരുമ്പോഴാണ് പുതിയ ഫണ്ട് ചുരുക്കലുകളുടെ വിവരങ്ങൾ പുറത്തുവരുന്നത്.
തുക ലഭിക്കാത്ത മറ്റു സംസ്ഥാനങ്ങൾ
ഹരിയാന, ഹിമാചൽപ്രദേശ്, ഗോവ, ഗുജറാത്ത്, ഝാർഖണ്ഡ്, കർണാടക, മേഘാലയ, മിസോറം, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയാണ് കേരളത്തെ കൂടാതെ കഴിഞ്ഞ മൂന്നു വർഷമായി തുക ലഭിക്കാത്ത മറ്റു സംസ്ഥാനങ്ങൾ. എന്നാൽ, ഈ സംസ്ഥാനങ്ങൾക്കെല്ലാം അവസാനമായി 100 കോടി മുതൽ 1800 കോടിവരെ നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.