അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രം: സ്വകാര്യമേഖലക്കും അനുമതി, പരിശീലനം കഴിഞ്ഞ് പരീക്ഷയില്ലാതെ ഡ്രൈവിങ് ലൈസൻസ്
text_fieldsതൃശൂർ: റോഡ് പരീക്ഷയില്ലാതെ ഡ്രൈവിങ് ലൈസൻസ് നൽകുന്ന പരിശീലന കേന്ദ്രങ്ങൾ സ്വകാര്യമേഖലക്കും തുറന്നുകൊടുക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയ വിജ്ഞാപനം. കഴിഞ്ഞദിവസം കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾ ഭേദഗതി ചെയ്ത് റോഡ് ട്രാൻസ്പോർട്ട്- ഹൈവേ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ കേന്ദ്രസർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസികൾക്ക് അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തുടങ്ങാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതുപ്രകാരം റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് നടത്തുന്ന ഡ്രൈവിങ് ലൈസൻസ് പരീക്ഷ വൈകാതെ ഇല്ലാതാകും.
പകരം നിശ്ചിത മാനദണ്ഡങ്ങളോടെ പ്രവർത്തിക്കുന്ന അംഗീകൃത പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം കഴിഞ്ഞ് റോഡ് പരീക്ഷയില്ലാതെ ഡ്രൈവിങ് ലൈസൻസ് നേടാം. മോട്ടോർ സൈക്കിൾ, ഓട്ടോറിക്ഷ, കാർ എന്നിവക്കായി പരിശീലനകേന്ദ്രം തുടങ്ങാൻ കുറഞ്ഞത് ഒരേക്കർ സ്ഥലം അപേക്ഷിക്കുന്ന ആളുടെ പേരിലോ പാട്ടത്തിനെടുത്ത ഭൂമിയായോ വേണമെന്ന് ചട്ടത്തിൽ പറയുന്നു. ഹെവി വാഹനങ്ങൾക്ക് ലൈസൻസ് നൽകാനുള്ള കേന്ദ്രമാണെങ്കിൽ രണ്ട് ഏക്കർ സ്ഥലം വേണം.
ബയോമെട്രിക് ഹാജർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, കുറഞ്ഞത് ഒരു ഓട്ടോറിക്ഷ, കാർ, രണ്ട് ക്ലാസ് റൂം എന്നിവ നിർബന്ധമാണ്. കോഴ്സിെൻറ ദൈർഘ്യം പരമാവധി നാല് ആഴ്ച. ഇതിനുള്ളിൽ 29 മണിക്കൂറാണ് പരിശീലനം. കാറിന് തിയറി എട്ട് മണിക്കൂറും പ്രാക്ടിക്കൽ കുറഞ്ഞത് 21 മണിക്കൂറും വേണം. ഹെവി വാഹനങ്ങൾക്ക് തിയറി 16 മണിക്കൂറും പ്രാക്ടിക്കൽ 22 മണിക്കൂറും. ചട്ടങ്ങൾ ജൂൈലയിൽ നിലവിൽ വരും. നിലവിൽ മലപ്പുറം എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് റിസർച് സെൻററിലെ കോഴ്സ് പൂർത്തിയാവുന്നവർക്ക് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ലൈസൻസ് നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.