‘പ്രണയ സര്‍ക്കുലര്‍’ വിവാദത്തില്‍; വിദ്യാഭ്യാസ വകുപ്പ് ഉറച്ചുതന്നെ
text_fieldsപാലക്കാട്: സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ ‘പ്രണയം’ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കില്ളെന്ന് സൂചന. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള നിരവധി സംഘടനകള്‍ ബന്ധപ്പെട്ടവരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കുലറില്‍ പുനര്‍ചിന്തനം ഉണ്ടായേക്കില്ല എന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍നിന്ന് ജില്ല കലക്ടര്‍ വഴി ലഭിച്ച നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഫെബ്രുവരി 10ന് പുറത്തിറക്കിയത്. ഇന്‍റലിജന്‍സ് എ.ഡി.ജി.പി വഴി കലക്ടര്‍ക്ക് ലഭിച്ച നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്‍ ചാര്‍ജ് രവികുമാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. പെണ്‍കുട്ടികള്‍ ചതിയില്‍ പെടാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണ് സര്‍ക്കുലര്‍. വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരിലുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്. വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് സര്‍ക്കുലറെന്നും ബാലിശമായ പ്രണയമെന്നൊക്കെ പറയുന്നത് എന്തിന്‍െറ മാനദണ്ഡത്തിലാണെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
‘പെണ്‍കുട്ടികളോട് പ്രേമം നടിച്ച് വശീകരണം-ബോധവത്കരണം നടത്തുന്നത് സംബന്ധിച്ച്’ എന്ന വിഷയ സൂചികയുമായാണ് സര്‍ക്കുലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മൂന്ന് കാര്യങ്ങളാണ് സര്‍ക്കുലറില്‍ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തെകുറിച്ച് ഹൈസ്കൂള്‍ തലത്തില്‍ പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലര്‍മാര്‍ മുഖേന ബോധവത്കരണ ക്ളാസ് നടത്തണം, പി.ടി.എ മീറ്റിങ്ങുകളില്‍ രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നടത്തുക, ബാലിശമായ പ്രേമങ്ങളില്‍ അകപ്പെടാതിരിക്കാന്‍ അവബോധം സൃഷ്ടിക്കാനായി ഹ്രസ്വ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക എന്നിവയാണ് സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍. ഇവ സ്കൂളുകളില്‍ നടപ്പാക്കാനുള്ള നടപടി ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാര്‍ സ്വീകരിക്കണം. പ്രധാന അധ്യാപകരെ ചുമതലപ്പെടുത്തണമെന്നും നടപ്പാക്കിയതിന്‍െറ റിപ്പോര്‍ട്ട് അയച്ച് തരാന്‍ ആവശ്യപ്പെടണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കുലറിനെ നിശിതമായി വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് മണ്ഡലം പ്രസിഡന്‍റ് ബോബന്‍ മാട്ടുമന്ത അടക്കമുള്ളവര്‍ അയച്ച കുറിപ്പുകള്‍ വിദ്യാഭ്യാസ മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, വിമര്‍ശനങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ ഉറച്ച നിലപാടിലാണ്. വിദ്യാഭ്യാസ മേഖലയില്‍ അടുത്തകാലത്തായി നാമ്പെടുത്ത ചീത്ത പ്രവണതകള്‍ ഇല്ലാതാക്കുന്നതിന് ഇത്തരം ബോധവത്കരണം ആവശ്യമാണെന്ന വിദഗ്ധ റിപ്പോര്‍ട്ടിന്‍െറ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കുലറെന്ന് പറയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.