തുടർഭരണത്തിൽ പിണറായിക്ക് കൂട്ടായി ഇനി മരുമകനും; മാണിയുടെ മകനും മരുമകനും രക്ഷയില്ല
text_fieldsതിരുവനന്തപുരം: 40 വർഷത്തെ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി തുടർ ഭരണത്തിലേറുന്ന പിണറായി വിജയന് 15ാം നിയമസഭയിൽ കൂട്ടായി മരുമകനും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസാണ് ബേപ്പൂരിൽനിന്ന് 29,017 വോട്ടിെൻറ ഭൂരിപക്ഷവുമായി ഇത്തവണ ഇടത് നിരയിലെത്തുന്നത്. 2016ൽ ഇവിടെ നിന്ന് മത്സരിച്ച വി.കെ.സി. മമ്മദ് കോയക്ക് ലഭിച്ചത് 14,363 വോട്ടിെൻറ ഭൂരിപക്ഷമാണ്.
കഴിഞ്ഞ ജൂൺ 15നാണ് മുഖ്യമന്ത്രി പിണറായി വിജയെൻറ മകൾ വീണയെ റിയാസ് വിവാഹം കഴിക്കുന്നത്. 2009ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടുനിന്ന് റിയാസ് മത്സരിച്ചെങ്കിലും കോൺഗ്രസിെൻറ എം.കെ. രാഘവനോട് 838 വോട്ടിന് പരാജയപ്പെടുകയായിരുന്നു.ധർമടത്ത് 49,614 വോട്ടിെൻറ കണ്ണഞ്ചിപ്പിക്കുന്ന ഭൂരിപക്ഷവുമായാണ് പിണറായി വിജയൻ അഞ്ചാം തവണ കേരള നിയമസഭയിലേക്കെത്തുന്നത്. 1970, 1977, 1991 വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കൂത്തുപറമ്പിൽനിന്നും 1996ൽ പയ്യന്നൂരിനെ പ്രതിനിധീകരിച്ചും നിയമസഭയിലെത്തിയ അദ്ദേഹം 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പ് മന്ത്രിയായിരുന്നു. പിന്നീട് 2016ലാണ് ധർമടത്തുനിന്ന് വീണ്ടും നിയമസഭയിലെത്തുന്നതും മുഖ്യമന്ത്രിയാകുന്നതും.
മാണിയുടെ മകനും മരുമകനും രക്ഷയില്ല
കോട്ടയം: കെ.എം. മാണി സ്ഥിരമായി മത്സരിച്ചിരുന്ന പാലായില്‍ ഇടതിനുവേണ്ടി മകൻ ജോസ് കെ. മാണി മത്സരിച്ചപ്പോൾ മാണിയുടെ മരുമകന് എം.പി. ജോസഫ് തൃക്കരിപ്പൂരില്‍ യു.ഡി.എഫില്‍ ജോസഫ് ഗ്രൂപ്പിെൻറ സ്ഥാനാര്‍ഥിയായാണ് കളത്തിലിറങ്ങിയത്. ഇരുവരെയും വോട്ടർമാർ കൈയൊഴിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർഥിയോട് 26,072 വോട്ടുകൾക്ക് എം.പി. ജോസഫ് അടിയറവ് പറഞ്ഞപ്പോൾ മാണി സി. കാപ്പനോട് 15,378 വോട്ടുകൾക്കാണ് ജോസ് കെ. മാണിക്ക് പരാജയം സമ്മതിക്കേണ്ടിവന്നത്.
13 തവണ കെ.എം. മാണി വിജയിച്ച മണ്ഡലത്തിൽ സ്വന്തം ബൂത്തിൽ പോലും കാപ്പനെ പിന്നിലാക്കാൻ ജോസിനായില്ല. കേരള കോൺഗ്രസ് (എം) ചെയർമാനായ ജോസ് കെ. മാണിക്ക് തോൽവിയോടെ പാർലമെൻററി പാർട്ടി ലീഡർ സ്ഥാനം നഷ്ടമാകും. നിലവിൽ നിയമസഭയിലോ പാർലമെൻറ് അംഗമോ അല്ലാത്തതാണ് കാരണം. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ജോസ് യു.ഡി.എഫിൽനിന്ന് ലഭിച്ച രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. എൽ.ഡി.എഫിന് വീണ്ടും ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തിൽ ജോസ് കെ. മാണി രാജ്യസഭ സീറ്റിനായി വീണ്ടും അവകാശവാദം ഉന്നയിക്കുമോയെന്നാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.