ആർ.എസ്.എസ്-സി.പി.എം വോട്ട് കച്ചവടമെന്ന് കോൺഗ്രസ്; യു.ഡി.എഫിന് തോൽവിയുടെ ചൂടെന്ന് ഐസക്
text_fieldsആലപ്പുഴ: അരൂരിൽ ആർ.എസ്.എസുമായി സി.പി.എം കൈകോർക്കുന്നുവെന്ന് കോൺഗ്രസ്. ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എം. ലിജുവാണ് ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ, ആരോപണത്തിന് മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. യു.ഡി.എഫിന് തോൽവിയുടെ ചൂട് തട്ടിത്തുടങ്ങിയെന്നും അതിനാലാണ് ഈ വെപ്രാളം കാട്ടുന്നതെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
അരൂരിൽ ബി.ജെ.പി നേതാക്കളുടെ വീട് സി.പി.എം നേതാവ് പി. ജയരാജൻ സന്ദർശിച്ചതിൽ ദുരൂഹതയുണ്ടെന്നും ബി.ജെ.പിയുമായി പരസ്യമായി ബാന്ധവത്തിലേർപ്പെടുകയാണ് എൽ.ഡി.എഫ് മന്ത്രിമാരടക്കമുള്ളവരെന്നും ലിജു ആരോപിച്ചിരുന്നു. സന്ദർശനത്തിന്‍റെ ഫേസ്ബുക്ക് ഫോട്ടോയും കോൺഗ്രസ് ഉയർത്തിക്കാട്ടി.
അഖിലേന്ത്യാ തലത്തിൽ സി.പി.എം-ബി.ജെ.പി ഒരൊറ്റ പാക്കേജാണ്. കോന്നി, വട്ടിയൂർക്കാവ്, അരൂർ തുടങ്ങിയ മണ്ഡലങ്ങളിൽ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിലുള്ള രഹസ്യബന്ധം ഉപയോഗപ്പെടുത്തുകയാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
എന്നാൽ, ഇതിന് ശക്തമായ മറുപടിയുമായി മന്ത്രി തോമസ് ഐസക് രംഗത്തെത്തി. രഹസ്യ സന്ദർശനമാണെങ്കിൽ ആരെങ്കിലും ഫോട്ടോ ഫേസ്ബുക്കിലിടുമോയെന്ന് ഐസക് ചോദിച്ചു. സന്ദർശനത്തെകുറിച്ച് പി. ജയരാജൻ കുറിപ്പെഴുതുകയും ഫോട്ടോ ഫേസ്ബുക്കിലിടുകയും ചെയ്തിരുന്നു.
തുറവൂരെ പ്രമുഖ ഗൌഡ സാരസ്വത കുടുംബമായ ജയകുമാറിന്‍റെ വീടാണ് സന്ദർശിച്ചത്. ജയകുമാറിന്‍റെ മകന്‍ ജയപ്രകാശ് അധ്യാപകനും കെ.എസ്.ടി.എ അംഗവുമാണ്. ജയകുമാറിന്‍റെ അച്ഛൻ ഗൗരിയമ്മയുടെയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരുടെയും സുഹൃത്തും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവിയും ആയിരുന്നുവെന്നും ഐസക് പറഞ്ഞു.
ഈയൊരു ഗൃഹസന്ദർശനം ആണ് വോട്ടുകച്ചവടം എന്ന് കോൺഗ്രസുകാർ വക്രീകരിച്ച് അവതരിപ്പിക്കുന്നത്. തോൽവിയുടെ ചൂട് യു.ഡി.എഫിന്‍റെ മൂക്കിൽ തട്ടി തുടങ്ങി എന്ന് വ്യക്തം. അല്ലെങ്കിൽ എന്തിനാണ് ഇത്ര വെപ്രാളമെന്നും തോമസ് ഐസക് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.