ആവേശത്തിൽ എ.കെ.ജി സെൻറർ; ഇന്ദിര ഭവൻ മ്ലാനം
text_fieldsതിരുവനന്തപുരം: ജനവിധിയിൽ മ്ലാനമായി ഇന്ദിര ഭവൻ. നേതാക്കൾ കുറവായിരുെന്നങ്കിലും എ.കെ.ജി സെൻറർ ആവേശത്തിലായിരുന്നു. ഫോേട്ടാ ഫിനിഷിൽ പല മണ്ഡലങ്ങളിലും തോൽവി ഏറ്റുവാങ്ങിയതോടെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ അത് ഇരുട്ടടിയേറ്റ പോലെയായി. നിരാശയുടെ ഈ കാഴ്ചകൾ തന്നെയാണ് ഇന്ദിര ഭവനിലെത്തിയവരിലും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രെൻറ മുഖത്തും പ്രതിഫലിച്ചത്.
ജനവിധിയറിയാൻ രാവിലെ തന്നെ മുല്ലപ്പള്ളിയും ശൂരനാട് രാജശേഖരനും കെ.പി.സി.സി ആസ്ഥാനത്ത് എത്തിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാൽ മറ്റ് പ്രമുഖരായ നേതാക്കൾ ആരുംതന്നെ ഇവിടേക്ക് വന്നില്ല.
ടി.വി ചാനലുകൾ മാറി മാറി നോക്കിയിട്ടും വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന പല മണ്ഡലങ്ങളിലും തിരിച്ചടിയുടെ വാർത്തകൾ മാത്രമായതോടെ കോൺഗ്രസ് ആസ്ഥാനം മൂകമായി. തിരുവനന്തപുരത്തെ പരാജയം നേതാക്കൾക്ക് വലിയ ഷോക്കായി. ജനവിധി അംഗീകരിക്കുെന്നന്നും എന്നാൽ അപ്രതീക്ഷിതമാണെന്നുമുള്ള മുഖവുരയോടെ വൈകുന്നേരം മുല്ലപ്പള്ളി മാധ്യമങ്ങളെ കണ്ടു.
അതേസമയം, എൽ.ഡി.എഫിെൻറ മുന്നേറ്റം വളരെ ആവേശത്തോടെയാണ് എ.കെ.ജി സെൻററിലെത്തിയ നേതാക്കൾ പങ്കുവെച്ചത്. ഫോേട്ടാ ഫിനിഷിൽ പല മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയിച്ചത് ആഹ്ലാദം പടർത്തി. സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള എന്നിവരെ കൂടാതെ മറ്റ് ചില നേതാക്കളും കുറച്ച് പ്രവർത്തകരും മാത്രമായിരുന്നു രാവിലെ എ.കെ.ജി സെൻററിലുണ്ടായിരുന്നത്. ഉച്ചക്കുശേഷം ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ, സംസ്ഥാന സെക്രേട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ തുടങ്ങിയവരെത്തി.
ഏറെ ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നായിരുന്ന നേമത്ത് അവസാന റൗണ്ടിൽ വി. ശിവൻകുട്ടി മുന്നേറ്റം തുടങ്ങിയതോടെ ആവേശം അണപൊട്ടി. 100 സീറ്റിനടുത്തേക്ക് എൽ.ഡി.എഫ് എത്തുന്നുവെന്ന് ചാനലുകളിൽ ഫ്ലാഷ് വന്നതോടെ എ.കെ.ജി സെൻററിന് പുറത്ത് പ്രവർത്തകർ പടക്കം പൊട്ടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.