കേരള എൻജിനീയറിങ് എൻട്രൻസ് ഓൺലൈനാക്കാൻ നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: സംസ്ഥാന എൻജിനീയറിങ് പ്രവേശന പരീക്ഷ (കേരള എൻട്രൻസ്) അടുത്ത വർഷംമുതൽ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിൽ നടത്തുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ മുന്നോടിയായി പ്രവേശന പരീക്ഷ നടത്തിപ്പിന് സാങ്കേതിക സഹായം ലഭ്യമാക്കുന്ന ഏജൻസിയെ ചുമതലപ്പെടുത്തുന്നതിൽ തീരുമാനം തേടി പ്രവേശന പരീക്ഷ കമീഷണർ സർക്കാറിന് കത്ത് നൽകി.
നേരത്തേ സർക്കാർ താൽപര്യപത്രം ക്ഷണിച്ചപ്പോൾ മുൻനിരയിലുണ്ടായിരുന്ന ടാറ്റ കൺസൾട്ടൻസി സർവിസസിനെയോ (ടി.സി.എസ്) സംസ്ഥാന സർക്കാർ ഏജൻസിയായ സി.ഡിറ്റിനെയോ ഏൽപിക്കുന്നതിലാണ് തീരുമാനം വേണ്ടത്. പരീക്ഷാ നടത്തിപ്പിനുള്ള സോഫ്റ്റ്വെയർ സഹായം, വിപുലമായ കമ്പ്യൂട്ടർ സംവിധാനങ്ങളുള്ള പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിക്കൽ, പരീക്ഷാ ദിവസം ഉൾപ്പെടെ സാങ്കേതിക സഹായം ലഭ്യമാക്കൽ തുടങ്ങിയ സൗകര്യങ്ങളാണ് ഏജൻസിയിൽനിന്ന് ലഭിക്കേണ്ടത്. പ്രവേശന പരീക്ഷ കമീഷണറുടെ മേൽനോട്ടത്തിൽ തയാറാക്കുന്ന ചോദ്യപേപ്പറിന്റെ രഹസ്യസ്വഭാവം സംരക്ഷിച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്താനുള്ള സാങ്കേതിക സഹായം പൂർണമായും ഒരുക്കേണ്ടത് ഏജൻസിയാണ്.
സ്വകാര്യ ഏജൻസിയെ പരീക്ഷ നടത്തിപ്പ് ഏൽപിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് താൽപര്യമില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലപാടിൽ ഉറച്ചുനിന്നാൽ സർക്കാർ ഏജൻസി എന്നനിലയിൽ സി.ഡിറ്റിനായിരിക്കും സാധ്യത. നിലവിൽ പ്രവേശന പരീക്ഷ കമീഷണറേറ്റിനുവേണ്ടി എൽഎൽ.ബി, എൽഎൽ.എം, കെ.മാറ്റ് പ്രവേശന പരീക്ഷകൾ നടത്താൻ സാങ്കേതിക സഹായം ഒരുക്കുന്നത് സി.ഡിറ്റാണ്. ഈ പരീക്ഷകൾക്ക് പരമാവധി ഹാജരാകുന്നത് പതിനായിരത്തിൽ താഴെ വിദ്യാർഥികളാണ്.
എന്നാൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കായി അപേക്ഷിക്കുന്നത് ഒരു ലക്ഷത്തിലധികം വിദ്യാർഥികളാണ്. നിലവിൽ പേപ്പർ -പെൻ രീതിയിൽ 340ഓളം കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാകുമ്പോൾ ഒറ്റദിവസം കൊണ്ട് പൂർത്തിയാക്കാനാകില്ല. ഒന്നിലധികം ദിവസമെടുത്ത് നടത്തുന്ന പരീക്ഷക്ക് ജെ.ഇ.ഇ മാതൃകയിൽ വ്യത്യസ്ത ചോദ്യപേപ്പറുകൾ തയാറാക്കേണ്ടിയും വരും. നിലവിൽ മൂന്ന് മണിക്കൂർ വീതം രാവിലെയും ഉച്ചക്ക് ശേഷവുമായി രണ്ട് പേപ്പർ പരീക്ഷയാണ് നടത്തുന്നത്. ഇത് മൂന്ന് മണിക്കൂറുള്ള ഒറ്റ പരീക്ഷയാക്കണമെന്ന് നേരത്തേ സർക്കാർ നിയോഗിച്ച വിദ്ധസമിതി ശിപാർശ ചെയ്തിരുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് വയനാട്, ഇടുക്കി ഉൾപ്പെടെ മലയോര ജില്ലകളിൽ ആവശ്യമായ കേന്ദ്രം ഒരുക്കുന്നതും വെല്ലുവിളിയാണ്.
രാവിലെയും ഉച്ചക്കുശേഷവുമായി 30,000 പേർക്ക് ഒരുദിവസം പരീക്ഷ നടത്തിയാൽപോലും മൂന്ന് മുതൽ നാല് ദിവസം വേണ്ടിവരും പരീക്ഷ നടത്താൻ. ഇതിനുള്ള സാങ്കേതിക സൗകര്യവും പിന്തുണയും ഉറപ്പാക്കാൻ സി.ഡിറ്റിന് കഴിയുമോ എന്നതാണ് ആശങ്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.