അതിർത്തി കടക്കാൻ കഴിയാതെ ആയിരങ്ങൾ വാളയാറിൽ കുടുങ്ങി
text_fieldsവാളയാർ: അതിർത്തി കടക്കാൻ കഴിയാതെ വാളയാറിനപ്പുറം തമിഴ്നാടതിർത്തിയിൽ കുടുങ്ങി നൂറുകണക്കിന് മലയാളികൾ. കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് അതിർത്തിയായ വാളയാർ വരെ എത്തിയ നൂറുകണക്കിന് മലയാളികളാണ് ശനിയാഴ്ച അതിർത്തിക്കപ്പുറം കുടിവെള്ളം പോലും ലഭിക്കാതെ ദുരിതത്തിലായത്.
സമൂഹ മാധ്യമങ്ങളിലടക്കം അനുമതിപത്രമില്ലാതെ കടത്തിവിടുന്നുണ്ടെന്ന പ്രചാരണം വിശ്വസിച്ച് സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ ലോക്ഡൗൺ മാനദണ്ഡപ്രകാരമുള്ള അനുമതിപത്രമില്ലാതെ എത്തിയവരാണ് കുടുങ്ങിയത്. മേയ് മൂന്നിന് അനുമതിപത്രത്തിനായി ഒാൺലൈനിൽ അപേക്ഷ സമർപ്പിച്ചിട്ടും ലഭിക്കാത്തവർ മുതൽ ഒന്നിച്ചപേക്ഷിച്ചിട്ടും ഒരു കുടുംബത്തിൽ ചിലർക്കുമാത്രം പ്രവേശനാനുമതി ലഭിച്ചവർ വരെ ശനിയാഴ്ച വൈകിയും അതിർത്തിക്ക് സമീപം പാതയോരത്ത് നിൽക്കുകയാണ്. ഇതിൽ ഭൂരിഭാഗം ആളുകളും രാവിലെ ആറിന് വാളയാറിലെത്തിയവരാണ്.
വെള്ളിയാഴ്ച അനുമതിയില്ലാതെലെത്തിയ നൂറുകണക്കിന് പേർ വാളയാറിൽ തടിച്ചുകൂടി ബഹളമുണ്ടാക്കുകയും സാമൂഹിക അകലമടക്കം നിർദേശങ്ങൾ ലംഘിക്കുകയും ചെയ്തത് ആശങ്ക സൃഷ്ടിച്ചിരുന്നു.
ശനിയാഴ്ച വാളയാർ അതിർത്തിയിൽ കുടുങ്ങിയ എട്ടംഗ വിദ്യാർഥി സംഘത്തിൽ ഒരുമിച്ച് അപേക്ഷിച്ചിട്ടും മൂന്നുപേർക്ക് മാത്രമാണ് അനുമതി കിട്ടിയത്. ഇവരിൽ അഞ്ചുപേർക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കാനാവാതിരുന്നതോടെ സംഘം വാളയാറിൽ കുടുങ്ങി. അനുമതി വൈകുന്നതിന് പിന്നിൽ സാേങ്കതിക തകരാറുകൾ അടക്കം അധികൃതർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
തമിഴ്നാടടക്കം അന്തർസംസ്ഥാനങ്ങളിൽ കോവിഡ് പടരാൻ തുടങ്ങിയതും അതിർത്തിയോട് ചേർന്ന ജില്ലകൾ റെഡ്സോണായി പ്രഖ്യാപിച്ചതും ആളുകളെ കൂടുതൽ ആശങ്കയിലാക്കുന്നതിനിടെയാണ് വാളയാറിലേക്ക് മലയാളികൾ ഒഴുകുന്നത്. കനത്ത ചൂടിൽ കയറി നിൽക്കാൻ ഇടം പോലുമില്ലാതെ ദുരിതത്തിലാണ് തങ്ങളെന്ന് മലപ്പുറം സ്വദേശി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഹോസ്റ്റലുകളിലും വാടകക്കെട്ടിടങ്ങളിലും താമസിച്ചിരുന്നവർക്ക് കോവിഡ് സാമൂഹിക വ്യാപനം വർധിച്ചതോടെ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. പല ദിവസങ്ങളിലും ഒരു നേരം മാത്രമാണ് ആഹാരം കിട്ടിരുന്നതെന്ന് ഇവർ പറയുന്നു.
പ്രവേശനമില്ല –മന്ത്രി ബാലന്
പാലക്കാട്: വിവിധയിടങ്ങളില്‍ കുടുങ്ങിയവര്‍ കേരളത്തിലേക്ക് എത്തുമ്പോള്‍ സര്‍ക്കാര്‍ നിബന്ധനകളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് മന്ത്രി എ.കെ. ബാലന്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ രണ്ട് ജില്ലകളിലെയും കലക്ടര്‍മാർ നൽകുന്ന പാസുകള്‍ എടുക്കണം. പാസില്‍ പരാമര്‍ശിച്ച സമയത്തും തീയതിയിലുമാണ് യാത്ര ചെയ്യേണ്ടത്. വാളയാറിൽ രേഖകളില്ലാതെ എത്തുന്ന പ്രവണത വര്‍ധിക്കുന്നുണ്ട്. ഇത് പാസെടുത്ത് വരുന്നവരെയും ഉദ്യോഗസ്ഥരെയും ബുദ്ധിമുട്ടിലാക്കും. അനുമതി ലഭിച്ചവരോടൊപ്പം പാസ് ലഭിക്കാത്തവര്‍ വന്നാൽ അനുവദിക്കാനാകില്ല -മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടത്തിവിടില്ല –കലക്ടര്‍
പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാളയാര്‍ വഴി യാത്ര ചെയ്യാന്‍ അംഗീകൃത യാത്രാപാസ് നിര്‍ബന്ധമാണെന്ന് പാലക്കാട് കലക്ടര്‍ ഡി. ബാലമുരളി. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരുടെ കേരളത്തിലേക്കുള്ള യാത്രക്ക് ജില്ല കലക്ടറുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. പാസ് നല്കാൻ സര്‍ക്കാര്‍ മുന്‍ഗണന ഗ്രൂപ് നിര്‍ണയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറ് ചെക്ക്പോസ്റ്റിലെ റോഡ് എന്‍ട്രി പോയൻറുകളിലൂടെയുള്ള യാത്രക്ക് മാത്രമാണ് പാസ് നല്‍കുന്നത്. പാസിന് അപേക്ഷിച്ചിട്ട് ലഭ്യമായില്ലെങ്കില്‍ യാത്ര തുടങ്ങരുതെന്നും ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.