കൃഷിയിൽ ദാമോദരന് പ്രായം വെറും അക്കം മാത്രം
text_fieldsനരിക്കുനി: മണ്ണിൽ അധ്വാനിക്കുന്നതിൽ പ്രായമെന്നത് വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് ദാമോദരൻ. പുന്നശ്ശേരി പാറച്ചാൽ മീത്തൽ ദാമോദരന് 72 വയസ്സായി. കൃഷിക്കായി മണ്ണിലിറങ്ങുന്നതിൽ ഇദ്ദേഹത്തിന് പ്രായമൊരു തടസ്സമേയല്ല. 16ാം വയസ്സിൽ കുടുംബം പുലർത്താനായി തുടങ്ങിയ കൃഷി ഇന്നും തുടരുകയാണ്. ഈ പ്രായത്തിനിടയിൽ എല്ലാ കാലത്തും വ്യത്യസ്ത കാർഷിക വിഭവങ്ങൾ ഇദ്ദേഹം കൃഷി ചെയ്യുന്നു. ഇതിനെല്ലാം പരമ്പരാഗത കൃഷിരീതികളാണ് പിന്തുടരുന്നത്.
പാറച്ചാലിൽ മീത്തലെ രണ്ടര ഏക്കർ സ്ഥലത്തും ചെമ്പക്കോട്ട് വയലിൽ പാട്ടത്തിനെടുത്ത ഒരേക്കറിലുമാണ് സ്ഥിരം കൃഷി നടത്തുന്നത്. നിലവിൽ നേന്ത്രൻ, റോബസ്റ്റ വാഴകളും മരച്ചീനിയും ഇടവിളകളായ ഇഞ്ചി, മഞ്ഞൾ, ചേമ്പ്, കൂർക്കൽ തുടങ്ങിയവയുമാണ് കൃഷി. സ്വന്തമായി തന്നെയാണ് കൃഷിപ്പണികൾ ചെയ്യുന്നത്. തൊഴിലുറപ്പ് ജോലിയിൽ ഇത്തവണ 100 പ്രവൃത്തി പൂർത്തീകരിച്ചിട്ടുണ്ട് ഈ 72കാരൻ. രാവിലെ ഏഴിന് കൃഷിയിടത്തിൽ എത്തിയാൽ വൈകീട്ട് വരെ നീളും.
വേനൽക്കാലത്ത് ഏക്കറുകളോളം സ്ഥലത്ത് പച്ചക്കറികൃഷി നടത്തിവരുന്നു. ദാമോദരന് പഞ്ചായത്തിന്റെ മികച്ച കർഷകനുള്ള അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെങ്കിലും കൃഷിയിൽ പ്രായോഗിക പരിജ്ഞാനം വേണ്ടുവോളം ദാമോദരന് കൈമുതലായുണ്ട്. കൃഷിയിടത്തിൽ എത്തുന്ന മുള്ളൻപന്നി, കാട്ടുപന്നി തുടങ്ങിയവ കാർഷിക വിളകൾക്ക് നാശനഷ്ടം ഉണ്ടാക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇതിന് പരിഹാരം കാണാൻ അധികൃതർ എന്തെങ്കിലും നടപടിയെടുക്കണമെന്നാണ് ഈ കർഷകൻ ആവശ്യപ്പെടുന്നത്. കൃഷിയിൽ പിന്തുണയുമായി ഭാര്യ കാർത്യായനിയും മക്കളും മരുമക്കളുമെല്ലാം ഇദ്ദേഹത്തിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.