കേരള-ഫാർമർ പ്രൊഡ്യൂസർ കമ്പനി പ്രതിനിധികൾ മന്ത്രി പി. പ്രസാദുമായി മുഖാമുഖം നടത്തി
text_fieldsതിരുവനന്തപുരം: കർഷക ഉത്പാദക സംഘടനകളുടെ പ്രതിനിധികൾക്കായി മന്ത്രി പി.പ്രസാദുമായി മുഖാമുഖം നടത്തി. ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ കമ്പനികള്‍ക്ക് വേണ്ടിയുള്ള ദ്വിദിന ശില്പശാലയിലാണ് മുഖാമുഖം നടന്നത്. 13,14 തീയതികളില്‍ ശ്രീകാര്യം മരിയ റാണി സെന്ററില്‍വെച്ച് എസ്. എഫ്. എ. സി. കേരളയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ വിവിധ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചെയർമാൻമാരും, സി.ഇ.ഒമാരും, ആത്മ പ്രൊജക്റ്റ് ഡയറക്ടർമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. കാർഷിക മേഖലയിൽ കർഷക ഉത്പാദക കമ്പനികളുടെ പ്രാധാന്യത്തെപ്പറ്റിയും, എഫ്.പി.ഒ കളുടെ രൂപീകരണത്തിലും നടത്തിപ്പിലും പ്രാദേശികമായി ഉണ്ടാകാറുള്ള പ്രതിസന്ധികളെയും പ്രായോഗികമായ പരിഹാരമാർഗങ്ങളെപ്പറ്റിയും യോഗത്തിൽ ചർച്ചനടത്തി.
കൃഷി വകുപ്പ് പുതുതായി ആരംഭിക്കുന്ന നാവോ-ധാൻ പദ്ധതിയിലൂടെ കാലാകാലങ്ങളായി കൃഷി ചെയ്യാതെ കിടക്കുന്ന കേരളത്തിലെ തരിശു ഭൂമികളെ കാർഷികയോഗ്യമാക്കുന്ന നടപടികളെ കുറിച്ച് കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് വിശദീകരിച്ചു. എഫ്.പി.ഒ കളുടെ രൂപീകരണത്തിൽ കൃഷിക്കൂട്ടങ്ങളുടെ പ്രാധാന്യം എന്ന വിഷയത്തിൽ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി സാബിർ ഹുസൈൻ ചർച്ചാക്ലാസ് നയിച്ചു.
എഫ്.പി.ഒ കളുടെ ശാക്തീകരണത്തിൽ സർക്കാരിന്റെ നയങ്ങൾ എന്ന വിഷയത്തിൽ കൃഷി വകുപ്പിന്റെ പരിപൂർണ പിന്തുണ എഫ്.പി.ഒ പ്രവർത്തനങ്ങളിൽ ഉണ്ടാകും എന്ന് അറിയിച്ച മന്ത്രി പങ്കെടുത്ത 48 പ്രതിനിധികളുമായി മുഖാമുഖം പരിപാടിയിൽ സംവദിച്ചു. എഫ്.പി.ഒ കളുടെ ശാക്തീകരണത്തിലൂടെ മാത്രമേ കാർഷിക ഉൽപ്പന്നങ്ങളുടെ വിപണി മൂല്യം ഉയർത്താൻ കഴിയൂ എന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.
എഫ്.പി.ഒ കൾ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും കാർഷിക പുരോഗതിയിൽ കൂട്ടായ്മ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും പ്രതിനിധികളോട് കൃഷി വകുപ്പ് ഡയറക്ടർ അദീല അബ്ദുള്ള സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.