1600 കോടിയെത്തി; പ്രതിസന്ധിക്ക് നേരിയ ആശ്വാസം
text_fieldsതിരുവനന്തപുരം: ഇന്ധന നികുതിയും ബിവറേജസ് കോർപറേഷനിൽനിന്നുള്ള പണവിഹിതവുമെത്തിയതോടെ കടുത്ത സാമ്പത്തികപ്രതിസന്ധിക്ക് നേരിയ ആശ്വാസം. ട്രഷറി നിയന്ത്രണം കൂടുതൽ കടുപ്പിച്ചതിനൊപ്പം 2,000 കോടി രൂപ ഓവർ ഡ്രാഫ്റ്റ് വഴി സമാഹരിച്ചാണ് കഴിഞ്ഞയാഴ്ച ചെലവുകൾക്കു പണം കണ്ടെത്തിയത്. ശമ്പളമടക്കം ആനുകൂല്യങ്ങൾ നൽകേണ്ട സമയമായിരുന്നതിനാൽ വലിയ ഞെരുക്കത്തിലായിരുന്നു ഈ ദിവസങ്ങൾ. ഇതിനിടയിലാണ് ഇന്ധന നികുതിയായും ബിവറേജസ് കോർപറേഷനിൽനിന്നുള്ള വിഹിതമായും 1,600 കോടി രൂപ ട്രഷറിയിലെത്തിയത്.
സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾക്ക് സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തിയിട്ട് നാലര മാസമായി. ഇതിനിടയിലാണ് ഒരു ലക്ഷം രൂപയിൽ അധികമുള്ള ബില്ലുകൾ ധനവകുപ്പിന്റെ അനുമതിയില്ലാതെ പാസാക്കരുതെന്ന് വാക്കാൽ നിർദേശം നൽകിയിരുന്നത്. ഇന്ധന നികുതിയും ബിവറേജസ് കോർപറേഷൻ വിഹിതവും എത്തിയ സാഹചര്യത്തിൽ വാക്കാൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചേക്കും. അതേസമയം, അഞ്ചുലക്ഷം വരെയുള്ള ബില്ലുകളുടെ കാര്യത്തിൽ വ്യക്തതയില്ല. ഓണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയുടെ പേരിലാണ് 10 ലക്ഷമായിരുന്ന ബിൽ മാറൽ പരിധി അഞ്ചു ലക്ഷമായി ചുരുക്കിയത്.
കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെന്നും ദൈനംദിന ചെലവുകള്‍ക്കുപോലും ബുദ്ധിമുട്ടുന്നതായും കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാർ സാമ്പത്തിക പരാധീനത ആവർത്തിക്കുന്നതിനിടെയാണ് കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന വിഷയത്തിൽ സർക്കാറിനെ വെട്ടിലാക്കി ഗവർണർ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.